ADVERTISEMENT

 

ഒരാൾ കടക്കെണിയിലേക്കു നീങ്ങുകയാണോ എന്ന് എങ്ങനെ മനസ്സിലാക്കാനാകും? സുഹൃത്തുക്കളും ബന്ധുക്കളും കടം നൽകിയ പണം തിരികെ നൽകാൻ തുടരെ ആവശ്യപ്പെടുന്നുണ്ടോ? നിങ്ങൾ കടക്കെണിയിലേക്കു നീങ്ങുന്നു എന്നതിന്റെ ആദ്യ സൂചനകളാണ് ആ വിളികൾ.

ഒരാൾ കടക്കെണിയിലായാൽ ചുറ്റുമുള്ളവരായിരിക്കും ആ വിവരം ആദ്യം മനസിലാക്കുക. ക്രെഡിറ്റ് സ്കോർ കണക്കാക്കുന്ന സ്ഥാപനങ്ങൾ വായ്പയ്ക്ക് അർഹതയുള്ളവരുടെ പട്ടികയിൽപ്പെടുത്തി മികച്ച സ്കോർ നല്‍കുന്ന സമയത്തും ചുറ്റുവട്ടത്തുള്ളവർ നിങ്ങളെ കടക്കെണിയിൽപെട്ട വ്യക്തിയായി കണക്കാക്കിയിട്ടുണ്ടാകും. ക്രെഡിറ്റ് സ്കോർ കുറയുന്നതിനെക്കാൾ വലിയ പ്രതിസന്ധിയാണിത്.

പരിധിക്കും അപ്പുറമാണോ ബാധ്യത എന്നു കണ്ടെത്താൻ ചില വഴികൾ 

1. ക്രെഡിറ്റ് കാർഡ് ഉപയോഗം– കാർഡ് ഉപയോഗിക്കുന്ന രീതി വിശകലനം ചെയ്താൽ കടത്തിന്റെ നിലവാരം കണക്കാക്കാം. കാർഡ് വഴി ഇടയ്ക്കിടെ പണം പിൻവലിക്കുന്നുണ്ടോ? എങ്കിൽ ഉറപ്പാണ്, അപകടകരമായ പാതയിലാണു സഞ്ചാരം. വല്ലപ്പോഴും അത്യാവശ്യത്തിന് കാർഡ് വഴി പണം എടുക്കുന്നതു പോലെയല്ല ഇടയ്ക്കിടെയുള്ള പരിപാടി. എല്ലാ കാര്യങ്ങൾക്കും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാമെന്ന ചിന്തയും അപകട സൂചനയാണ്. 

2. ഏതു സമയത്തും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതാണു മറ്റൊന്ന്. എല്ലാ കാര്യങ്ങളും മാറ്റിവച്ചു ചിന്തിച്ചാലും ക്രിയാത്മകമായ പരിഹാരം ഉരുത്തിരിയുകയുമില്ല. 

3. എപ്പോഴും പണത്തെക്കുറിച്ചുള്ള ചിന്തയുടെ   മറ്റൊരു വശമാണ് ലോട്ടറി. വല്ലപ്പോഴും ലോട്ടറി എടുക്കുന്നതോ ബംപർ അടിക്കുന്നതു സ്വപ്‌നം കാണുന്നതോ പ്രശ്‌നമല്ല. പക്ഷേ, വലിയൊരു ലോട്ടറി അടിക്കുമെന്നും അതിലൂടെ പ്രശ്നങ്ങളെല്ലാം തീർക്കാമെന്നും മനക്കോട്ട കെട്ടുന്നത് സാമ്പത്തിക അനാരോഗ്യത്തിന്റെ ലക്ഷണമാണ്. 

4. ശമ്പളദിനത്തിൽ കൊടുക്കാമെന്നു കരുതി തുടർച്ചയായി കൈവായ്പ വാങ്ങുന്നതും സൂചനയായി കരുതണം. ആദ്യം കുഴപ്പമൊന്നുമില്ലെങ്കിലും പതിയെ സ്ഥിതി ഗുരുതരമാകാം.

5. സ്ഥിരമായി ചായ കുടിക്കുന്നിടത്ത് പറ്റു തുടങ്ങിയാലോ എന്ന ചിന്ത, ബാങ്കിലെ ഓവർ ഡ്രാഫ്റ്റ് സൗകര്യം ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം പ്രയോജനപ്പെടുത്തുക, ക്രെഡിറ്റ് കാർഡ് പരിധി സ്ഥിരമായി മറികടക്കുക, വിവിധ കാർഡുകൾക്കിടയിൽ ക്രെഡിറ്റ് റോൾ ചെയ്തു കൊണ്ടുള്ള ഞാണിൻമേൽ കളി തുടങ്ങിയവയെല്ലാം കടക്കെണിയുടെ സൂചനകളാണ്.   

നിലവിലെ സാമ്പത്തിക ഇടപാടുകളും നിക്ഷേപരീതിയും സമ്പാദ്യവും ചെലവുകളും എല്ലാം സ്വയം വിശകലനം ചെയ്യുക. എന്നിട്ട് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരിക. എന്നാൽ കടക്കെണിയിൽ വീണശേഷം ഇതൊന്നും ചെയ്തിട്ടു കാര്യമില്ല. ആ അവസ്ഥയിൽ ഒരു ഫിനാൻഷ്യൽ പ്ലാനറുടെ പിന്തുണ തേടിയാലേ  പരിഹാരം ഉണ്ടാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com