sections
MORE

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുടരണോ, നിര്‍ത്തണോ?

HIGHLIGHTS
  • സ്വയം തീരുമാനമെടുത്ത് വാങ്ങുന്ന പോളിസികള്‍ നിര്‍ത്തണോ തുടരണോ എന്ന ആശങ്കയില്ല
family%20protection
SHARE

അടുത്ത ബന്ധുക്കളെയോ ഒഴിവാക്കാന്‍ പറ്റാത്ത സുഹൃത്തുക്കളെയോ ഇടപെടുത്തിയാണ് മിക്ക ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാരും ഇടപാടുകാരെ സമീപിക്കുന്നത്. പോളിസിയുടെ മെച്ചത്തേക്കാള്‍ വ്യക്തിബന്ധങ്ങളുടെ മൃദുലതയാണ് തീരുമാനമെടുക്കാന്‍ മുന്നില്‍ നില്‍ക്കുക. ഒന്നോ രണ്ടോ കൊല്ലം പ്രിമീയം അടച്ച് കഴിയുമ്പോഴാണ് പോളിസിയുടെ ഗുണദോഷങ്ങള്‍ തിരിച്ചറിയുക. അടച്ച പ്രിമീയം നഷ്ടപ്പെട്ടാലും കൂടുതല്‍ തുക പോകില്ലല്ലോ എന്ന് കരുതി പോളിസി മുടക്കുന്നവരും കുറവല്ല. പോളിസി നിര്‍ത്തണോ, തുടരണോ എന്ന ആശയ കുഴപ്പത്തിലാണ് പോളിസി എടുത്തവര്‍. 


പരിരക്ഷയോ നിക്ഷേപമോ?


ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതില്‍ മിക്കവരേയും അലട്ടുന്ന ആദ്യ പ്രശ്‌നം പരിരക്ഷയുടെ അപര്യാപ്ത തന്നെയാണ്. താങ്ങാവുന്നത്ര പ്രീമിയം അടയ്ക്കുമ്പോഴും ആവശ്യത്തിന് പരിരക്ഷ ഉണ്ടാവില്ല. അടയ്ക്കുന്ന  പ്രീമിയം തുകയുടെ ഒരു ഭാഗം മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായും ബാക്കി നിക്ഷേപമായും പരിഗണിക്കപ്പെടുന്നതിനാല്‍ സ്വാഭാവികമായും  പ്രീമിയം തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ പരിരക്ഷ പോരാ എന്ന ചിന്ത ഉയരുന്നു. 


 പ്രീമിയം തുക തിരികെ വേണം


ക്‌ളെയിം ഉണ്ടായില്ലെങ്കില്‍ അടയ്ക്കുന്ന ഇന്‍ഷുറന്‍സ്  പ്രീമിയം തുകയെങ്കിലും പോളിസിയുടെ അവസാനം തിരികെ കിട്ടിയില്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ടതു പോലെ. ഒരു രൂപ വീണ് കിട്ടിയാല്‍ ഉണ്ടാകുന്ന സന്തോഷത്തിന്റെ അളവിനേക്കാള്‍ വളരെ കൂടുതലാണ് ഒരു രൂപ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടബോധം. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ വില നല്‍കുന്നത് പോലെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി നല്‍കേണ്ടി വരുന്ന വിലയാണ്  പ്രീമിയമായി നല്‍കുന്നതെന്ന തിരിച്ചറിയല്‍ വേണം. ഒരേ പരിരക്ഷ ലഭിക്കാന്‍ പോളിസികള്‍ എടുക്കുമ്പോള്‍  പ്രീമിയം തിരികെ ലഭിക്കാത്ത പോളിസികള്‍ക്ക് നല്‍കേണ്ടതിനേക്കാള്‍ വളരെ കൂടുതലായിരിക്കും പ്രീമിയം തുക തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന പോളിസികളില്‍ അടയ്‌ക്കേണ്ടി വരുന്ന  പ്രീമിയം.  


എത്ര പരിരക്ഷ വേണം


ഓരോരുത്തരുടെയും ഹ്യൂമന്‍ ലൈഫ് വാല്യൂ ആണ് എത്ര രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നുള്ള തീരുമാനത്തിന് അടിസ്ഥാനം. ജോലി ചെയ്ത് ജീവിക്കാവുന്നിടത്തോളം കാലം ഇപ്പോള്‍ ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാനിടയുള്ളതുമായ വരുമാനത്തിന്റെ ആകെ തുകയാണ് ഹ്യൂമന്‍ ലൈഫ് വാല്യൂ. ഇന്‍ഷുറന്‍സ് കമ്പനികളുടെയും സേവന ദാതാക്കളുടെയും വെബ്‌സൈറ്റുകളില്‍ ഹ്യുമന്‍ ലൈഫ് വാല്യൂ കണക്കാക്കാനുള്ള സംവിധാനം ലഭ്യമാണ്. കുടുംബത്തിലേയ്ക്ക് വരുമാനം കൊണ്ട് വരുന്ന വ്യക്തി മരണമടഞ്ഞാല്‍ കുടുംബം നടത്തിക്കൊണ്ട് പോകുന്നതിനും മറ്റ് സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനും ആവശ്യമായി വരുന്ന തുക കൂടി ഹ്യൂമന്‍ ലൈഫ് വാല്യൂവുമായി താരതമ്യം ചെയ്താണ് എത്ര പരിരക്ഷ വേണമെന്ന് തീരുമാനിക്കുക. ഒരു ഏകദേശ കണക്കെന്ന നിലയില്‍ പറഞ്ഞാല്‍ ഒരാള്‍ റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രായത്തില്‍ നിന്ന് പോളിസി എടുക്കുന്ന പ്രായം കുറച്ച് കിട്ടുന്ന സംഖ്യയെ വാര്‍ഷിക വരുമാന തുക കൊണ്ട് ഗുണിച്ചെടുത്താല്‍ കുറഞ്ഞത് എത്ര പരിരക്ഷ വേണമെന്ന് മനസ്സിലാക്കാം.


 പ്രീമിയം പ്രധാനം 


വായ്പയ്ക്ക് പലിശ എന്ന പോലെ പരിരക്ഷയ്ക്ക്  പ്രീമിയമാണ് ചെലവ്. ഓരോരുത്തരുടേയും കുടുംബ ബജറ്റിന് താങ്ങാവുന്ന പ്രിമീയം തുക എത്രയെന്ന് നിശ്ചയിക്കുക. മാസംതോറുമോ മൂന്ന് മാസം കൂടുമ്പോഴോ ഇത്രയും തുക  പ്രീമിയമായി അടച്ചാല്‍ പരമാവധി പരിരക്ഷ ലഭിക്കുന്ന പോളിസി ഏതാണെന്ന് താരതമ്യം ചെയ്ത് തെരഞ്ഞെടുക്കുക. സമാന പ്രിമീയം തുകയ്ക്ക്  പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളേക്കാള്‍ പതിന്മടങ്ങ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് ടേം പോളിസികള്‍. ലൈഫ് പരിരക്ഷയോടൊപ്പം തന്നെ ആക്‌സിഡന്റ്, മാരക രോഗങ്ങള്‍ തുടങ്ങിയ റൈഡറുകളും കൂട്ടി ചേര്‍ക്കാന്‍ ശ്രദ്ധിയ്ക്കണം. ഇങ്ങനെ സ്വയം തീരുമാനമെടുത്ത് വാങ്ങുന്ന പോളിസികള്‍ നിര്‍ത്തണോ തുടരണോ എന്ന സംശയത്തിന് ഇട നല്‍കില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA