ADVERTISEMENT

പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ബാങ്കിതര ഫൈനാൻസ് കമ്പനികൾ, വാഹന വിതരണക്കാർ തുടങ്ങിയവരൊക്കെ വാഹന വായ്പകൾ നൽകുന്നുണ്ട്. എവിടെ നിന്ന് വായ്പ എടുത്ത് വാഹനം വാങ്ങുന്നതാണ് മെച്ചമെന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. വായ്പ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും അനുവദിക്കുന്നതിന് എടുക്കുന്ന കാലതാമസവും ഒരു പ്രധാന ഘടകമാണ്. 

നടപടികൾ നൂലാമാലകൾ

ബാങ്കുകളിൽ പൊതുവെ വായ്പ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ കർക്കശവും സമയമെടുക്കുന്നതുമാണ്. ഫൈനാൻസ് കമ്പനികളിലും വാഹന വിതരണക്കാരുടെ ഷോറുമൂകളിലും തിരിച്ചറിയലിനും മേൽവിലാസം തെളിയിക്കുന്നതിനുമുള്ള രേഖകൾ, നിലവിലുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിങ്ങനെ അടിസ്ഥാന രേഖകൾ മാത്രം ഹാജരാക്കി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വായ്പ അനുവദിച്ചു നൽകുന്നു. 

തിരിച്ചടവ് രീതികൾ ശ്രദ്ധിക്കണം

വായ്പയ്ക്ക് ചുമത്തുന്ന പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതിയും വളരെ വ്യത്യാസമുണ്ട്. തിരിച്ചടയ്ക്കുന്നതിനനുസരിച്ച് ബാക്കി നിൽക്കുന്ന മുതൽ തുകയ്ക്ക് മാത്രം പലിശ കണക്കാക്കുന്ന ഡിമിനിഷിംഗ് രീതിയിലാണ് ബാങ്കുകൾ പലിശ വാങ്ങുക. ഫൈനാൻസ് കമ്പനികളും ഡീലർമാരും പലപ്പോഴും ഫ്ളാറ്റ് നിരക്കിലാണ് പലിശ ഈടാക്കുക. തിരിച്ചടവിനനുസരിച്ച് പലിശ കുറയും എന്ന് പറയുമ്പോഴും ഓരോ വർഷത്തേയ്ക്കും ഫ്ളാറ്റ് നിരക്കായിരിക്കും. 

പലിശ ചെലവ് പലവിധം 

പ്രത്യക്ഷത്തിൽ ഫൈനാൻസ് കമ്പനികളിൽ നിരക്ക് കുറവായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഈടാക്കുന്ന പലിശ ചെലവ് ബാങ്കുകളിൽ തുലോം കുറവായിരിക്കും. ബാങ്കുകളിൽ ഈടാക്കുന്ന വായ്പ പ്രോസസിങ് ഫീസുകളിൽ ഇളവ് ലഭിക്കുന്നില്ല. ഫൈനാൻസ് കമ്പനികളിലും ഡീലർമാരിലും ഇവ ഇളവ് നൽകുമെങ്കിലും കാറിന്റെ വിലയിൽ സബ് വെൻഷൻ എന്ന പേരിൽ ലഭിക്കുന്ന ഡിസ്കൗണ്ട് തുക ഇടപാടുകാരന് നൽകാതെ കമ്പനികൾ എടുക്കുന്നു. ഇത്തരത്തിൽ ഉയർന്ന സബ് വെൻഷൻ തുക ഉള്ളപ്പോൾ പൂജ്യം ശതമാനം പലിശയ്ക്ക് വായ്പ എന്നും പ്രചരിപ്പിക്കാറുണ്ട്. 

പിഴയിലും വേണം ശ്രദ്ധ 

ബാങ്കുകളിൽ വായ്പ കാലാവധിയ്ക്ക് മുമ്പ് തുക തിരിച്ചടയ്ക്കാൻ പിഴ നൽകേണ്ടതില്ലെങ്കിലും ഫൈനാൻസ് കമ്പനികളും ഡീലർമാരും നൽകുന്ന വായ്പകളിലും മുൻകൂർ തിരിച്ചടവിന് പിഴ ഈടാക്കും. വാഹനത്തിന്റെ ഇൻവോയ്സ് വിലയിൽ ഒരു നിശ്ചിത ശതമാനം മാർജിൻ തുക കിഴിച്ചുള്ളതാണ് മിക്കപ്പോഴും ബാങ്കുകൾ വായ്പയായി അനുവദിക്കുക. ഇൻവോയ്സ് വിലയോടൊപ്പം രജിസ്ട്രേഷൻ, റോഡ് നികുതി, കോംപ്രിഹെൻസീവ് ഇൻഷുറൻസ് എന്നിവയടക്കം വാഹനത്തിന്റെ ഓൺ റോഡ് വില മിക്കപ്പോഴും പൂർണ്ണമായും ഫൈനാൻസ് കമ്പനികളും ഡീലർമാരും വായ്പയായി അനുവദിക്കും. മിക്ക വാഹന ബ്രാൻഡുകൾക്കും സ്വന്തമായുള്ള ഫൈനാൻസ് കമ്പനികളാണ് ഡീലർമാർ മുഖാന്തരം വായ്പകൾ നൽകുന്നത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com