ADVERTISEMENT

ഓൺലൈനിലൂടെ വാങ്ങിയ സാധനങ്ങൾ ഇഷ്ടപ്പെടാതിരിക്കുകയോ അവയ്ക്ക് എന്തെങ്കിലും തകരാറു കാണുകയോ ചെയ്താൽ മടക്കിവാങ്ങാമെന്ന സൗകര്യം എല്ലാവരും രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.  ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓൺലൈൻ വാങ്ങൽ കൂടുതൽ കാര്യക്ഷമമാക്കാം.

1 ഓൺലൈനിൽ എന്ത് സാധനം വാങ്ങിയാലും അവ ലഭിച്ചാലുടൻ തന്നെ ഉപയോഗിച്ചു നോക്കുക. തൃപ്തികരമല്ലെന്ന് തോന്നിയാൽ ഉടനെ റിട്ടേൺ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക.

2 റിട്ടേൺ കാലാവധി പൂർത്തിയാകുന്ന വരേയും സാധനങ്ങളുടെ കൊറിയർ കൊണ്ടുവന്ന പാക്കറ്റ് നശിപ്പിച്ചു കളയാതിരിക്കുക. തിരിച്ചയയ്ക്കാൻ അതു വേണ്ടിവരും.

3 ഒരു ഓൺലൈൻ സൈറ്റിൽ തന്നെ എല്ലാ സാധനങ്ങൾക്കും ഒരേതരം റിട്ടേൺ പോളിസി ആയിരിക്കില്ല. തിരിച്ചയയ്ക്കാൻ സാധിക്കാത്ത ചില സാധനങ്ങളും ഉണ്ടാകാം. അതിനാൽ എന്തു സാധനം വാങ്ങുമ്പോഴും റിട്ടേൺ പോളിസി കൃത്യമായി വായിച്ച് മനസ്സിലാക്കിയിട്ട് വേണം വാങ്ങാൻ.

4 ഏതാണ്ട് പത്ത് ദിവസത്തിനുള്ളിൽ ആണ് സാധനങ്ങൾ തിരിച്ചു സ്വീകരിക്കുക. അതായത് സാധനം കൈയിൽ കിട്ടി 10 ദിവസത്തിനകം തന്നെ അത് തിരിച്ചയക്കാനുള്ള ശ്രമം നമ്മൾ ആരംഭിച്ചിരിക്കണം.

5 വിദേശ ഓൺലൈൻ സൈറ്റുകളിൽ നിന്നു വാങ്ങുന്ന സാധനങ്ങൾ പലപ്പോഴും റിട്ടേൺ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അലി എക്സ് പ്രസ്സ് പോലുള്ള സൈറ്റുകൾ റീഫണ്ട് അനുവദിക്കാറുണ്ട്.

6 പുറമേ കാണാവുന്ന തകരാറുകൾ സാധനത്തിനുണ്ടെങ്കിൽ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ചിലപ്പോൾ ഇ–കൊമേഴ്സ് സൈറ്റിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടിവരും.

7 മിക്കപ്പോഴും കൊറിയർ കമ്പനി നമ്മുടെ കയ്യിൽ നിന്നും സാധനം സ്വീകരിച്ചു കഴിയുമ്പോഴേക്കും തന്നെ പകരമുള്ള ഓർഡർ ആക്ടിവേറ്റ് ആവുന്നതു കാണാം. പകരം പുതിയ സാധനം അയച്ചുതരണമോ? അതോ പണം മടക്കി നൽകണോ? എന്നുള്ള ഓപ്ഷനും ചില സാധനങ്ങൾക്ക് ലഭ്യമായി എന്നു വരാം.

8 ഭക്ഷ്യവസ്തുക്കൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ റിട്ടേൺ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.

9 ഇഎംഐ ആയി വാങ്ങിയ സാധനങ്ങളുടെ ഇഎംഐ ആക്ടിവേറ്റ് ആയിട്ടുണ്ടെങ്കിൽ പകരം സാധനം ലഭിക്കുന്നതായിരിക്കും ഉത്തമം. മറിച്ച് അതിന് റീഫണ്ട് തുക കിട്ടുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.

10 സാധനങ്ങൾ തിരിച്ചയക്കുമ്പോൾ ഉൽപ്പന്നത്തിന്റെ എല്ലാ അനുബന്ധ സാധനങ്ങളും ബ്രോഷർ അടക്കമുള്ള എല്ലാ ഉപവിഭാഗങ്ങളും ഒരുമിച്ച് തിരിച്ചയയ്ക്കണമെന്ന് പ്രത്യേകം ഓർക്കുക. അതിലെന്തെങ്കിലും വീഴ്ചയുണ്ടായാൽ പകരം സാധനമോ റീഫണ്ടോ കിട്ടാൻ പ്രയാസം നേരിടാം.

ദുരുപയോഗം ചെയ്താൽ

ഇ-കൊമേഴ്സ് സൈറ്റുകളിൽ സാധനം വാങ്ങിയശേഷം മതിയായ കാരണമില്ലാതെ റിട്ടേൺ ചെയ്യുന്ന രീതിയും ദുരുപയോഗം ചെയ്യുന്ന പ്രവണതയും കാണാറുണ്ട്.

ഉദാഹരണമായി വിലയേറിയ ഫോണുകളുടെ ബാറ്ററികൾക്കും നല്ല വിലയുണ്ടാകും. അതു വാങ്ങുന്നതിനു പകരം പുതിയഫോൺ വാങ്ങി പുതിയ ബാറ്ററി എടുത്തശേഷം  ചാർജ് നിൽക്കുന്നില്ല പോലുള്ള പരാതികൾ പറഞ്ഞു ഫോൺ തിരിച്ചയയ്ക്കും. അതുകൊണ്ടുതന്നെ ഇതുപോലുള്ള ദുരുപയോഗങ്ങൾ തടയാൻ ഇ–കൊമേഴ്സ് സൈറ്റുകൾ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്.

നിരന്തരം റിട്ടേൺ ചെയ്യുന്നവരുടെ അക്കൗണ്ട് അവർ നിരീക്ഷിക്കുകയും അത് ഫ്ലാഗ് ചെയ്തു വയ്ക്കുകയും ചെയ്യുും. പിന്നീട് അവർ വാങ്ങുന്ന സാധനത്തിന് റിട്ടേൺ കിട്ടണമെന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com