ADVERTISEMENT

ട്രേഡറായ രാജു  
ഓഹരിവിപണിയിൽനിന്ന് പെട്ടെന്നു വലിയ നേട്ടം കൊയ്യണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു പ്രതിനിധിയാണ് രാജു. വിപണിയിൽ വളരെ ആക്ടീവാണെങ്കിലും ആകെ നിക്ഷേപത്തിന്റെ 5–10% മാത്രമേ ഓഹരിക്കായി നീക്കിവയ്ക്കൂ. വിപണിയുടെ കയറ്റിറക്കങ്ങളിൽ ഈ കുറഞ്ഞ നിക്ഷേപംകൊണ്ടുതന്നെ വലിയ നേട്ടം എടുക്കാനാവും എന്നാണ് രാജു വിശ്വസിക്കുന്നത്. സ്വാഭാവികമായും ഹ്രസ്വകാല നിക്ഷേപവും ഇൻട്രാ ഡേ ട്രേഡിങ്ങുമാണ് കൂടുതലും നടത്തുക. ഭാവിയിൽ മൾട്ടിബാഗറുകൾ ആകുമെന്ന വിശ്വാസത്തിൽ പെന്നി സ്റ്റോക്കുകളിലും നിക്ഷേപിക്കും. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷനിലും ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്. 

രാജുവിനെപ്പോലുള്ള ഇത്തരം നിക്ഷേപകർ വലിയ റിസ്കാണ് എടുക്കുന്നതെന്നു പറയേണ്ടതില്ല. നഷ്ടം സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്. ഓഹരിയിലെ ദീർഘകാല നിക്ഷേപകന് 13-15% നേട്ടം ലഭിക്കുമ്പോൾ രാജുവിനെ പ്പോലുള്ളവർക്ക് 20-25% നേടാൻ കഴിയുമെന്നു കരുതാം. പക്ഷേ, വലിയ മാനസിക സമ്മർദത്തിലൂടെ കടന്നുപോയിട്ടാണ് ഈ നേട്ടം. മാത്രമല്ല ചെറിയൊരു ശതമാനം മാത്രം ഓഹരിയിൽ നിക്ഷേപിക്കുന്നതിനാൽ മൊത്തം നിക്ഷേപത്തിൽ ഈ നേട്ടങ്ങൾ വലുതായി പ്രതിഫലിക്കില്ല. രാജുവിന്റെ നിക്ഷേപ കണക്കുകൾ നമുക്കൊന്നു പരിശോധിക്കാം. രാജുവിന്റെ നിക്ഷേപ പോർട്ട്ഫോളിയോയും കഴിഞ്ഞ 15 വർഷത്തെ നേട്ടത്തിന്റ കണക്കും പട്ടികയിൽ കാണുക:

investment-manorama-sampadyam1

ഇൻവെസ്റ്ററായ വേണു 
രാജുവിൽനിന്നു തികച്ചും വ്യത്യസ്തമായി, ഓഹരിയിൽ നേട്ടമുണ്ടാക്കാൻ ദീർഘകാല നിക്ഷേപത്തിനേ കഴിയൂ  എന്ന വിശ്വാസക്കാരനാണ് വേണു. അതിനാൽ നേരിട്ട് ഓഹരിയിലും മ്യൂച്വൽ ഫണ്ടുവഴിയും ദീർഘ കാലത്തേക്കാണു നിക്ഷേപം. എന്നു മാത്രമല്ല, ഒരു വർഷം നിക്ഷേപിക്കുന്ന മൊത്തം തുകയുടെ 45% വും ഇതിനായി നീക്കിവയ്ക്കുകയും ചെയ്യും.  വേണുവിന്റെ പോർട്ട് ഫോളിയോകൂടി നമുക്കു വിലയിരുത്താം: 

