ADVERTISEMENT

അക്ഷയ തൃതീയ്ക്ക് സ്വർണാഭരണം വാങ്ങാൻ മോഹമുണ്ടായിട്ടും വാങ്ങാൻ കഴിഞ്ഞില്ലേ? വില ഉയർന്നു നിൽക്കുന്നതിനാൽ എന്തു വേണമെന്ന സംശയത്തിൽ നിന്നവർക്കും, മറ്റ് കാരണങ്ങളാൽ വാങ്ങാൻ കഴിയാത്തവർക്കും സ്വർണവുമായി ബന്ധപ്പെട്ട മികച്ച ഓഹരികൾ വാങ്ങാം. സ്വർണവില വർധനവ് ഭാരമാകില്ലെന്നു മാത്രമല്ല, ഭാവിയിൽ നല്ല നേട്ടം ലഭിക്കാനും സാധ്യതയുണ്ട്. സ്വർണാഭരണം വാങ്ങുന്നതുമായി ബന്ധപ്പെട്ട അധിക ചെലവുകളും അതുമൂലം ഉണ്ടാകുന്ന നഷ്ടവും ഒഴിവാക്കാനും ഇത്തരം ഓഹരികളിലെ നിക്ഷേപം സഹായിക്കും.

ഈ വർഷം ജനുവരി–മാർച്ച് കാലയളവിൽ മാത്രം ഇന്ത്യക്കാർ വാങ്ങിയത് 95 ടൺ സ്വർണാഭരണങ്ങളാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 91.9 ടൺ ആയിരുന്നു. അതായത് സ്വർണ വില കുത്തനെ ഉയർന്നിട്ടും വാങ്ങലിൽ കാര്യമായ കുറവുണ്ടായില്ല എന്നർത്ഥം. വില ഇടിയുമ്പോൾ വാങ്ങാം എന്ന ചിന്തയിൽ നിന്നു മാറി, വില വീണ്ടും ഉയരുമെന്ന ധാരണയില്‍ ആഭരണം വാങ്ങുന്നവരുടെ എണ്ണം ഉയരുകയാണ്. വേള്‍ഡ് ഗോൾഡ് കൗണ്‍സിലിന്‍റെ കണക്കുകൾ പ്രകാരം ജനുവരി–മാർച്ചിൽ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് 136.6 ടൺ ആയിരുന്നു. അതായത്  ഏകദേശം 75,470 കോടി രൂപയുടെ സ്വർണം. അതില്‍ ആഭരണങ്ങൾ 52,750 കോടിയുടേതാണ്.

നേട്ടം സ്വർണം വാങ്ങുന്നതിലൂടെ മാത്രമല്ല

ഈ വർഷം തുടങ്ങിയതിന് ശേഷം 10 ശതമാനത്തിലധികമാണ് സ്വർണവില ഉയർന്നത്. സ്വർണാഭരണങ്ങളുടെ ഡിമാൻഡും വിലയും ഉയരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ആഭരണ നിർമാതാക്കളും ജുവലറികളും കൂടിയാണ്. നിക്ഷേപത്തിനായി പരിഗണിക്കാവുന്ന അത്തരം ചില കമ്പനികളുടെ വിവരങ്ങളാണ് ചുവടെ (മെയ് 9ലെ ക്ലോസിങ് വിലയെ അടിസ്ഥാനമാക്കി തയാറാക്കിയത്) 

