ക്രെഡിറ്റ് കാര്‍ഡില്‍ കടം കയറുന്നത് കുറയ്ക്കാം

HIGHLIGHTS
  • ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് 30 മുതല്‍ 42 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കി കൊണ്ടിരിക്കുമ്പോള്‍ എട്ട് ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഗുണകരമല്ല
credit-card
SHARE

സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് പണം നല്‍കാന്‍ പലിശ രഹിത സാവകാശം ലഭിക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളെ ജനപ്രിയമാക്കുന്നത്. സൗകര്യപ്രദമായ ഒരു പണകൈമാറ്റ സംവിധാനമാണെങ്കില്‍ കൂടിയും ചെലവേറുമെന്നതിനാല്‍ ഈ കാര്‍ഡുകള്‍ ഇടപാടുകാരനെ കടക്കെണിയിലുമാക്കും. കാര്‍ഡുകളില്‍ തിരിച്ചടയ്ക്കാനുള്ള തുകയുടെ അഞ്ച് ശതമാനം മാത്രം തിരിച്ചടച്ച് കൊണ്ട് ബാക്കി തുക റിവോള്‍വിംഗ് ക്രെഡിറ്റായി മാറുമ്പോള്‍ കാര്‍ഡ് തുടര്‍ന്നും ഉപയോഗിക്കാമെന്നത് കടം കുമിഞ്ഞ് കൂടി ഇടപാടുകാരനെ നട്ടം തിരിയ്ക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം മൂലം കടക്കെണിയില്‍ പെട്ടവര്‍ക്ക് രക്ഷപ്പെടാന്‍ ചില മാര്‍ഗങ്ങള്‍ ആലോചിക്കാം.

ബാലന്‍സ് ട്രാന്‍സ്ഫര്‍

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഒരു കാര്‍ഡില്‍ ഉപയോഗിക്കാതെ നില്‍ക്കുന്ന ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച് മറ്റൊരു കാര്‍ഡില്‍ തിരിച്ചടയ്ക്കാന്‍ ബാക്കി നില്‍ക്കുന്ന തുക അടച്ച് തീര്‍ക്കാവുന്ന സൗകര്യമാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍. ബാലന്‍സ് ട്രാന്‍സ്ഫര്‍ സേവനം ഉപയോഗപ്പെടുത്തിയ കാര്‍ഡില്‍ തുക തിരിച്ചടയ്ക്കുന്നതിന് 90 ദിവസം വരെ പലിശരഹിത സാവകാശം ലഭിക്കും. സാധാരണ ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലിശ നല്‍കിയാല്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ തുക 6, 12, 24 എന്നിങ്ങനെ തുല്യ മാസതവണകളായി തിരിച്ചടയ്ക്കുന്ന രീതിയിലും ഉപയോഗിക്കാം.
വ്യക്തിഗത വായ്പ
സാധാരണഗതിയില്‍ വ്യക്തിഗത വായ്പകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ ഒഴിവാക്കേണ്ടവയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളില്‍ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് നല്‍കേണ്ടി വരുന്ന പലിശ നിരക്കിനേക്കാള്‍ കുറവായ വ്യക്തിഗത വായ്പകള്‍ എടുത്ത് കാര്‍ഡിലെ വായ്പ തിരിച്ചടയ്ക്കാം. വായ്പ എന്താവശ്യത്തിന് ഉപയോഗിക്കണമെന്ന് വ്യക്തിഗത വായ്പകളില്‍ നിര്‍ബന്ധമില്ലാത്തതും തിരിച്ചടയ്ക്കാന്‍ കൂടുതല്‍ കാലാവധി ലഭിക്കുമെന്നതും അനുകൂലമാണ്.
ടോപ് അപ് വായ്പകള്‍
കൃത്യമായി തിരിച്ചടച്ച് കൊണ്ടിരിക്കുന്ന നിലവിലുള്ള വായ്പകളില്‍ ജാമ്യ വസ്തുവിന്റെ മൂല്യത്തിന് അടിസ്ഥാനമായി ഉയര്‍ന്ന വായ്പ തുക അനുവദിക്കുന്നവയാണ് ടോപ് അപ് വായ്പകള്‍. വായ്പ എടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ ഭവന വായ്പകളില്‍ ഭവന വായ്പ പലിശ നിരക്കില്‍ തന്നെ ടോപ് അപ്പ് വായ്പകള്‍ അനുവദിക്കും. വാഹന വായ്പകളിലും ടോപ് അപ്പ് വായ്പ എടുക്കാന്‍ അര്‍ഹതുണ്ട്, ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ച് തിരിച്ചടവ് കാലാവധി നിശ്ചയിക്കാവുന്നതും താങ്ങാനാവാത്ത ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ തിരിച്ചടയ്ക്കാവുന്നതുമാണ്.
നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്താം
ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക്  30 മുതല്‍ 42 ശതമാനം വരെ വാര്‍ഷിക പലിശ നല്‍കി കൊണ്ടിരിക്കുമ്പോള്‍ എട്ട് ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഗുണകരമല്ല. ബാങ്ക് നിക്ഷേപങ്ങള്‍, ദേശീയ സമ്പാദ്യ നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ ക്ലോസ് ചെയ്യാതെ തന്നെ അവ ഉപയോഗിച്ച് വായ്പകളെടുത്ത് ക്രെഡിറ്റ് കാര്‍ഡുകളില്‍ ബാക്കി നില്‍ക്കുന്ന തുക അടച്ച് തീര്‍ക്കാം. നിക്ഷേപങ്ങള്‍ കാലാവധിയ്ക്ക് മുമ്പ് പിന്‍വലിക്കുമ്പോള്‍ പിഴ നല്‍കേണ്ടി വരുമെന്നത് ശ്രദ്ധിയ്ക്കണം. ആറ് ശതമാനത്തില്‍ താഴെ ശരാശരി മൂലധന വളര്‍ച്ച ലഭിക്കുന്ന പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നും വായ്പ എടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാം.
ക്രെഡിറ്റ് സ്‌കോര്‍ മോശമാകരുത്
ഒന്നിലധികം കാര്‍ഡുകളില്‍ അടയ്ക്കാനായി തുക ബാക്കി നില്‍ക്കുമ്പോള്‍ ഏറ്റവും കുറവുള്ള തുകകള്‍ ആദ്യമാദ്യം പൂര്‍ണ്ണമായും തിരിച്ചടയ്ക്കാന്‍ ശ്രമിയ്ക്കണം. ഒരു കാര്‍ഡിലെങ്കിലും പൂര്‍ണ്ണമായും തുക തിരിച്ചടയ്ക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ അനുപാതം മെച്ചപ്പെടുത്തുന്നതിനും ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തുന്നതിനും സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA