ADVERTISEMENT

ഇലക്റ്ററൽ ബോണ്ട് ആശയക്കുഴപ്പങ്ങളും, സെബി ചെയർപേഴ്സന്റെ പ്രസ്താവനകളും കെണിയൊരുക്കിയ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി രണ്ട് ശതമാനം തകർച്ച നേരിട്ട് മുൻ ആഴ്ചകളിലെ നേട്ടങ്ങൾ നഷ്ടമാക്കി. മുൻ ആഴ്ചയിൽ 22493 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21900 പോയിന്റിലേക്ക് വീണ ശേഷം 22023 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 74000 പോയിന്റിന് മുകളിൽ നിന്ന സെൻസെക്സ് 72643 പോയിന്റിലേക്കും വീണു. 

ഐടി ഒഴികെ മറ്റെല്ലാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ നഷ്ടം കുറിച്ചു. പൊതുമേഖലാ ഓഹരികളും റിയൽറ്റി സെക്ടറും കഴിഞ്ഞ ആഴ്ചയിൽ 9% വീതം വീണപ്പോൾ പൊതു മേഖല ബാങ്കുകൾ 8%വും, മെറ്റൽ എനർജി സെക്ടറുകൾ 6%ൽ കൂടുതലും നഷ്ടം കുറിച്ചു. 

സെബിയുടെ സ്ട്രെസ്സ് ടെസ്റ്റുകൾ  

സെബി അധികാരിയുടെ ‘ഫ്രോത്ത് & ബബിൾ’ പ്രയോഗങ്ങൾ കഴിഞ്ഞ ആഴ്ചയുടെ ആദ്യദിനങ്ങളിൽ ഇന്ത്യൻ സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളുടെ നടുവൊടിച്ചെങ്കിലും വ്യാഴാഴ്ച തിരിച്ചു വരവ് നടത്തി നഷ്ടവ്യാപ്തി കുറച്ചു. ബുധനാഴ്ച മാത്രം 5%ൽ കൂടുതൽ തകർന്ന നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക വ്യാഴാഴ്ച 3.5%വും വെള്ളിയാഴ്ച 0.40%വും മുന്നേറ്റം നേടി. വ്യാഴാഴ്ച 2% മുന്നേറ്റം സ്വന്തമാക്കിയ നിഫ്റ്റി മിഡ് ക്യാപ് സൂചിക വെള്ളിയാഴ്ചയും പോസിറ്റീവ് ക്ളോസിങ് നേടി.   

share4

നിഫ്റ്റി ഒരു ശതമാനത്തിൽ കൂടുതൽ വീണ ബുധനാഴ്ച 1100 ഓഹരികൾ ലോവർ സർക്യൂട്ടടിക്കുകയും, 88% ഓഹരികളും നഷ്ടം കുറിക്കുകയും ചെയ്ത് നിക്ഷേപകർക്ക് സമീപകാലത്തെ ഏറ്റവും വലിയ നഷ്ടദിനവും സമ്മാനിച്ചു. മ്യൂച്വൽ ഫണ്ടുകൾ ആംഫിയും, സെബിയും അനുശാസിക്കുന്ന സ്ട്രെസ് ടെസ്റ്റുകൾ തുടരുന്നത് വിപണിയിൽ തുടർന്നും അവസരങ്ങൾക്ക് കാരണമായേക്കാം. 

ഫെഡ് യോഗം 

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് യോഗവും, തുടർന്ന് നടക്കുന്ന ഫെഡ് ചെയർമാന്റെ പ്രസംഗത്തിലെ ‘നിരക്ക് കുറക്കൽ’  സൂചനകളുമായിരിക്കും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ഗതി നിർണയിക്കുക. ഇപ്പോൾ 5.50%ൽ നിൽക്കുന്ന ഫെഡ് നിരക്ക് അമേരിക്കൻ റിസർവ് ജൂൺ മാസം മുതലാണ് കുറച്ച് തുടങ്ങുക എന്ന ധാരണക്ക് ശക്തി പകരുന്ന ഫെഡ് ചെയർമാന്റെയും, അംഗങ്ങളുടെയും പ്രസ്താവനയ്ക്കായാണ് വിപണി കാത്തിരിക്കുന്നത്. 

ബാങ്ക് ഓഫ് ജപ്പാന്റെ നയമാറ്റം 

ചൊവ്വാഴ്ച ജപ്പാന്റെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പുതിയ പലിശ നയങ്ങളും, നിരക്കുകളും പ്രഖ്യാപിക്കാനിരിക്കുന്നത് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും വളരെ നിർണായകമാണ്. ഫെഡ് നിരക്ക് വർദ്ധനക്കൊപ്പം മുന്നേറി വന്ന അമേരിക്കൻ ഡോളറിനെ പ്രതിരോധിക്കാനായി പോലും അൾട്രാ ലൂസ് നയങ്ങളിൽ നിന്നും വ്യതിചലിക്കാതെ കഴിഞ്ഞ പതിനേഴ് വർഷങ്ങളായി നെഗറ്റീവ് പലിശ നിരക്ക് തുടർന്ന് വന്ന ബാങ്ക് ഓഫ് ജപ്പാൻ നിരക്ക് ഉയർത്തുന്നത് യെന്നിന് മുന്നേറ്റവും ജാപ്പനീസ് വിപണിക്ക് തിരുത്തലും നൽകിയേക്കാം. 

ചൈനീസ് ഉത്തേജനനടപടികളും 

സാമ്പത്തികവളർച്ചയിലെ വീഴ്ച പരിഹരിക്കാനും കൂടുതൽ മുന്നേറ്റം ഉറപ്പാക്കാനും ഉത്തജന പാദ്ധതികളുടെ അടുത്ത ഘട്ടം ചൈന എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാമെന്നതും ബേസ് മെറ്റലുകൾക്കും, ക്രൂഡ് ഓയിലിനും ഏഷ്യൻ-യൂറോപ്യൻ വിപണികൾക്കും പ്രതീക്ഷയാണ്.  

ലോക വിപണിയിൽ അടുത്ത വാരം 

2156345751

∙ചൊവ്വാഴ്ച ജപ്പാന്റെയും, ബുധനാഴ്ച ചൈനയുടെയും അമേരിക്കയുടെയും, വ്യാഴാഴ്ച ബ്രസീലിന്റെയും, ബ്രിട്ടന്റെയും വെള്ളിയാഴ്ച റഷ്യയുടെയും കേന്ദ്ര ബാങ്കുകൾ പുതിയ പലിശ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുന്നു. 

∙ഇന്ത്യ, ജപ്പാന്‍എന്നിവയുടെയും യൂറോ സോൺ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും പിഎംഐ ഡേറ്റകൾ വ്യാഴാഴ്ച വരാനിരിക്കുന്നതു ലോക വിപണിക്ക് പ്രധാനമാണ്. 

∙അമേരിക്കയുടെ ഹൗസിങ് ഡേറ്റ ചൊവ്വാഴ്ചയും, ജോബ് ഡേറ്റയും, പിഎംഐ ഡേറ്റയും വ്യാഴാഴ്ചയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

∙യൂറോ സോൺ പണപ്പെരുപ്പക്കണക്കുകൾ തിങ്കളാഴ്ചയും, ബ്രിട്ടീഷ് സിപിഐയും, പിപിഐയും അടക്കമുള്ള ഡേറ്റകൾ ബുധനാഴ്ചയും പുറത്ത് വരും

∙തിങ്കളാഴ്ച രാവിലെ തന്നെ വരുന്ന ചൈനയുടെ വ്യവസായികോല്പാദന കണക്കുകളും, റീറ്റെയ്ൽ വില്പനകണക്കുകളും മറ്റ് ഏഷ്യൻ വിപണികളെയും സ്വാധീനിക്കും. ജാപ്പനീസ് വ്യവസായികോല്പാദനകണക്കുകളും, കേന്ദ്രബാങ്ക് നയപ്രഖ്യാപനവും ചൊവ്വാഴ്ചയും, പണപ്പെരുപ്പക്കണക്കുകൾ വെള്ളിയാഴ്ചയും ഏഷ്യൻ വിപണികളെ സ്വാധീനിക്കും. 

ഓഹരികളും സെക്ടറുകളും 

∙സെബിയുടെ മിനിമം പബ്ലിക് ഷെയർ ഹോൾഡിങ് (എംപിഎസ്) വ്യവസ്ഥകൾ പാലിക്കാനായി ഐഓബി, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ അടക്കമുള്ള അഞ്ച് പൊതു മേഖല ബാങ്കുകളുടെ ഓഹരി വില്പന കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. ഒഎഫ്എസുകൾ ഓഹരി വിലകളിൽ തിരുത്തൽ നൽകിയേക്കാം. 

share13

∙ഖനികളിൽ നിന്നുമുള്ള വരവ് കുറഞ്ഞതും ചൈനയിൽ നിന്നുള്ള ആവശ്യകത വർധിക്കുമെന്ന പ്രതീക്ഷയുമാണ് രാജ്യാന്തര വിപണിയിൽ കോപ്പറിന്റെ വില പതിനൊന്ന് മാസത്തെ ഉയർന്ന നിരക്കിലേക്ക് എത്തിച്ചത് ഇന്ത്യൻ കോപ്പർ കമ്പനികൾക്കും അനുകൂലമാണ്. ഹിന്ദ് കോപ്പർ ശ്രദ്ധിക്കുക. 

∙ക്രൂഡ് ഓയിൽ വിലമുന്നേറ്റം ഓഎൻജിസിക്കും ഓയിൽ ഇന്ത്യക്കും അനുകൂലമാണ്. 