ടൈറ്റൻ കമ്പനി

വില–3,244.50 രൂപ

വിപണി മൂല്യം– 2,88,042.22 കോടി

52–ആഴ്ചയിലെ ഉയർന്ന വില– 3,886.95 രൂപ

52–ആഴ്ചയിലെ താഴ്ന്ന വില– 2,670.00 രൂപ

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനിയാണ് ടൈറ്റൻ. കഴിഞ്ഞ ഒരുവർഷത്തിനെ 18.18% നേട്ടമാണ് ടൈറ്റൻ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്.  തനിഷ്ക്, സോയ, മിയ, കാരറ്റ്ലെയ്ൻ തുടങ്ങിയ ആഭരണ ബ്രാന്‍ഡുകൾ ടൈറ്റന് കീഴിലുള്ളതാണ്. 760 ഓളം ജുവലറി സ്റ്റോറുകളാണ് ടൈറ്റനുള്ളത്. ആഭരണങ്ങൾക്ക് പുറമെ വാച്ച്, കണ്ണടകൾ, പെർഫ്യൂം, ബാഗുകൾ,സാരി തുടങ്ങിയ ഉൽപ്പന്നങ്ങളും ടൈറ്റൻ വിപണിയിലെത്തിക്കുന്നുണ്ട്. 

2023–24 സാമ്പത്തിക വർഷം നാലാംപാദത്തിൽ 771 കോടി രൂപയായിരുന്നു ടൈറ്റന്‍റെ അറ്റാദായം. മുൻവർഷത്തെ അപേക്ഷിച്ച് 5.62 ശതമാനം വർധനവ്. ജുവലറി വിഭാഗത്തിലെ വരുമാന വളർച്ച 19 ശതമാനം ആണ്. അതേസമയം മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം ഇടിയുകയാണ് ചെയ്തത്. സ്വർണ വിലവർധനവ്, വിപണി മത്സരം എന്നിവ അറ്റാദായത്തെ ബാധിച്ചു എന്നാണ് വിലയിരുത്തൽ. നടപ്പ് സാമ്പത്തിക വർഷം (2024–25) പകുതിയോടെ മികച്ച വളർച്ച നേടാനാവുമെന്നാണ് ടൈറ്റന്‍റെ വിലയിരുത്തൽ. 

Gold-Ornament3

കല്യാണ്‍ ജൂവലേഴ്സ് 

വില–398.95

വിപണി മൂല്യം–41,093.97 കോടി 

52–ആഴ്ചയിലെ ഉയർന്ന വില– 449.70 രൂപ

52–ആഴ്ചയിലെ താഴ്ന്ന വില–104.00 രൂപ

കേരളത്തിൽ നിന്നുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പാണ് കല്യാൺ ജുവലേഴ്സ്. 2021ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനി ഇതിനോടകംതന്നെ മൾട്ടി ബാഗർ നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഒരു വർഷത്തിനിടെ മാത്രം നിക്ഷേപകർക്ക് നല്‍കിയത് 290% ശതമാനത്തിലധികം നേട്ടമാണ്.  ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി  150ൽ അധികം ഷോറൂമുകളാണ് കല്യാണിനുള്ളത്. ഫ്രാഞ്ചൈസി മോഡലിലൂടെ ഉത്തരേന്ത്യയിലും സാന്നിധ്യം വ്യാപിപ്പിക്കുകയാണ് കല്യാൺ. നടപ്പ് സാമ്പത്തിക വർഷം ഫ്രൈഞ്ചൈസി മോഡലിൽ 80 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.  2023–24 മൂന്നാം പാദത്തിൽ 33 ശതമാനം വരുമാന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നാലാംപാദഫലങ്ങൾ ലേഖനം എഴുതുന്നതുവരെ കമ്പനി പ്രസിദ്ധീകരിച്ചിട്ടില്ല.

Image: Shutterstock/NetPhotographer
Image: Shutterstock/NetPhotographer

സെന്‍കോ ഗോൾഡ്

വില–880.05 രൂപ

വിപണി മൂല്യം–6,838.36 കോടി 

52–ആഴ്ചയിലെ ഉയർന്ന വില– 1,066.50 രൂപ

52–ആഴ്ചയിലെ താഴ്ന്ന വില–358.45 രൂപ

കൊൽക്കത്ത ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പാണ് സെൻകോ ഗോൾഡ്. 117.14% നേട്ടമാണ് ഒരു വർഷത്തിനിടെ സെൻകോ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്. 16 സംസ്ഥാനങ്ങളിലായി 150ൽ അധികം ഷോറൂമുകൾ ഇവർക്കുണ്ട്. ബ്രൈഡൽ–ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിൽപ്പനയിലാണ് ഇവർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കല്യാൺ ജുവലേഴ്സിന് സമാനമായി ഫ്രാഞ്ചൈസി മോഡലിൽ ആണ് സെൻകോയും നീങ്ങുന്നത്. 2023–24 സാമ്പത്തിക വർഷം നാലാംപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് സെൻകോ രേഖപ്പെടുത്തിയത് 39 ശതമാനം വളർച്ചയാണ്.   

