ADVERTISEMENT

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന  സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ്  പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. വിപണിയിൽ ഇടപാട് നടത്തിയാൽ നടപടികൾ പൂർത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്.

പണമൊഴുക്ക് തടയാൻ

ഈ രീതിയിലെ സെറ്റിൽമെന്റുള്ള ക്രിപ്‌റ്റോകറൻസി പോലുള്ളവയുമായി മത്സരിക്കുന്നതിന് ഓഹരി വിപണിയിൽ  തൽക്ഷണ സെറ്റിൽമെൻ്റ് അനിവാര്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. വിപണികൾ ഈ ദിശയിലേക്ക് നീങ്ങുന്നില്ലെങ്കിൽ,  ഇവയിൽ നിന്ന്  നിന്ന് ഫണ്ടുകൾ ക്രിപ്റ്റോയിലേക്കും സമാന ആസ്തികളിലേക്കും നീങ്ങാനുള്ള നല്ല സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ പോലുള്ള  അസറ്റ് ക്ലാസുകൾക്ക് രഹസ്യാത്മകത, ടോക്കണൈസേഷൻ, തൽക്ഷണ സെറ്റിൽമെൻ്റ് എന്നിവയുടെ സൗകര്യങ്ങളുമുണ്ട്. ഓഹരി വിപണിയിൽ അറിയപ്പെടാതെ വ്യാപാരം നടത്താനാകില്ലെങ്കിലും, തത്സമയ ഇടപാട് തീർക്കലും ടോക്കണൈസേഷനും കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. ടി+0 രീതിയിൽ ഓപ്‌ഷണലായി ട്രേഡുകളുടെ സെറ്റിൽമെൻ്റ് മാർച്ച് 28-ന് തുടങ്ങും.  

ആദ്യ ഘട്ടത്തിൽ, ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്‌ഷണൽ T+0 സെറ്റിൽമെന്റ് പ്ലാൻ ചെയ്തിട്ടുണ്ട്.  ഫണ്ടുകളുടെയും സെക്യൂരിറ്റികളുടെയും ഇടപാട് അതേ ദിവസം വൈകുന്നേരം 4:30 ന് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ, ഉച്ചകഴിഞ്ഞ് 3.30 വരെ ട്രേഡുകൾക്കായി ഓപ്ഷണൽ ഉടനടി ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെൻ്റ് നടത്തും.

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് ആശങ്ക

സെബി T+2 ൽ നിന്ന് നിലവിലെ T+1 സെറ്റിൽമെൻ്റ് സൈക്കിളിലേക്ക് അതിവേഗം നീങ്ങുകയും ഇപ്പോൾ അതേ ദിവസത്തെ സെറ്റിൽമെൻ്റിലേക്ക് മാറാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ, ചില മേഖലകളിൽ നിന്ന് വിമർശനം ഉണ്ടായിട്ടുണ്ട്. പ്രധാനമായും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഇത് ഇഷ്ടപ്പെടുന്നില്ല .ഈ രീതി വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന  ആശങ്ക അവർ ഉന്നയിച്ചിട്ടുണ്ട്. വ്യാപാര ചെലവുകൾ കൂട്ടുമെന്നാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ മറ്റൊരു ആശങ്ക. എന്നാൽ ഉടനടി ഇടപാട് തീർക്കൽ ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് ഗുണകരമാകുമെന്നാണ് സെബിയുടെ കണക്കു കൂട്ടൽ. ഒരേ ദിവസത്തെ സെറ്റിൽമെൻ്റ് മാർജിൻ ആവശ്യകതകളും, ഡിഫോൾട്ട് റിസ്കും കുറയ്ക്കുമെന്ന് സെബി  പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ സെറ്റിൽമെൻ്റ് സൈക്കിൾ 2002-ൽ T+5-ൽ നിന്ന് T+3 ആയും പിന്നീട് 2003-ൽ T+2 ആയും ചുരുക്കി. 2021-ൽ സെബി ഘട്ടം ഘട്ടമായി T+1 സെറ്റിൽമെൻ്റ് സൈക്കിൾ അവതരിപ്പിച്ചു. അത് പൂർണ്ണമായും നടപ്പിലാക്കിയത്  2023 ജനുവരി മുതലാണ്.

English Summary:

T+0 Trade-Settlement in Share Market Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com