ADVERTISEMENT

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമായി ആളുകൾ പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇനിയും നീട്ടിയേക്കാം എന്ന ചിന്തയും ഓരോരുത്തരുത്തരിലുമുണ്ട്. രാജ്യത്തെ ഐ ടി അടക്കമുള്ള  പ്രമുഖ ന്യൂജന്‍  സ്ഥാപനങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പേ തന്നെ വര്‍ക്ക് ഫ്രം ഹോം സംവിധാനം അവരുടെ ജീവനക്കാര്‍ക്ക് നല്‍കി കഴിഞ്ഞു. രാജ്യം അടയ്ക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ പരമ്പരാഗത തൊഴില്‍ സ്ഥാപനങ്ങള്‍ അടക്കം വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ താരതമ്യേന പുതിയ ആശയമാണിത്. ഇതു വരെ വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ സ്ഥാപനങ്ങള്‍ ചില പ്രത്യക തസ്തികകളില്‍ മാത്രം സവിശേഷ സാഹചര്യത്തില്‍ അനുവദിച്ചിരുന്ന ആനുകൂല്യം ഇന്ന് ഭൂരിപക്ഷം മേഖലയിലെ സാധ്യമാകുന്ന എല്ലാ ജോലികളിലേക്കും വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

നേട്ടങ്ങൾ പലത്

വര്‍ക്ക് അറ്റ് ഹോമിന് പലതുണ്ട് നേട്ടങ്ങള്‍. വീട്ടിലെ അത്യാവശ്യം കാര്യങ്ങള്‍ ഇടവേളകളില്‍ ചെയ്ത് തീര്‍ക്കാമെന്നതാണ് പ്രധാന മെച്ചം. സ്ത്രീകള്‍ക്കാണെങ്കില്‍ കുട്ടികളുടെ കാര്യവും ശ്രദ്ധിക്കാം. രാവിലെയും വൈകിട്ടും മണിക്കൂറുകള്‍ നീണ്ട യാത്രകളും ഒരുക്കങ്ങളും ഒഴിവാക്കുക വഴി വലിയ സമയലാഭവുമുണ്ട്. തൊഴിലിന്റെ പ്രത്യേകത അനുസരിച്ച് ജോലിയില്‍ കൂടുതല്‍ റിസല്‍റ്റുണ്ടാക്കാന്‍ ഇതു മൂലം കഴിയും. അവരവരുടെ സമയത്തിനും ഇഷ്ടത്തിനുമനുസരിച്ച് തൊഴില്‍ ക്രമീകരിക്കാം. ചിലര്‍ക്ക് ഇത് പുതുമ നല്‍കുമ്പോള്‍ സഹപ്രവര്‍ത്തകരുടേയും ഓഫീസ് അന്തരീക്ഷത്തിന്റെയും അഭാവം മൂലം ബോറടിക്കുന്നവരുമുണ്ടാകും. വീടിനെ ഓഫീസാക്കി മാറ്റുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

മികച്ച വര്‍ക്ക് സ്റ്റേഷന്‍

വീടിന്റെ/ ഫ്‌ളാറ്റിന്റെ ചില ഏരിയകള്‍, മുറികള്‍ നമുക്ക് വിശേഷപ്പെട്ടതായി പലപ്പോഴും തോന്നാറുണ്ടാകും. പോസിറ്റിവ് എനര്‍ജി നല്‍കുന്ന ഇത്തരം ഇരിപ്പിടങ്ങള്‍ ഒഫീസിനായി നീക്കി വയ്ക്കാവുന്നതാണ്. റിലാക്‌സ് ചെയ്ത് ജോലി ചെയ്യാന്‍ ഇതിലൂടെ കഴിയും.

തൊഴിലുപകരണങ്ങള്‍

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ലാപ് ടോപ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നുറപ്പു വരുത്തുക. കാരണം ഉപകരണങ്ങളിലൊന്ന് പണി മുടക്കുകയോ ഹാങ്് ആവുകയോ ചെയ്താല്‍ അത് റിസല്‍റ്റിനെ ബാധിക്കും. ഓഫീസിലാണെങ്കില്‍ കമ്പ്യൂട്ടറിനോ മറ്റൊ എന്തെങ്കിലും തടസം നേരിട്ടാല്‍ ടെക്‌നീഷ്യന്‍മാരുടെ സേവനം കൃത്യമായി ലഭിക്കും. വീട്ടില്‍ അതില്ലാത്തതിനാല്‍ മുമ്പേ തന്നെ ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണ്. അത്യാവശ്യം ബാറ്ററി ബാക്ക് ഉറപ്പാക്കണം.


തടസമില്ലാത്ത ഡാറ്റ

താമസസ്ഥലത്ത് തടസമേതുമില്ലാതെ ലഭിക്കുന്ന ഡാറ്റാ കണക്ഷന്‍ നിര്‍ബന്ധമായും വേണം. തൊഴിലിന്റെ ഗൗരവമനുസരിച്ച്് ഒന്നിലധികം ഡാറ്റാ കണക്ഷന്‍ ഉണ്ടാകുന്നത് തലവേദന കുറയ്ക്കും. ബി എസ് എന്‍ എല്‍ ഡാറ്റാ കണക്ഷനൊപ്പം മറ്റൊന്നു കൂടി ഉണ്ടായാല്‍ സമയ നഷ്ടമൊഴിവാക്കാം. ഓഫീസുമായോ ബന്ധപ്പെട്ടവരുമായോ കൃത്യമായ കമ്മ്യൂണിക്കേഷന്‍ നടത്താന്‍ ഇത് ഉപകരിക്കും.
ഉത്പാദന ക്ഷമത
ഓരോരുത്തര്‍ക്കും കൂടുതല്‍ പ്രൊഡക്ടവായ സമയമുണ്ട്. ചിലര്‍ക്കത് ്അതിരാവിലെയായിരിക്കുമെങ്കില്‍ മറ്റ് ചിലര്‍ക്ക് പത്ത് മണിക്ക് ശേഷമായിരിക്കും. വേറെ ചിലര്‍ക്ക്്  രാത്രിയായിരിക്കും. സമയം ഏതാണെങ്കിലും ഏറ്റവും കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള സമയം ജോലി ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ മികവോടെ ജോലി ചെയ്യാന്‍ സഹായിക്കും.

ഒാഫീസില്‍ പോകുന്നത്ര ക്യത്യത

ഒാഫീസില്‍ ഇരുന്ന് ചെയ്യുന്ന അതേ മാനസികാവസ്ഥയില്‍ തന്നെയാകണം വീട്ടിലെ ജോലിയും. ഇത് ജോലിയില്‍ കൃത്യതയും മികവും നല്‍കും. അലസത ഒഴിവാക്കി തൊഴിലില്‍ ശോഭിക്കാന്‍ ഇത് ഇടയാക്കും. ഒറ്റയ്ക്കിരുന്നു തുടര്‍ച്ചയായി ജോലി ചെയ്യുമ്പോഴുള്ള ആലസ്യം മറികടക്കാന്‍ കുടുംബാംഗങ്ങളുമായി പ്രത്യേകിച്ച് കുട്ടികളുമായി ഇടയ്ക്ക് സംവദിക്കാം. അതേസമയം കുട്ടികള്‍ തൊഴില്‍ തടസപ്പെടുത്തുന്നില്ല എന്നുറപ്പ് വരുത്താന്‍ കുറച്ച് സമയം അവര്‍ക്കും നല്‍കുന്നത് നല്ലതായിരിക്കും. തൊഴില്‍ ക്രമം അതിനനുസരിച്ച് ചിട്ടപ്പെടുത്തുക. ഓര്‍ക്കുക മഹാവ്യാധി ഉണ്ടാക്കിയ അടിയന്തര സാഹചര്യമാണ് 'വര്‍ക്ക് ഫ്രം ഹോം' അനുവദിക്കാന്‍ കാരണമെങ്കിലും നിങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com