ADVERTISEMENT

മുൻ മന്ത്രിസഭയിലെ പ്രധാനികളെല്ലാം തന്നെ കേന്ദ്രമന്ത്രിസഭയിൽ അവരുടെ പഴയ വകുപ്പുകളിലേക്ക് തിരിച്ചു വന്നതിന്റെ ആവേശത്തിൽ മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്നും അവസാന മണിക്കൂറിൽ ലാഭമെടുക്കലിൽ നേട്ടം കൈവിട്ടെങ്കിലും നഷ്ടമൊഴിവാക്കി. ഇന്നലെ റെക്കോർഡ് ഭേദിച്ച ശേഷം നഷ്ടം കുറിച്ച നിഫ്റ്റി ഇന്ന് 23389 പോയിന്റ് വരെ മുന്നേറിയ ശേഷം 23200 പോയിന്റിലേക്ക് വീണെങ്കിലും 23264 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 33 പോയിന്റ് നഷ്ടത്തിൽ 76456 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു.

share-market

ഇന്നലെ വീണ ഐടി സെക്ടർ നാസ്ഡാക്കിന് പിന്നാലെ ഇന്ന് നേരിയ നേട്ടമുണ്ടാക്കിയത് വിപണിക്ക് അനുകൂലമായി. ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ, മെറ്റൽ, എഫ്എംസിജി സെക്ടറുകൾ നേരിയ ഇന്ന് നഷ്ടം കുറിച്ചു. നിഫ്റ്റി റിയൽറ്റി സെക്ടർ ഇന്നും 1.1% മുന്നേറിയപ്പോൾ ഇൻഫ്രാ, ഓട്ടോ, എനർജി സെക്ടറുകളും മുന്നേറി.

ധനമന്ത്രി വീണ്ടും തിരിച്ചെത്തി
 

കേന്ദ്ര മന്ത്രിസഭയിൽ പ്രധാന വകുപ്പുകളെല്ലാം ബിജെപി തന്നെ കൈയിൽ വച്ച മൂന്നാം മോദി സർക്കാർ കൂട്ടുകക്ഷികളുമായി ഒത്തു തീർപ്പിനായി നയവ്യതിയാനങ്ങൾ വരുത്തില്ല എന്ന സൂചന നൽകിയതും വിപണി ഉൾക്കൊണ്ടു. ധനമന്ത്രിയായി നിർമല സീതാരാമനും, പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും, ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിതിൻ ഗഡ്കരിയും തിരിച്ചെത്തിയത് വിപണിയുടെ ആത്മവിശ്വാസവും വർദ്ധിപ്പിച്ചു. ഡിഫൻസ്, ഇൻഫ്രാ സെക്ടറുകൾ ഇന്നും നേട്ടമുണ്ടാക്കി.

ധനമന്ത്രി ചാർജെടുത്ത് കഴിഞ്ഞതിനാൽ ഇനി ഇന്ത്യൻ വിപണിയുടെ ശ്രദ്ധ യൂണിയൻ ബജറ്റിലേക്ക് തന്നെയായിരിക്കും. ഇൻഫ്രാ, ഡിഫൻസ്, ഖാന വ്യവസായ മേഖലകൾക്കൊപ്പം കാർഷിക മേഖലക്കും കൂടുതൽ പരിഗണന ലഭ്യമാകുന്ന ബജറ്റാണ് വിപണി പ്രതീക്ഷിക്കുന്നത്.

3 കോടി വീടുകൾ

ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രധാനമന്ത്രി ആവാസ് യോജന വഴി മൂന്ന് കോടി വീടുകൾ കൂടി നിർമിക്കുമെന്ന പ്രഖ്യാപനം പൊതുമേഖല നിർമാണ ഓഹരികൾക്ക് കുതിപ്പ് നൽകിയത് ഇന്ന് റിയൽറ്റി സെക്ടറിന് 1%ൽ കൂടുതൽ മുന്നേറ്റം നൽകി. എൻബിസിസി ഇന്ന് 10% നേട്ടമുണ്ടാക്കിയപ്പോൾ ഹഡ്‌കോ 5%വും മുന്നേറി.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

ഫെഡ് നയം നാളെ
 

ഇന്ന് ആരംഭിക്കുന്ന ഫെഡ് യോഗം ഇത്തവണ നിരക്കുകളിൽ മാറ്റം വരുത്തില്ലെങ്കിലും, ഫെഡ് ചെയർമാന്റെ നാളത്തെ പ്രസ്താവനകൾ സെപ്റ്റംബർ മുതൽ ഫെഡ് നിരക്ക് കുറയ്ക്കുമോ എന്ന സൂചന നൽകുമെന്നതിനാൽ വിപണിക്ക് അതിപ്രധാനമാണ്. നാളെ തന്നെ അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകളും പുറത്ത് വരുന്നതും അമേരിക്കൻ വിപണിയിൽ കൂടുതൽ ചാഞ്ചാട്ടത്തിന് കാരണമായേക്കാം. അമേരിക്കൻ പണപ്പെരുപ്പവളർച്ച വിപണി പ്രതീക്ഷക്കൊപ്പം നിന്നാൽ വിപണി മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഇന്നലെ അമേരിക്കൻ വിപണി നേട്ടത്തിൽ ക്ളോസ് ചെയ്‌തെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമ്മിശ്ര ക്ളോസിങ് നടത്തിയ ശേഷം യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡ് മാറ്റങ്ങളില്ലാതെ തുടരുന്നതിനാൽ അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് ഏഷ്യൻ വിപണി സമയത്ത് വ്യാപാരം നടന്നത്.

ക്രൂഡ് ഓയിൽ
 

ആവശ്യകതയിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിൽ ഇന്നലെ അമേരിക്കൻ വിപണി സമയത്ത് മുന്നേറ്റം നടത്തി 81 ഡോളറിന് മുകളിലെത്തി ബ്രെന്റ് ക്രൂഡ് ഓയിലിന് അമേരിക്കൻ എണ്ണശേഖരത്തിലെ വ്യതിയാനങ്ങൾ പ്രധാനമാണ്. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും ഫെഡ് ചെയർമാന്റെ പ്രസ്‌താവനകളും ക്രൂഡ് ഓയിലിനെയും നയിക്കും.

സ്വർണം
 

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് അനുകൂലമാക്കി ഏഷ്യൻ വിപണി സമയത്ത് നേട്ടമുണ്ടാക്കിയ സ്വർണ വിലയും നാളത്തെ അമേരിക്കൻ പണപ്പെരുപ്പം കാത്തിരിക്കുകയാണ്. അമേരിക്കൻ പണപ്പെരുപ്പത്തിലെ വർദ്ധന സ്വർണത്തിനും ക്ഷീണമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com