ADVERTISEMENT




കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് വായ്പകള്‍ക്കു മൂന്നു മാസത്തേക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇക്കാലയളവില്‍ വരുന്ന പ്രതിമാസ ഗഡുക്കള്‍ (ഇഎംഐ) തിരിച്ചടക്കണോ? സാധിക്കുന്നവര്‍ അതു തിരിച്ചടക്കുന്നതു തന്നെയാണു നല്ലത് എന്നാണ് ഇതിനുള്ള ഉത്തരം. റിസര്‍വ് ബാങ്കിന്റെ മാര്‍ച്ച് 27-ലെ പ്രഖ്യാപനമനുസരിച്ച് ബാങ്കുകള്‍ക്കും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കമുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വായ്പാ തിരിച്ചടവില്‍ മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിക്കാനുള്ള അനുമതിയാണു നല്‍കിയിരിക്കുന്നത്. മാര്‍ച്ച് ഒന്നു മുതലുള്ള എല്ലാ തിരിച്ചടവുകള്‍ക്കും ഇതു ബാധകമാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും വിധം ഇതിനായുളള വ്യവസ്ഥകള്‍ തയ്യാറാക്കാനും സ്ഥാപനങ്ങളോടു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ അടയ്ക്കാം

മൊറട്ടോറിയം കാലയളവില്‍ ബാധ്യതയുള്ള വായ്പാ തുകയ്ക്കു പലിശ ബാധകമായിരിക്കും എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത. മൊറട്ടോറിയം കാലയളവിലും ഇഎംഐ അടക്കാന്‍ സാധിക്കുന്ന ഉപഭോക്താക്കള്‍ എങ്ങനെയെങ്കിലും അതു ചെയ്യുന്നത് അവരുടെ പലിശ ബാധ്യത കുറക്കാന്‍ സഹായിക്കും. അതോടൊപ്പം അര്‍ഹരായ  മറ്റുള്ളവര്‍ക്കു കൂടുതല്‍ സഹായം എത്തിക്കുന്നതിനു തങ്ങളാല്‍ ചെയ്യുന്ന ഒരു പിന്തുണ കൂടിയായി അതു മാറും. വായ്പകള്‍ പരമാവധി നേരത്തെ തീര്‍ത്ത് അടുത്ത വായ്പകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചെറുകിട സംരംഭകര്‍ക്കും എങ്ങനെയെങ്കിലും ഇഎംഐ അടക്കുന്നതു തന്നെയായിരിക്കും നല്ലത്.  

ക്രെഡിറ്റ് ബ്യൂറോകള്‍ക്കും നിർദേശം

ഇങ്ങനെ മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടക്കാന്‍ സാധിക്കാത്തവര്‍ അതു മൂലം തങ്ങള്‍ക്കു ഭാവിയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകും എന്നു ഭയപ്പെടേണ്ടതില്ല. ക്രെഡിറ്റ് സ്‌കോര്‍ അടക്കമുള്ളവയെ ഇതു ബാധിക്കില്ല. അതനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകള്‍ക്കു നല്‍കിയിട്ടുണ്ട്.
മൊറട്ടോറിയം എങ്ങനെ ലഭ്യമാക്കും എന്നതു സംബന്ധിച്ച കൃത്യമായ തീരുമാനങ്ങള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കൈക്കൊണ്ടു വരികയാണ്. ഇതു സംബന്ധിച്ച വിശദമായ സര്‍ക്കുലറുകള്‍ വിവിധ ബാങ്ക് ശാഖകളില്‍ മാര്‍ച്ച് 30-ഓടു കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കുന്നവര്‍ക്കു മൊറട്ടോറിയം ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയായിരിക്കും ബാങ്കുകള്‍ സ്വീകരിക്കുക എന്നാണ് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com