sections
MORE

മൊബൈല്‍ ഫോണ്‍ കമ്പനികളുടെ മല്‍സരം ഉപഭോക്താക്കളുടെ കീശ ചോര്‍ത്തുമോ?

mobile-phone-c
SHARE

ഏതുവ്യവസായത്തിലും സേവനദാതാക്കള്‍ തമ്മില്‍ മല്‍സരിച്ചാല്‍ അതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുക. മൊബൈല്‍ ഫോണ്‍ രംഗത്തും കാര്യങ്ങള്‍ ഏറെക്കുറെ അങ്ങനെതന്നെയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പക്ഷേ സംശയം ജനിപ്പിക്കുന്നതാണ്. ഓരോ ദിവസം ചെല്ലും തോറും കടുത്ത മല്‍സരമേറിവരുന്ന മൊബൈല്‍ ഫോണ്‍ 4ജി സേവനരംഗത്തെ രണ്ട് കമ്പനികളുടെ പരസ്പരമള്ള കുറ്റപ്പെടുത്തലുകളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു സംശയം ഉയര്‍ത്തുന്നത്. ലാഭം കൂട്ടാനും കോള്‍ ട്രാഫിക് വ്യാപ്തം കൂട്ടിക്കാട്ടാനും ഒരു സേവനദാതാവ് അതിന്റെ ഉപഭോക്താവ് മറ്റേതെങ്കിലും സേവനദാതാവിന്റെ ഫോണുകളിലേക്ക് വിളിച്ചാല്‍ കോളിന്റെ റിംങ്ങിങ് ടൈം കുറയ്ക്കുകയാണത്രേ. ഇതുമൂലം ഇത്തരം കോളുകള്‍ മിസ്ഡ് കോളായി മാറുന്നു. മറ്റേ ഉപഭോക്താവ് ഈ സേവനദാതാവിന്റെ കസ്റ്റമറുടെ നമ്പരിലേക്ക് വിളിക്കാന്‍ നിര്‍ബന്ധിതനാകുന്നു. അയാളുടെ പണവും നഷ്ടമാകുന്നു. സംഭവം മനസിലായില്ലെങ്കില്‍ ഒന്നു കൂടി വിശദമായി പറയാം.

ടൂത്ത് പേസ്റ്റിന്റെ വില്‍പ്പന കൂട്ടാന്‍ പേസ്റ്റ് പുറത്തേക്ക് വരുന്ന ദ്വാരം ഒരല്‍പ്പം വലുതാക്കിയ ഒരു വിദ്വാന്റെ കഥ മാനേജ്‌മെന്റ് ക്ലാസുകളില്‍ പ്രചരിച്ചിരുന്നത് പലരും ഓര്‍ക്കുമല്ലോ. സംഭവം കിങ് ലയര്‍ എന്ന സിദ്ദിക്ക് ലാല്‍ ചിത്രത്തിലും വിഷയമായിരുന്നു. ഇതിനു സമാനമായ ഒരു സംഭവമാണ് മൈബൈല്‍ ഫോണ്‍ വ്യവസായത്തിലും അരങ്ങേറുന്നത്. മല്‍സരം അനുദിനം രൂക്ഷമാകുന്ന ഇന്ത്യന്‍ മൈബൈല്‍ ഫോണ്‍ രംഗത്താണ് ഇപ്പോള്‍ ഇത്തരമൊരു കുതന്ത്രത്തെക്കുറിച്ച് ആരോപണ പ്രത്യോരോപണങ്ങള്‍ ഉയരുന്നത്.

നിങ്ങള്‍ ഒരാളുടെ ഫോണിലേക്ക് വളിച്ചാല്‍ അയാളുടെ ഫോണ്‍ എത്രനേരം റിങ് ചെയ്യും. എത്രനേരം വേണേലും റിങ് ചെയ്‌തോട്ടെ അതൊക്കെ അറിഞ്ഞിട്ട് എന്തുകാര്യം എന്നാകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുക. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷ അനുസരിച്ച്  നിങ്ങള്‍ ഒരാളെ വിളിച്ചാല്‍ അയാളുടെ ഫോണില്‍ 45 സെക്കന്റ് നേരം റിങ് ചെയ്തിരിക്കണം. അത്രയും സമയം റിങ് ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാവ് അവസരം നല്‍കിയിരിക്കണം എന്നു ചുരുക്കം. എന്നാല്‍ ഒരു വമ്പന്‍ മൊബൈല്‍സേവന ദാതാവ് മറ്റൊരു വമ്പന്‍ സേവനദാതാവിനെതിരെ വലിയ ഒരു  ആരോപണം  ഉന്നയിച്ചിരിക്കുകയാണ്. ആ കമ്പനി റിങ്ങിങ് ടൈം 45 സെക്കന്റില്‍ നന്ന് 20 സെക്കന്റായി കുറച്ചിരിക്കുകയാണത്രേ. ഇങ്ങനെ കുറച്ചാല്‍ എന്താണ് സംഭവിക്കുക. റിങ്ങിങ് സമയം കുറയുമ്പോള്‍ വിളി വുരന്ന ആള്‍ക്ക് അത് കേള്‍ക്കാനും അറിയാനും കുറച്ചുസമയേ ലഭിക്കും. അതുകൊണ്ട് അത് മിസ്ഡ് കോളായി പരിണമിക്കും.

അയാള്‍ തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതനാകും. ഇതുകൊണ്ട് കമ്പനിക്ക് എന്താണ് മെച്ചം എന്നല്ലേ. പറയാം.  എ എന്ന സേവന ദാതാവിന്റെ ഉപഭോക്താവ് ബി എന്ന സേവനദാതാവിന്റെ  നമ്പര്‍ ഉപയോഗിക്കുന്ന കസ്റ്റമറെ വിളിക്കുമ്പോള്‍ 45 സെക്കന്റിനു പകരം 20 സെക്കന്റ് റിങ് ചെയ്യാനേ എ എന്ന സേവനദാതാവ് അവസരം നല്‍കുന്നുള്ളു. അപ്പോള്‍ ബിയുടെ കസ്റ്റമര്‍ക്ക് കോളെടുക്കാന്‍ പറ്റാതെ വരികയും തിരിച്ചുവിളിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുന്നു.  അങ്ങനെ എയില്‍ നിന്നുള്ള കോള്‍ ബിയുടെ കസ്റ്റമര്‍ എടുത്താല്‍ എ എന്ന സേവന ദാതാവ് ബി എന്ന സേവനദാതാവിന് മിനിറ്റിന് ആറു പൈസവെച്ച് ഇന്റര്‍കണക്ടിവിറ്റി യൂസര്‍ ചാര്‍ജായി നല്‍കണം. റിങ്ങിങ് ടൈം കുറയ്ക്കുന്നതിലൂടെ ആ പണം നല്‍കേണ്ടി വരുന്നില്ല എന്നുമാത്രമല്ല ബി യില്‍ നിന്ന് വിളി തിരിച്ചുവരുന്നതുകൊണ്ട് ആറ് പൈസ ലഭിക്കുകയും ചെയ്യും. എന്താല്ലേ.. മല്‍സരം രൂക്ഷമാകുന്നതുകൊണ്ടാണ് ഇത്തരം കഥകള്‍ പുറത്തുവരുന്നത്. ഇനിയും എന്തൊക്കെ അറിയാനിരിക്കുന്നു. ഏതായാലും രണ്ട് കമ്പനികളും തമ്മിലുള്ള വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA