ADVERTISEMENT

ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യൻ വിപണി പിന്നീട് മികച്ച വിലകളിൽ വാങ്ങൽ വന്നതിനെത്തുടർന്ന് തിരിച്ചുകയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന പിന്തുണമേഖലയായ 21800 പോയിന്റിന് തൊട്ടടുത്ത നിന്നും തിരിച്ചുകയറിയ നിഫ്റ്റി ഇന്ന് 48 പോയിന്റ് നേട്ടത്തിൽ 22104 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ത്യയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് വല്ലാതെ മുന്നേറി 2022 ഒക്ടോബറിലെ നിലയിലേക്കെത്തിയതും വിപണിക്ക് ക്ഷീണമാണ്.

ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയ എച്ച്ഡിഎഫ്സി ബാങ്കും, ടിസിഎസ്സും, അത്രതന്നെ നഷ്ടത്തിൽ നിന്നും തിരിച്ചു കയറിയ റിലയൻസും തന്നെയാണ് ഇന്ത്യൻ വിപണിയുടെ ഇന്നത്തെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. ഓട്ടോയും, പൊതു മേഖല ബാങ്കിങ് സെക്ടറും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും മാത്രമാണ് ഇന്ന് നഷ്ടത്തിൽ ക്ളോസ് ചെയ്ത സെക്ടറുകൾ.

തിരഞ്ഞെടുപ്പ് നാലാം ഘട്ടം

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഇന്ന് പത്ത് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 ലോകസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ട് രേഖപ്പെടുത്തിയതിൽ മികച്ച പോളിംഗ് ശതമാനം വന്നത് ഇന്ന് ഇന്ത്യൻ വിപണിയുടെയും തിരിച്ചു വരവിന് കാരണമായി. ആന്ധ്ര മുതൽ കാശ്മീർ വരെ വോട്ട് ചെയ്ത ഇന്ന് ഒരു മണിക്ക് തന്നെ പോളിംഗ് ശതമാനം 40% കടന്നിരുന്നു.

share-market

കുതിപ്പ് തുടർന്ന് ക്യാപിറ്റൽ ഗുഡ്‌സ് മേഖല
 

എബിബിയുടെയും, ബിഇഎംഎലിന്റെയും മികച്ച റിസൾട്ടുകൾ നാളെ റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന സീമെൻസിനും, റിസൾട്ടിന് ശേഷം ലാഭമെടുക്കലിൽ വീണ എൽ&ടിക്കും മുന്നേറ്റം നൽകിയത് ഇന്ന് ക്യാപിറ്റൽ ഗുഡ്‌സ് മേഖലക്ക് വലിയ കുതിപ്പ് നൽകി.എബിബി 11% മുന്നേറിയപ്പോൾ ബിഇഎംഎൽ 14%വും, സീമെൻസ് 7%വും നേട്ടമുണ്ടാക്കി.

ലാഭമെടുക്കലിൽ വീണ് ഓട്ടോ സെക്ടർ
 

ഏപ്രിലിലെ മികച്ച ഓട്ടോ വിൽപനയുടെ പിൻബലത്തിൽ മുന്നമേറ്റം തുടർന്ന് വന്ന ഇന്ത്യൻ ഓട്ടോ സെക്ടർ ടാറ്റ മോട്ടോഴ്സിന്റെ ‘പോസ്റ്റ് റിസൾട്ട്’ വീഴ്ചയുടെ ആഘാതത്തിൽ ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. വരുമാനത്തിലും, പ്രവർത്തന ലാഭത്തിലും മുന്നേറ്റം നേടിയ ടാറ്റ മോട്ടോഴ്സിന്റെ അറ്റാദായത്തിലെ 222% വളർച്ചയുടെ പ്രധാനഘടകം.

അമേരിക്കൻ സിപിഐ ബുധനാഴ്ച
 

കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ മുന്നേറ്റം നേടിയ അമേരിക്കൻ വിപണി സിപിഐ ഡേറ്റ വരാനിരിക്കെ സമ്മർദ്ദത്തിലാണ്. ബുധനാഴ്ച വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ഫെഡ് റിസേർവ് തീരുമാനങ്ങൾക്ക് വളരെ നിർണായകമായിരിക്കെ ഇന്നും നാളെയുമായി  അമേരിക്കൻ ഫെഡ് ചെയർമാനടക്കമുള്ളവർ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക്  വളരെ പ്രധാനമാണ്.

അമേരിക്കൻ ഫ്യൂച്ചറുകൾ ഏഷ്യൻ വിപണി സമയത്ത് നേരിയ ലാഭത്തിൽ വ്യാപാരം  തുടരുന്നു. ഏഷ്യൻ വിപണിയുടെ ഫ്ലാറ്റ് ക്ളോസിങ്ങിന് ശേഷം ഇന്ന് യൂറോപ്യൻ വിപണികളും പതിഞ്ഞ നിലയിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡും, ഡോളറും അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ സമ്മർദത്തിലാണെന്നത് വിപണിക്ക് അനുകൂലമായേക്കാം.

ക്രൂഡ് ഓയിൽ
 

അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾക്കൊപ്പം ഒപെക് യോഗതീരുമാനങ്ങളും, അമേരിക്കൻ ക്രൂഡ് ഓയിൽ കണക്കുകളും കാത്തിരിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വിലയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് വലിയ മാറ്റമില്ലാതെ തുടർന്നു. ഇന്നും നാളെയുമായി ഫെഡ് അംഗങ്ങൾ നിരക്ക് കുറക്കൽ വീണ്ടും നീളുമെന്ന് വീണ്ടും ഉറപ്പിച്ചു ‘’പറയുന്നതും’’ ക്രൂഡ് ഓയിലിന് സമ്മർദ്ദം നൽകിയേക്കും.

സ്വർണം
 

കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ തിരിച്ചു വരവ് നടത്തിയ സ്വർണം ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും നഷ്ടം കുറിച്ചു. ഫെഡ് ഒഫിഷ്യലുകൾ സംസാരിക്കാനിരിക്കുന്നതും, അമേരിക്കൻ സിപിഐ ഡേറ്റ വേരാനിരിക്കുന്നതുമാണ് ഇന്ന് സ്വർണത്തിന് ഒരു ശതമാനം നഷ്ടം നൽകിയത്.

Gold-Ornament2

നാളത്തെ റിസൾട്ടുകൾ
 

എയർടെൽ, സീമെൻസ്, ശ്രീ സിമന്റ്, കോൾഗേറ്റ്, കിർലോസ്ക്കർ ബ്രദേഴ്സ്, അപ്പോളോ ടയേഴ്‌സ്, പിവിആർ ഐനോക്‌സ്, അപാർ ഇൻഡസ്ട്രീസ്, സൂര്യ റോഷ്‌നി, സഫാരി, എഐഎ എഞ്ചിനിയറിങ്, റാഡിക്കോ ഖൈത്താൻ, വി മാർട്ട്, ബിഎഎസ്എഫ്, ബിഎൽഎസ് ഇന്റർനാഷണൽ, ഓൺമൊബൈൽ, ഐഡിയ ഫോർജ്, ഇൻട്രാ സോഫ്റ്റ്, മാന് ഇൻഫ്രാ, ദേവയാനി ഇന്റര്നാഷമാൽ, സ്പെഷ്യൽറ്റി റെസ്റ്റോറന്റ്സ്, ഓറിയോൺ പ്രൊ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഒ
 

ഈയാഴ്ചയിൽ ഇന്ത്യൻ വിപണിയിൽ പുതിയ 7 ഐപിഓകളും, 12 ലിസ്റ്റിങ്ങുകളും നടക്കും. ഇന്ന് ലിസ്റ്റ് ചെയ്ത ഇൻഡിജീൻ ലിമിറ്റഡ് മികച്ച ലിസ്റ്റിങ് സ്വന്തമാക്കി. ജനറൽ ഇൻഷൂറൻസ് കമ്പനിയായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡിന്റെ ഐപിഒ അടുത്ത ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. വിരാട് കോലി പിന്തുണക്കുന്ന കമ്പനി ഐപിഒയിലൂടെ 258-272 രൂപ നിരക്കിൽ 2600 കോടി രൂപയാണ് സമാഹരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com