investment-manorama-sampadyam2

3.4%  മാജിക് കാട്ടുമ്പോൾ
ട്രേഡിങ്‌വഴി രാജുവിന്റെ ഓഹരിയിലെ വാർഷിക നേട്ടം 20% ആണെങ്കിലും മൊത്തം നിക്ഷേപങ്ങളുടെ ശരാശരി നേട്ടം (weighted average return) 7.14% മാത്രമാണ്.  ദീർഘകാല നിക്ഷേപം ആയതിനാൽ വേണുവിന് ഓഹരിയിൽ 15% നേട്ടമേ കിട്ടുന്നുള്ളൂ. എങ്കിലും ‌മൊത്തം നിക്ഷേപത്തിന്റെ 45% ഓഹരിയിലായതിനാൽ വേണുവിന്റെ  ശരാശരി നേട്ടം 10.55‌% ആണ്. ഇവിടെ വേണുവിന്റെയും രാജുവിന്റെയും നേട്ടത്തിലെ വ്യത്യാസം വെറും 3.41% ആണ്. എന്നാൽ ‌ദീർഘമായ കാലയളവിൽ ഈ 3.41 ശതമാനത്തിൽ കോമ്പൗണ്ടിങ് അദ്ഭുതം സൃഷ്ടിക്കും. 

അത് എങ്ങനെ എന്നു മനസ്സിലാക്കാൻ 15 വർഷം എന്ന ദീർഘകാലത്തിൽ രണ്ടു പേരുടെയും  സമ്പത്തിന്റെ വളർച്ചാ കണക്കുകൾകൂടി നോക്കാം. 40 വയസ്സിൽ രാജുവിനും വേണുവിനും ഒരു കോടി രൂപയുടെ ആസ്തി ഉണ്ടെന്നും മുകളിൽ പറഞ്ഞ പോലെ രണ്ടു പേരും നിക്ഷേപിക്കുന്നുവെന്നും കരുതുക. അതിനു പുറമെ പ്രതിവർഷം 5 ലക്ഷം രൂപ വീതം നിക്ഷേപിക്കാനും ഇവർക്കു രണ്ടുപേർക്കും സാധിക്കുന്നു. എങ്കിൽ 65 വയസ്സിൽ രാജുവിന്റെ കയ്യിൽ 8.83 കോടി രൂപ ഉണ്ടാകും. അതായത് ശരാശരി 7.41% നിരക്കിൽ മൊത്തം പോർട്ട്ഫോളിയോ വളർന്നാൽ 15 വർഷംകൊണ്ടു കിട്ടുന്നതാണിത്. 

അതേസമയം വേണുവിന് ഇക്കാലയളവിൽ 17.62 കോടി രൂപ സമാഹരിക്കാനാകും. അതായത് രാജു നേടിയതിന്റെ ഇരട്ടിയോളം തുക വേണുവിനു കിട്ടുന്നു. കാരണം അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയുടെ ശരാശരി വളർച്ച 10.55% നിരക്കിലാണ്. 

investment-manorama-sampadyam3

പോർട്ട് ഫോളിയോയുടെ ശരാശരി വളർച്ചയിൽ 3.41‌% മാത്രമാണ് വ്യത്യാസമെങ്കിലും 15 വർഷം എന്ന ദീർഘമായ കാലയളവിൽ നിക്ഷേപത്തെ ഇരട്ടിയാക്കാൻ അതിനു കഴിയുമെന്നു ചുരുക്കം. ഇവിടെ ഏറെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്.  രാജു ഹ്രസ്വകാലാടിസ്ഥാനത്തിൽ നേട്ടം കൊയ്യുന്ന ട്രേഡറാണ്. എന്നാൽ ഇത്തരക്കാരിൽ ഭൂരിഭാഗവും നേട്ടം ഉണ്ടാക്കാറില്ല. മാത്രമല്ല, പലരും നിക്ഷേപം മുഴുവൻ നഷ്ടപ്പെടുത്തുന്നതായാണു കാണുന്നത്. അതുകൊണ്ട് രാജുവിനുണ്ടായ സമ്പത്തുപോലും  ഭൂരിപക്ഷത്തിനും നേടാനാവില്ല. 
(മനോരമ സമ്പാദ്യം മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Wealth Creation; Stock Market Investor VS Share Trader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com