ADVERTISEMENT

രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ ആറു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 10.01 ശതമാനത്തിലേക്ക് കുതിച്ചതോടെ വീട്ടമ്മമാര്‍ ആശങ്കയിലാണ്. വരുമാനം കുറയുകയും നിത്യനിദാന ചെലവ് കുതിച്ചുയരുകയും ചെയ്തതോടെ മാസാവസാനം എത്തിക്കാനുള്ള പെടാപാടിലാണ് അടുക്കള മാനേജര്‍മാര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ തളര്‍ച്ച സകല മേഖലകളിലും ബാധിക്കുമ്പോഴാണ് അടുക്കളയിലും ഇതിന്റെ അലയൊലികള്‍ എത്തുന്നത്. ആഗസ്തില്‍ 2.99 ശതമാനത്തില്‍ നിന്നതാണ് ഭക്ഷ്യ വിലക്കയറ്റം. സെപ്റ്റംബറില്‍ 5.11 ശതമനത്തിലെത്തുകയും പിന്നീട് ഒക്ടോബറില്‍ 7.89 ലേക്കുയരുകയും ചെയ്തു. എന്നാല്‍  ഭക്ഷ്യോത്പന്നങ്ങളുടെ  വിലക്കയറ്റം നവംമ്പറിലേക്ക് എത്തുമ്പോള്‍ 10.01 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്ന കാഴ്ചയാണ് കാണാനാവുന്നത്. എന്നാല്‍ ഈ വിലക്കയറ്റത്തിന് പിന്നില്‍ മോശം മണ്‍സൂണോ,ക്ഷാമമോ അല്ല കാരണം. മറിച്ച് ഉയര്‍ന്ന വിള കിട്ടിയിട്ടും കനത്ത മഴയില്‍ കര്‍ഷകരുടെ  വിളയെല്ലാം നശിച്ചു പോയതുകൊണ്ടാണ് വില ഉയര്‍ന്നത്.

ആര്‍ ബി ഐ ഇടപെടുന്നില്ല

വ്യാവസായിക ഉത്പാദനം 3.84 ശതമാനമായി കുറഞ്ഞെങ്കിലും  പലിശ നിരക്കില്‍ കുറവ് വരുത്തി ജനങ്ങളുടെ കൈയ്യിലേക്ക് പണമെത്തിക്കാന്‍ കടുത്ത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ ബി ഐ തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ കുടുംബ ചെലവുകള്‍ സ്വയം ക്രമപ്പെടുത്തി വിലക്കയറ്റത്തെ മറികടക്കുകയേ നിവൃത്തിയുള്ളു.

പച്ചക്കറി വില ഉയര്‍ന്നത് 26 ശതമാനം

ഭക്ഷ്യസാധനങ്ങളുടെ, ഭക്ഷണത്തിന്റെ വില കുതിച്ചുയരുന്നതാണ് ഭക്ഷ്യ വിലക്കയറ്റം. ധാന്യങ്ങള്‍ മുതല്‍ അടുക്കളയിലേക്ക് വേണ്ട സകല സാധനങ്ങളും ഇതിന്റെ ഭാഗമാണ്. അടുക്കളയിലെ ബജറ്റ് ബലൂണ്‍ പോലെ വീര്‍ക്കുന്നതോടെ ശരാശരിക്കാരന്റെ ചെലവഴിക്കാനുള്ള തുകയെ ഇത് വരിഞ്ഞ് മുറുക്കുന്നു. ഇത് മാസം തോറുമുള്ള വായ്പ തിരിച്ചടവിനെ വരെ ബാധിക്കാം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിൽ പച്ചക്കറിയുടെ വില ഉയര്‍ന്നത് 26 ശതമാനമാണ്.

ബീഫിന് ഉള്ളി വേണ്ട

അടുക്കളയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം. അരക്കിലോ ഉള്ളിയില്‍ വേവിക്കുന്ന ബീഫിന് ഇനി ഉള്ളി ഒരെണ്ണമാക്കാം. അങ്ങനെ ശീലിച്ചാല്‍ തന്നെ മാസം 500 രൂപ വരെ ലാഭിക്കാം.

പുറത്തെ ഭക്ഷണം അകത്താക്കാം

ആഴ്ചയില്‍  പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് മാസത്തിലൊന്നാക്കി ചുരുക്കുക. കാരണം ഉള്ളി വില 200 എത്തുമ്പോള്‍ റെസ്‌റ്റോറന്റ്കാരും ആ കാരണം പറഞ്ഞ് വില ഉയര്‍ത്തും (ഉള്ളി ഉപയോഗിച്ചില്ലെങ്കിലും). ഈയിനത്തില്‍ നാലുപേരുള്ള കുടുംബത്തിന് ചുരുങ്ങിയത് 5000-6000 രൂപ ലാഭിക്കാം.

പൊതുഗതാഗതം പരമ സുഖം

ഇനി ഭാര്യയും ഭര്‍ത്താവും രണ്ട് വാഹനങ്ങളിലാണ് ഓഫീസില്‍ പോകുന്നതെങ്കില്‍ ഒന്നാക്കി ചുരുക്കാം. കഴിയുന്നതും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വലിയ തോതില്‍ പണം ലാഭിക്കാം.

ഒത്തുകൂടല്‍ ആഴ്ചയിലൊന്ന് മതി

ഓണ്‍ലൈന്‍  പാഴ്‌സല്‍ ഭക്ഷണങ്ങളും അനാവശ്യമായ മറ്റ് പര്‍ച്ചേസുകളും ഒഴിവാക്കാം. ധൂര്‍ത്ത് ഒഴിവാക്കാമെന്ന് മാത്രമല്ല  ചെലവു വിപുലീകരിക്കുന്ന പദ്ധതിയുമായി വരുന്നവരെ തത്ക്കാലം പടിക്ക്് പുറത്ത് നിര്‍ത്തുകയുമാകാം. സുഹൃത്തുക്കളോടൊപ്പം വൈകുന്നേരത്തെ സ്ഥിരം 'ഒത്തുകൂടല്‍' ആഴ്ചയിലൊന്നാക്കി ചുരുക്കിയാല്‍ വീട്ടച്ഛന്‍മാര്‍ക്കും ലാഭിക്കാം ആയിരങ്ങള്‍. അനാവശ്യ യാത്രകളും ഈ സമയത്ത് ഒഴിവാക്കാം.

പലിശ കടങ്ങള്‍ വേണ്ട

വര്‍ധിച്ച ചെലവ് കണ്ടെത്താന്‍ വലിയ ഓഫറുകളുമായി ധനകാര്യസ്ഥാപനങ്ങളും വ്യക്തികളും സമീപിച്ചേക്കാം. അവരോട് കണ്ണുമടച്ച് നോ പറഞ്ഞേക്കുക. കാരണം നിലവിലെ പ്രതിസന്ധി മറികടക്കാനാണ് കടം കൂടിയ പലിശയ്ക്ക് വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ പലിശ ഉയരുന്നത് റോക്കറ്റുപോലെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com