ADVERTISEMENT

ഇന്നും ഒരു ഫ്ലാറ്റ് തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി രാജ്യാന്തര വിപണി പിന്തുണയ്​ക്കൊപ്പം, അനുകൂലമായ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷ വച്ച് കുതിച്ചു കയറി റെക്കോർഡ് ഉയരങ്ങൾ താണ്ടി. ഇന്ന് അവസാനമണിക്കൂറിലെ മുന്നേറ്റത്തിൽ 22993 പോയിന്റിന്റെ പുതിയ ഉയരം കുറിച്ച നിഫ്റ്റി 369 പോയിന്റ് നേട്ടത്തിൽ 22967 പോയിന്റിൽ ക്ളോസ് ചെയ്ടപ്പോൾ 75499 പോയിന്റ് കുറിച്ച സെൻസെക്സ് 1100 പോയിന്റിലേറെ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം, മറ്റ് മുൻനിര ബാങ്കുകളും 2% കൂടുതൽ മുന്നേറ്റം നേടിയപ്പോൾ ബാങ്ക് നിഫ്റ്റി 2% മുന്നേറ്റം നേടിയതും, എൻവിഡിയയുടെ മികച്ച റിസൾട്ട് ഇന്ത്യൻ ഐടിക്കും അനുകൂലമായതും, എൽ&ടിയുടെയും, അദാനിയുടെയും, റിലയൻസിന്റെയും മുന്നേറ്റവുമാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് വൻ കുതിപ്പ് നൽകിയത്. ഓട്ടോ, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ 2% മുന്നേറിയപ്പോൾ ഫാർമ സെക്ടർ ഇന്ന് നഷ്ടം കുറിച്ചു.

ആർബിഐ പിന്തുണയിൽ വിപണി

ആർബിഐ 2.1 ലക്ഷം കോടി രൂപയുടെ റെക്കോർഡ് മിച്ചം സർക്കാരിന് നൽകാൻ തീരുമാനിച്ചതും ബാങ്കിങ്, ഫിനാൻസ്, ഇൻഫ്രാ മേഖലകൾക്ക് അനുകൂലമായി. ആർബിഐക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ തുക സർക്കാരിന് നൽകാൻ സാധിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി കുറയുകയും, കൂടുതൽ തുക ഇൻഫ്രാസ്ട്രക്ച്ചർ വികസനത്തിനായി ചെലവിടാനാകുകയും ചെയ്യും.

ഭരണകക്ഷിയായ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്നും, ഓഹരി വിപണി മികച്ച ഉയരം കീഴടക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും പ്രസ്താവനയിറക്കിയതും ഇന്ത്യൻ വിപണിയെ സഹായിച്ചു. എൻഡിഎ സഖ്യം 330 മുതൽ 350 വരെ സീറ്റുകൾ നേടുമെന്നും, നിഫ്റ്റി 23000 മറികടക്കുമെന്നും അമേരിക്കൻ ബ്രോക്കിങ് കമ്പനിയായ ബേൺസ്റ്റൈനും പ്രവചിച്ചതും വിപണി കണക്കിലെടുത്തു.

എൻവിഡിയ റിസൾട്ട്

ഇന്നലെ പുറത്ത് വന്ന അമേരിക്കൻ ഫെഡ് റിസേർവിന്റെ കഴിഞ്ഞ യോഗത്തിലെ മിനുട്സ് പ്രകാരം ഇനി വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഫെഡ് റിസേർവിന്റെ നിരക്ക് കുറക്കാൻ തീരുമാനങ്ങൾ. സെപ്റ്റംബർ മുതൽ തന്നെ ഫെഡ് റിസേർവ് പലിശ നിരക്കിൽ ഇളവ് വരുത്തുമെന്ന പ്രതീക്ഷയിൽ തന്നെ തുടരുന്ന അമേരിക്കൻ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്നലെ അമേരിക്കൻ വിപണി സമയത്തിന് ശേഷം വന്ന എൻവിഡിയയുടെ മികച്ച റിസൾട്ടും, ഗൈഡൻസും ഇന്ന് ഏഷ്യൻ, യൂറോപ്യൻ ടെക്ക് ഓഹരികൾക്ക് മുന്നേറ്റം നൽകി. യൂറോപ്യൻ വിപണികളും അമേരിക്കൻ ഫ്യൂച്ചറുകളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. പ്രീമാർക്കറ്റ് വ്യാപാരത്തിൽ എൻവിഡിയ 6% മുന്നേറി നിൽക്കുന്നതിന്റെ പിൻബലത്തിൽ അമേരിക്കൻ ടെക് ഫ്യൂച്ചർ ഒരു ശതമാനത്തിനടുത്ത് മുന്നേറ്റം നടത്തിക്കഴിഞ്ഞു. അമേരിക്കൻ ടെക് സെക്ടർ ഇന്ന് മുന്നേറ്റപ്രതീക്ഷയിലാണ്.

പിസിഇ ഡേറ്റ അടുത്ത ആഴ്ചയിൽ

അമേരിക്കൻ ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റ അടുത്ത ആഴ്ച വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങളുടെ തുടരുന്ന പ്രസ്ഥവനകളും അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും. യൂറോപ്യൻ സിപിഐ ഡേറ്റകളും അടുത്ത ആഴ്ചയിൽ പുറത്ത് വരുന്നു.

ഇന്നത്തെ ജോബ് ഡേറ്റയും, ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കിന്റെയും, ക്രിസ്റ്റഫർ വാലറുടെയും നാളത്തെ പ്രസ്താവനകളും അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കും.

ക്രൂഡ് ഓയിൽ

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ചക്കൊപ്പം നഷ്ടം കുറിച്ച ശേഷം ക്രൂഡ് ഓയിൽ ഫെഡ് മിനുട്സിനൊപ്പം ഇന്നലെ വീണ്ടും താഴേക്കിറങ്ങിയെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും തിരിച്ചു കയറി. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം

ഫെഡ് ഒഫിഷ്യലുകൾക്ക് പിന്നാലെ ഫെഡ് മിനുട്സും ബോണ്ട് യീൽഡിന് പിന്തുണ നൽകിയത് ഇന്നലെ സ്വർണത്തിൽ ലാഭമെടുക്കലിന് വഴിവെച്ചു. ഇന്ന് ഏഷ്യൻ വിപണി സമയത്തും വീഴ്ച തുടർന്ന രാജ്യാന്തര സ്വർണവില 2366 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

ഐപിഒ

കോ-വർക്കിങ് സ്പേസ് കമ്പനിയായ ഔഫിസ് സ്പെയ്സ് സൊല്യൂഷന്റെ ഇന്നലെ ആരംഭിച്ച ഐപിഓ മെയ് 27നാണ് അവസാനിക്കുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനിയുടെ ഐപിഓ വിലനിലവാരം 364-383 രൂപയാണ്. ഇന്ന് ലിസ്റ്റ് ചെയ്ത ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡ് 12% മുന്നേറ്റം നടത്തി. ഓഹരി തിരുത്തലിൽ പരിഗണിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com