∙വെള്ളിയാഴ്ച മുതൽ എഫ്ടിഎസ്സി ഗ്ലോബൽ ഇൻഡക്സിലേക്ക് പുതുതായി വന്ന ആർവിഎൻഎൽ, എസ്ജെവിഎൻ, ഫാക്ട്, എൻഎൽസി, മാസഗോൺ ഡോക്സ്, ന്യൂ ഇന്ത്യ അഷ്വറൻസ്, സുസ്‌ലോൺ അടക്കമുള്ള 16 ഇന്ത്യൻ ഓഹരികളും കൂടുതൽ രാജ്യാന്തര നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നു. 

∙ഇന്ത്യൻ എനർജി പ്രോജക്ടുകളിൽ അദാനി കമ്പനികളോ, അസൂർ പവർ ഗ്ലോബൽ ലിമിറ്റഡോ കൈക്കൂലി നൽകി ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുണ്ടോ എന്ന് അമേരിക്കൻ ജുഡീഷ്യൽ ഏജൻസി അന്വേഷിക്കുന്നു എന്ന വാർത്ത അദാനി ഓഹരികൾകിൽ ഒരു വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം. 

∙എൽ&ടി മിഡിൽ ഈസ്റ്റിൽ 5000-10000 കോടി രൂപയുടെ പൈപ് ലൈൻ പ്രോജക്ട് സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. 

∙പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 8073 കോടി രൂപയുടെ ധ്രുവ് ഹെലികോപ്ടറുകൾക്കായി കരാറൊപ്പിട്ടതിന് പിന്നാലെ നേവിയുടെ ഡ്രോണിയർ എയർക്രാഫ്റ്റുകളുടെ നവീകരണത്തിനായി കരാറൊപ്പിട്ടതും  ഓഹരിക്ക് അനുകൂലമാണ്.  

∙ടാറ്റ മോട്ടോഴ്‌സ് തമിഴ്നാട്ടിൽ പുതിയ പ്ലാന്റ് നിർമിക്കുന്നു. മൂലധന ചെലവുകൾ ഭയന്ന് ഓഹരിയിലുണ്ടാകുന്ന വില്പന സമ്മർദ്ധം നിക്ഷേപ അവസരമാണ്. 

∙ഇനി മുതൽ പേടിഎം തേർഡ് പാർട്ടി പേയ്മെന്റ് അഗ്രിഗേറ്റർ ആയി പ്രവർത്തിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയായിരിക്കും പേടിഎമ്മിന് ബാങ്കിങ് പിന്തുണ നൽകുക. 

∙ഗുജറാത്തിൽ പുതിയ സെമികണ്ടക്ടർ ഫാക്ടറിക്ക് തറക്കല്ലിട്ടത് സി ജി പവറിന് അനുകൂലമാണ്. 

∙ഇൻഫിബീം അവന്യൂസിന്റെ സിസി അവന്യൂസിന് സൗദി അറേബ്യയിൽ പേയ്മെന്റ് പ്രോസസ്സർ ആയി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙സലസാർ ടെക്‌നോ ഇൻഫ്രാക്ക് തമിഴ്നാട്ടിൽ നിന്നും, ആർവിഎൻഎല്ലുമായി ചേർന്ന് മധ്യപ്രദേശിൽ നിന്നും ഓർഡറുകൾ ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙ഗ്രീവ്സ് എൽട്രാ കാർഗോയുടെ വിജയത്തിന് പിന്നാലെ ഗ്രീവ്സ് എൽട്രാ സിറ്റി എന്ന പേരിൽ ത്രീ വീലർ അവതരിപ്പിക്കുന്നത് ഗ്രീവ്സ് കോട്ടണ് അനുകൂലമാണ്. 

∙സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ നോർവീജിയൻ പെൻഷൻ ഫണ്ട് വാങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്ച്ച ഓഹരി 11% മുന്നേറ്റം നേടി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരികൾക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 20 ആണ്. 

ക്രൂഡ് ഓയിൽ 

പ്രതീകാത്മക ചിത്രം. Photo by Mark Felix / AFP
പ്രതീകാത്മക ചിത്രം. Photo by Mark Felix / AFP

രാജ്യാന്തര വിപണിയിൽ എണ്ണയുടെ ആവശ്യകത ഇനിയും വർദ്ധിക്കുമെന്ന ഒപെകിന്റെ റിപ്പോർട്ടിനൊപ്പം കഴിഞ്ഞ ആഴ്ചയിൽ മുന്നേറി തുടങ്ങിയ ക്രൂഡ് ഓയിലിന് അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ മുന്നേറ്റമുണ്ടാകാതിരുന്നതും, റഷ്യൻ റിഫൈനറിയിലെ ഡ്രോൺ ആക്രമണങ്ങളും അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ നാല് ശതമാനത്തിൽ കൂടുതൽ മുന്നേറി 85 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

സ്വർണം 

അമേരിക്കൻ ഫെഡ് യോഗം അടുത്ത ആഴ്ച നടക്കാനിരിക്കെ ബോണ്ട് യീൽഡ് മുന്നേറിയത് കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിനും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില 2159 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ഫെഡ് മീറ്റിങ് നടക്കുന്ന ആഴ്ചയിൽ സ്വർണവും ഡോളറിനൊപ്പം വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Entering Into Election Mood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com