ADVERTISEMENT

ഓരോ ദിവസവും ജീവിതചെലവുകൾ കുതിച്ചുയരുകയാണ്.. വരുമാനം ആകട്ടെ  വർധിക്കുന്നതുമില്ല. പിന്നെങ്ങനെ കിട്ടുന്നതുകൊണ്ട് ജീവിക്കും?

ബഹുഭൂരിപക്ഷം പേരും അമ്പേ പരാജയപ്പെട്ടു പോകുന്ന ജീവിത സമസ്യയാണ്  അനാവശ്യ ചെലവുകൾ  ഒഴിവാക്കുക,  വരവിനനുസരിച്ച് ജീവിക്കുക എന്നത്. പക്ഷേ കിട്ടുന്നതുകൊണ്ട് ജീവിക്കാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ അതു സാധിക്കാൻ ഒരു മാർഗമുണ്ട്.  ദിവസം  ഒരു പത്തു മിനിട്ട് നീക്കി വയ്ക്കാൻ തയ്യാറായാൽ മതി.  ചെലവുകൾ  വരവിനുള്ളിൽ ഒതുക്കാം എന്നു മാത്രമല്ല അൽപം മിച്ചം പിടിച്ച് ഭാവിക്കായി നിക്ഷേപിക്കാനും കഴിയും. 

നിങ്ങൾ ചെയ്യേണ്ട പത്തു ചുവടുകൾ ഇതാ

1.ഒരു ദിവസം പത്തു മിനിട്ട്  നീക്കിവയ്ക്കുക. അതും വൈകിട്ട് ഉറങ്ങുന്നതിനു മുൻപായാൽ നന്ന്.

2.അന്നത്തെ എല്ലാ ചെലവുകളും കൃത്യമായി ഡയറിയിൽ എഴുതി വയ്ക്കുക. കുട്ടിക്കു മിഠായി വാങ്ങിയതും ഫോൺ മറന്നതു എടുക്കാൻ വന്നതിനു ചെലവാക്കിയ ഓട്ടോ കൂലിയും, കറന്റ് ബിൽ വൈകിയതിനു നൽകിയ പിഴയും അടക്കം.  ഒരു രൂപ പോലും ഓർമിച്ച് അക്കമിട്ട് എഴുതണം.

3. എല്ലാ എഴുതിക്കഴിഞ്ഞെന്നുറപ്പാക്കിയാൽ  ആ ലിസ്റ്റ് വീണ്ടും ഒന്നു പരിശോധിക്കുക. ഓരോന്നിനേയും മനസിൽ അത്യാവശ്യം, ആവശ്യം അനാവശ്യം, ഒഴിവാക്കാവുന്നവ എന്നിങ്ങനെ തരം തിരിക്കുക.

4. ഇതിൽ അനാവശ്യങ്ങളും ഒഴിവാക്കാവുന്നവയും എന്നു നിങ്ങൾക്കുറപ്പുള്ളവ മാത്രം തിരഞ്ഞെടുക്കുക. അതിനു മാത്രം എത്ര  തുക ചെലവാക്കുന്നുവെന്ന് കൂട്ടി നോക്കുക.സംശയമില്ല. നിങ്ങൾ  അൽഭുതപ്പെട്ടുപോകും. ഓരോ ദിവസത്തേയും നിങ്ങളുടെ ചെലവുകൾ കണ്ട്. പ്രത്യേകിച്ച്  അനാവശ്യമായി ചെലവിടുന്ന തുക കണ്ട്. 

5. ഇനി നിങ്ങൾ സ്വയം തീരുമാനിക്കുക. ഇതിൽ ഏതെല്ലാം  ഒഴിവാക്കാം , ദിവസം എത്ര രൂപ ലാഭിക്കാം എന്ന്.   എന്നിട്ട് അതനുസരിച്ച് പ്രവർത്തിക്കുക. ദിവസം ശരാശരി പത്തു രൂപ ലാഭിക്കാൻ കഴിഞ്ഞാൽ തന്നെ  ഒരു മാസം കുറഞ്ഞത് 250 രൂപ മിച്ചം പിടിക്കാം. ഒരു വർഷം 3000 രൂപ വരുമിത്.

6. ഇതിനു പുറമേ ഓരോ ആഴ്ചയും ബില്ലുകളുടെയും പേെമൻറുകളുടെയും തീയതി പരിശോധിച്ച്  ക്യത്യമായി അവ അടയക്കുക.  ഇഎംഐ, കറന്റ് ബിൽ, കുട്ടികളുടെ ഫീസ് എന്നിവയിലെല്ലാം ലേറ്റ് ഫീസും പിഴയും പിഴയ്ക്കു മേൽ പലിശയുമായി വലിയൊരു തുകയാണ് പലരും ഓരോ മാസവും  നഷ്ടപ്പെടുത്തുന്നത്. അതൊഴിവാക്കാം.മൊബൈലിൽ റിമൈൻഡർ ഇട്ടാൽ ഇക്കാര്യം മറന്നുപോകുകയില്ല.   

7.ഓരോ മാസത്തെയും കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിച്ചാൽ വേറേയും ചില ഗുണങ്ങളുണ്ട്. തൊട്ടു മുൻ മാസത്തേതുമായി   താരതമ്യം ചെയ്ത് അടുത്ത മാസത്തെ കാര്യങ്ങൾ ആസൂത്രണം ചെയ്യാം. അടുത്ത മാസത്തെ ചെലവുകൾ കണക്കാക്കി  അതിനു പണം ഉറപ്പാക്കാം. അതും ചെലവു ചുരുക്കാൻ സഹായിക്കും. 

8.രണ്ടു മാസം നിങ്ങള്‍ നിർബന്ധപൂർവം ഈ രീതി തുടർന്നു നോക്കൂ. കിട്ടുന്നതുകൊണ്ട് ജീവിതച്ചെലവുകൾ കഴിച്ച് മോശമല്ലാത്തൊരു തുക നീക്കിവയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്നു സ്വയം ബോധ്യമാകും. അതുവഴി നിങ്ങളുടെ സാമ്പത്തിക സുരക്ഷ എത്രത്തോളം മെച്ചപ്പെടുമെന്നും അത് കുടുംബത്തിന്റെ സന്തോഷത്തിനു എത്രത്തോളം സഹായകമാകുമെന്നും അനുഭവിച്ചറിയുക   

എഴുതിയാൽ ചെലവു കുറയും   

9. ചെലവുകൾ എഴുതിവെയ്ച്ചാൽ  പണം അനാവശ്യമായി നഷ്ടപ്പെടുന്നത് എവിടെയെന്നു കൃത്യമായി മനസ്സിലാകും. ഒന്നു ശ്രമിച്ചാൽ അവ ഒഴിവാക്കാം. നിങ്ങളുടെ  എല്ലാ കണക്കുകൂട്ടലും കൃത്യമാകും. താരതമ്യം ചെയ്യാൻ മുൻമാസത്തെ കണക്കുകൾ കൃത്യമായി മുന്നിലുള്ളതിനാൽ  അടുത്ത മാസത്തെ പ്ലാനിങ് കുറ്റമറ്റതാക്കാം.   

10. എഴുതിവച്ചില്ലെങ്കിൽ അനാവശ്യ ചെലവുകൾ നാം അറിയുക പോലും ഇല്ല. മാത്രമല്ല  അവയെ നാം ന്യായീകരിക്കുകയും ചെയ്യും. നിശ്ചിത പരിധിക്കുള്ളിൽ ചെലവുകൾ ചുരുക്കണമെന്ന കമ്മിറ്റ്മെന്റും ഇല്ലാതാകും. എഴുതിവയ്ക്കപ്പെട്ടത് നമ്മുടെ വരവു ചെലവു കണക്കിന്റെ കൃത്യമായ  തെളിവാണ്. ഇത് അടുത്ത മാസത്തെ പണപരമായ നയങ്ങൾ രൂപപ്പെടുത്താനും പാലിക്കാനും നിങ്ങളെ പ്രേരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com