ADVERTISEMENT

അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശനിരക്കിനെ വിഴുങ്ങുന്ന രീതിയിലാണ് പണപ്പെരുപ്പനിരക്കെങ്കിലോ? സ്വാഭാവികമായും അക്കൗണ്ടുടമയ്ക്ക് നഷ്ടമായിരിക്കും ഫലം. അതായത് സ്വന്തം പണത്തിന് നെഗറ്റീവ് വരുമാനം ആയിരിക്കും ഫലം. ഇത് രണ്ട് രീതിയില്‍ സംഭവിക്കാം. ഒന്നുകില്‍ പണപ്പെരുപ്പ നിരക്കില്‍ വര്‍ധനയുണ്ടാകണം അല്ലെങ്കില്‍ പലിശ വരുമാനം തീരെ കുറയണം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പലിശനിരക്കില്‍ ആര്‍ ബി ഐ മുക്കാല്‍ ശതമാനം കുറവ് വരുത്തിയതോടെ എല്ലാത്തരം നിക്ഷേപങ്ങളുടെയും പലിശ വരുമാനത്തില്‍ നല്ല ഇടിവുണ്ടായി. ബാങ്കുകള്‍ വായ്പ നിരക്ക് കുറച്ച് വിപണിയില്‍ പണലഭ്യത കൂട്ടാന്‍ ലക്ഷ്യമിട്ടാണ് റിപ്പോ നിരക്ക് ആര്‍ ബി ഐ കുറച്ചതെങ്കിലും പലിശ വരുമാനത്തെ ആശ്രയിക്കുന്നവര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.

വരുമാനം ഇടിഞ്ഞു

നിക്ഷേപ പലിശ കുറഞ്ഞതോടെ പെന്‍ഷണര്‍മാരടക്കമുള്ള ലക്ഷക്കണക്കിന് ആളുകളുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. പ്രമുഖ ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ പരമാവധി ആറ് ശതമാനമായി നിജപ്പെടുത്തി. സേവിങ്സ് അക്കൗണ്ടിന്റെ ശരാശരി പലിശ നിരക്ക് 3.5 ശതമാനത്തിലേക്ക്് താണിരിക്കുന്നു. ഏപ്രില്‍ 15 ന് ശേഷം സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് എസ് ബി ഐ  2.75 ആക്കി കുറച്ചു. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് 4 ശതമാനമാണ്. നിലവിലെ പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിക്കുന്ന ഫോര്‍മുല വച്ച് കണക്കാക്കുമ്പോള്‍ ഇപ്പറഞ്ഞ പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപം 'നെഗറ്റീവ് റിട്ടേണ്‍' ആയി മാറുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച് മാര്‍ച്ച് 2020 ല്‍ പണപ്പെരുപ്പ നിരക്ക് 5.91 ശതമാനമാണ്.

യഥാര്‍ഥ വരുമാനം

പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പാദ്യത്തിന് ലഭിക്കുന്ന പലിശ വരുമാനമാണ് യഥാര്‍ഥ വരുമാനം. ഇങ്ങനെ നോക്കുമ്പോള്‍ നിലവിലെ പണപ്പെരുപ്പ നിരക്കായ 5.9ശതമാനവുമായി സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭ്യമായ പലിശയായ 2.75 ശതമാനത്തെ തട്ടിക്കിഴിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം നെഗറ്റീവ് ആണ്.

വിപണിയില്‍ പണലഭ്യത കൂട്ടുന്നതിന്റെ ഫലമായി റിപ്പോ നിരക്കില്‍ ആര്‍ബി ഐ കുറവ് വരുത്തിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ വായ്പ പലിശയില്‍ മുക്കാല്‍ ശതമാനം വരെ കുറവ് വരുത്തിയിരുന്നു. ഇത് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കും ബാധകമാക്കിയതോടെയാണ് അദ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തിന്റെ വരുമാനം നെഗറ്റീവ് ആകുന്നത്.

വരുമാനം തരുന്ന പണം വെറുതെ ഇടല്ലേ

സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപം പലപ്പോഴും പലിശവരുമാനത്തെക്കാളുപരി പെട്ടെന്ന് പണമാക്കി മാറ്റാനാകുന്ന ലിക്വിഡിറ്റി എന്ന ലക്ഷ്യത്തിനാണ് പ്രധാന്യം നല്‍കുന്നത്. അത്യാവശ്യത്തിന് ഉപയോഗിക്കാനുള്ള പണം എന്ന നിലയിലാണ് ഭൂരിഭാഗം പേരും ഈ അക്കൗണ്ടിനെ കാണുന്നത്. എന്നിലുന്നാലും അദ്ധ്വാനിച്ചുണ്ടാക്കിയ പണം വെറുതെ നെഗറ്റീവ് റിട്ടേണ്‍ നല്‍കുമ്പോള്‍ കൂടുതല്‍ വരുമാനം തരുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് സമ്പത്തിക വിദഗ്ധര്‍ പറയുന്നത്. പക്ഷെ വകമാറ്റുമ്പോള്‍ അത്യാവശ്യത്തിനുള്ള പണം സേവിംഗ്‌സ് അക്കൗണ്ടിലുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com