ADVERTISEMENT

ഒരാളുടെ വരുമാനത്തിന്റെ എത്ര ശതമാനം വീട്ട് ചെലവുകള്‍ക്കായി നീക്കി വയ്ക്കാം? ഇതിന് വളരെ കണിശതയോടെയുള്ള കണക്കുകളൊന്നുമില്ല. വ്യക്തികള്‍ക്കനുസരിച്ച്, സാഹചര്യമനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും.

കൈക്കാശിന്റെ പകുതി മതി

എന്നിരുന്നാലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ആകെ വരുമാനത്തിന്റെ, അതായത് വീട്ടിലെത്തുന്ന പണത്തിന്റെ 50 ശതമാനം കൊണ്ടുവേണം വാടകയടക്കമുള്ള കുടുംബ ചെലവുകള്‍ നടത്താന്‍. കറണ്ട്,വെള്ളം എന്നു വേണ്ട ഇന്‍ഷൂറന്‍സ്, ക്രെഡിറ്റ് കാര്‍ഡ് ഇ എം ഐ എല്ലാം ഇതിനുള്ളില്‍ ഒതുക്കണം. ഇനി ഏതെങ്കിലും ഒന്ന് പരിധിയിലാകുന്നില്ലെങ്കില്‍ ബോധപൂര്‍വ്വം പകരം സംവിധാനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് വാടകയും മറ്റ് ബില്ലുകളും 20 ശതമാനത്തിലൊതുങ്ങുന്നില്ലെങ്കില്‍ ചെറിയ വാടകയുള്ള മറ്റൊന്ന് തിരഞ്ഞെടുക്കുക. വലിയ വാടകയുളള വീട്/ഫ്‌ളാറ്റ് ആണെങ്കില്‍ അനുബന്ധ ചെലവുകളും കൂടുതലായിരിക്കും. അതുകൊണ്ട് ചെറിയ വീട്ടിലേക്ക് മാറുക.

വില നോക്കാതെ ചെലവഴിക്കല്ലേ

സ്മാര്‍ട്ട് ഫോണ്‍,ലാപ്പ് ടോപ് അടക്കമുള്ള സാധനങ്ങള്‍ തുടര്‍ച്ചയായി വാങ്ങുക കാലാവധി തീരുന്നതിന് മുമ്പ് ഉപേക്ഷിക്കുക.  ഇത്തരം ഭ്രമത്തില്‍ മുഴുകിയാല്‍ കൈയ്യിലെ പണം പോകുന്ന വഴി കാണില്ല. അതുകൊണ്ട് അത്യാവശ്യ സന്ദര്‍ഭങ്ങളിലേ ഇത്തരം കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതുള്ളു. എന്നു തന്നെയുമല്ല, ഒരു ഫോൺ വാങ്ങുകയല്ലേ ഏറ്റവും കൂടിയതു തന്നെയിരിക്കട്ടെ എന്നു കരുതരുത്. തങ്ങൾക്കാവശ്യമുള്ള ഫീച്ചറുകളുള്ളത് മാത്രം വാങ്ങിയാൽ മതി എന്നു ആദ്യമേ തീരുമാനിക്കുക. വില കൂടിയ വസ്ത്രങ്ങള്‍, തുടര്‍ച്ചയായി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം, അവധി ദിനങ്ങള്‍ അടിച്ച് പൊളിക്കുന്നത് ഇതെല്ലാം പണം പിടുങ്ങുന്ന കാര്യങ്ങളാണ്. പ്രായത്തിന്റെ തിളപ്പില്‍ ഇത്തരം അനാവശ്യ കാര്യങ്ങളിലേക്ക് വല്ലാതെ ഇടപെടാതെ വരുമാനത്തിന്റെ പരമാവധി 20 ശതമാനത്തില്‍ ഒതുക്കണം ഇത്തരം ചെലവുകള്‍.

ശമ്പള വര്‍ധന

ഇനി അപ്രതീക്ഷിതമായി ജോലിയിലെ പ്രെമോഷന്‍ വഴിയോ അല്ലെങ്കില്‍ മറ്റൊരു സ്ഥാപനത്തിലേക്ക് ചേക്കേറുന്നതു മൂലമോ വരുമാനത്തില്‍ വര്‍ധനവുണ്ടായാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കാരണം ഇത് എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് കാര്‍ മാറ്റി വാങ്ങാനോ വീട്/ ഫ്‌ളാറ്റ് മോടി പിടിപ്പിക്കാനോ വാടക കൂടിയ നഗര ഹൃദയത്തിലേക്ക് താമസം മാറ്റാനോ പെട്ടന്ന് ശ്രമിക്കേണ്ട. മറിച്ച് ഈ തുകയുടെ നല്ലൊരു ശതമാനം സമ്പാദ്യമാക്കി മാറ്റുക. ശമ്പള വര്‍ധനയുടെ പത്ത് ശതമാനമെങ്കിലും സമ്പാദ്യത്തിനായി വിനിയോഗിക്കുക.

സാമ്പാദ്യം 30 ശതമാനം

വരുമാനത്തിന്റെ ചുരുങ്ങിയത് 30 ശതമാനമെങ്കിലും സാമ്പാദ്യമായി നീക്കി വയ്ക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അടിയന്തര ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരു തുക തുടക്കം മുതലേ മാറ്റി വയ്ക്കണം. തൊഴിലില്‍ എന്തെങ്കിലും പ്രശ്മുണ്ടായാലോ അസുഖം പോലുള്ള അത്യാവശ്യം വന്നാലോ ഈ തുക ഉപയോഗിക്കാം. ഇത് പെട്ടന്ന് പണമാക്കി മാറ്റാനാവുന്ന നിക്ഷപമാക്കുന്നത് വരുമാന വര്‍ധനയ്ക്ക് ഉപകരിക്കും. തൊഴിലില്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടമനുസരിച്ച് ഈ തുക വര്‍ധിപ്പിക്കാം. പിന്നീട് വലിയ ലക്ഷ്യങ്ങളായ വിവാഹം, വീട് സ്വന്തമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ തുകയുടെ നിശ്ചിത ശതമാനം ഉപയോഗിക്കാം. ജീവിതത്തിലെ ഒരോ ലക്ഷ്യത്തിനും പ്രത്യേകം നിക്ഷേപ പദ്ധതികള്‍ പ്ലാന്‍ ചെയ്യുക.  എസ് ഐ പി കള്‍ ഇക്കാര്യത്തില്‍ ഫപ്രദമായി ഉപയോഗിക്കാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com