Gold-ornament1

തങ്കമയിൽ ജുവലറി

വില–1,209.75 രൂപ

വിപണി മൂല്യം–3,319.45 കോടി 

52–ആഴ്ചയിലെ ഉയർന്ന വില– 1,549.50 രൂപ

52–ആഴ്ചയിലെ താഴ്ന്ന വില–520.75 രൂപ

തമിഴ്നാട്ടിലെ മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജുവലറി ഗ്രൂപ്പാണ് തങ്കമയിൽ. ഒരു വർഷത്തിനിടെ 126.80% ശതമാനം നേട്ടമാണ് ഈ ജുവലറി ഓഹരി നിക്ഷേപകർക്ക് നൽകിയത്. വെള്ളി ആഭരണങ്ങൾക്ക് മാത്രമായി 10 ബ്രാഞ്ചുകളടക്കം 58 ഷോറൂമുകളാണ് കമ്പനികളാണുള്ളത്. മധുരയിൽ ആഭരണ നിർമാണ യൂണീറ്റും ഇവർക്കുണ്ട്. 2023–24 സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ 20 ശതമാനത്തോളം വരുമാന വളർച്ചയാണ് തങ്കമയിൽ രേഖപ്പെടുത്തിയത്. നാലാംപാദഫലങ്ങൾ  കമ്പനി പ്രസിദ്ധീകരിച്ചിട്ടില്ല.

Image: Shutterstock/nehaniks
Image: Shutterstock/nehaniks

വിപണി മൂല്യത്തെ അടിസ്ഥാനമാക്കി മുന്നിൽ നിൽക്കുന്ന ഓഹരികളാണ് മുകളിൽ പരാമര്‍ശിച്ചിരിക്കുന്ന നാല് ഓഹരികളും. 8,621.59 കോടിയുടെ വിപണി മൂല്യവുമായി ഈ വിഭാഗത്തിൽ മൂന്നാമതുള്ള കമ്പനിയാണ് രാജേഷ് എക്സ്പോർട്ട്സ്. രാജ്യത്തെ പ്രമുഖ സ്വർണാഭരണ കയറ്റുമതി കമ്പനിയായ രാജേഷ് എക്സ്പോർട്ട്സിന്‍റെ ഓഹരികൾ ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ശുഭ് ജുവലേഴ്സ് എന്ന പേരിൽ റീട്ടെയിൽ ഷോറൂമും ഇവർക്കുണ്ട്.

ഡി.പി അഭൂഷൻ (ഡിപി ജുവലേഴ്സ്), ഗോള്‍ഡിയം ഇന്‍റർനാഷണൽ, സ്കൈ ഗോൾഡ്, മോട്ടിസൺ ജുവലേഴ്സ് തുടങ്ങിയവയൊക്കെ നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓഹരികളാണ്.  ഡയമണ്ട് & ജുവലറി വിഭാഗത്തിൽ അമ്പതോളം കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.  അതുപോലെ സ്വർണപ്പണയവുമായി ബന്ധപ്പെട്ട് സേവനങ്ങൾ നലകുന്ന കമ്പനികൾക്കും ഇതു വളർച്ചയുടെ കാലമാണ്. അതിനാൽ   ഈ രംഗത്തെ  പ്രമുഖരായ മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻ കോർപ്,  മണപ്പുറം ഫിനാൻസ് തുടങ്ങിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.  

(ഈ ലേഖനം ഒരു വാങ്ങൽ നിർദ്ദേശമല്ല. ഓഹരി വിപണിയിലെ നിക്ഷേപം വിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. കൃത്യമായ പഠനങ്ങൾക്കുശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കുക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com