ADVERTISEMENT

മതിയായ വരുമാനത്തിന്റെ പിന്തുണയില്ലാതെ എടുത്ത വായ്പകള്‍ മധ്യവയസില്‍ നിങ്ങള്‍ക്ക് മനക്ലേശമുണ്ടാക്കുന്നുണ്ടോ? നിലവിലുളള വരുമാനത്തിന്റെ നല്ലൊരു ശതമാനവും ഇ എം ഐ തിന്ന് തീര്‍ക്കുകയാണോ? അല്പമൊന്ന് ശ്രദ്ധിച്ചാല്‍ വലിയ ഇ എം ബാധ്യതയില്‍ നിന്ന് നിങ്ങള്‍ക്ക് തലയൂരാം.

ഇ എം ഐ എന്നാല്‍ പലിശ ബാധ്യത

ഉയര്‍ന്ന പലിശയുള്ള ഇത്തരം  വായ്പകളുടെ ബാധ്യത മാറിയില്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുക പ്രയാസമായിരിക്കും. മധ്യവയസില്‍ വായ്പകളുടെ അതിപ്രസരമുണ്ടെങ്കില്‍ നിശ്ചയമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സാധാരണ നിലയില്‍ ഇരുപത് വര്‍ഷത്തെ ഭവന വായ്പ, അഞ്ചോ ഏഴോ വര്‍ഷത്തെ കാര്‍ലോണ്‍, പേഴ്‌സണല്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പ തുടങ്ങിയവയാണ് ഇ എം ഐ വിഴുങ്ങുന്നത്. ഇത്തരം വായ്പകളില്‍ ഇ എം ഐ യുടെ നല്ലൊരു പങ്കും നഷ്ടപ്പെടുന്നത് പലിശയിനത്തിലായിരിക്കും. അതുകൊണ്ട് പലിശ ബാധ്യത കുറയ്ക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗം. പലിശ നിരക്ക് കൂടുതലുള്ള വായ്പകള്‍ താമസം വിന ഒഴിവാക്കുക.

ഏത് വായ്പ

വരിഞ്ഞ് മുറുക്കിയ ഇ എം ഐ അടവുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏത് വായ്പയാണ് ആദ്യം ഒഴിവാക്കേണ്ടത്? ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രഥമ പരിഗണന ഉയര്‍ന്ന് നില്‍ക്കുന്ന പലിശ നിരക്കിനായിരിക്കണം. ഉദാഹരണത്തിന് ഭവന വായ്പ-8.35 ശതമനം നിരക്കിലും (20 വര്‍ഷം) വിദ്യാഭ്യാസ ലോണ്‍ 9.5 ശതമാന (അഞ്ച് വര്‍ഷം)ത്തിലും കാര്‍ലോണ്‍ 9 ശതമാനം നിരക്കിലുമാണെന്നിരിക്കട്ടെ. പേഴ്‌സണല്‍ ലോണ്‍ പലിശ 18 ശതമാനമാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പയാകട്ടെ 36 ശതമാനവും.

ആദായ നികുതി ഒഴിവ്

ഇതില്‍ ആദ്യത്തെ രണ്ട് വായ്പകളും താരതമ്യേന പലിശ നിരക്ക് കുറഞ്ഞവയും ആദായ നികുതി പരിരക്ഷ ഉള്ളവയുമാണ്. എന്നാല്‍ പേഴ്‌സണല്‍ ലോണാകട്ടെ 18 ശതമാനത്തിന്റെയാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പ 36 ശതമാനവും. കഴിയുന്നതും മറ്റ് ഇ എം ഐ കളെ ബാധിക്കാത്ത വിധം ഈ രണ്ട് വായ്പകളും കുടിശിക വരാതെ നോക്കുകയും ഇത് ഒഴിവാക്കാന്‍ കൃത്യമായി കാലപരിധി വയ്ക്കുകയും ചെയ്യുക.

മാസ തിരിച്ചടവ്

ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ ഒറ്റയടിക്ക്് അടച്ച്് തീര്‍ക്കാനാവുന്നില്ലെങ്കില്‍ തുക കുത്തനെ ഉയരാതെ തവണകളായി അടയ്ക്കാനുള്ള സാധ്യത  തേടണം. സാധാരണ സ്ഥാപനങ്ങള്‍ ഇത്തരം കുടിശികകള്‍ക്ക് 6-12 മാസത്തെ ഇ എം ഐ അനുവദിക്കാറുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍,റിസ്‌ക് എടുക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ആദ്യ വായ്പകളുടെ ഒരു ഇ എം ഐ അടവ് മുടക്കിയും പേഴ്‌സണല്‍/ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ തിരിച്ചടച്ച് തലയൂരാം. എന്നാല്‍ പിന്നീടുള്ള മാസം ഭവന -വാഹന വായ്പകള്‍ക്ക് രണ്ട് ഇന്‍സ്റ്റാള്‍മെന്റ് ഒരുമിച്ച് അടക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ നിവൃത്തിയില്ലെങ്കില്‍ പലിശയില്ലാത്ത കൈവായ്പകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com