ADVERTISEMENT
ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും സാമൂഹിക അകലം പാലിച്ചു കൊണ്ടു മുന്നേറാന്‍ എടിഎം സേവനങ്ങളുമായി ബന്ധപ്പെട്ടു നല്‍കിയ ആനുകൂല്യങ്ങളും സഹായകമാകുന്നു. കോവിഡ് 19 പ്രതിരോധ പദ്ധതികളുടെ ഭാഗമായി എടിഎം ഇടപാടുകളുടെ ചാാര്‍ജുകള്‍ മൂന്നു മാസത്തേക്കു നിര്‍ത്തി വെക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പല മേഖലകളിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എടിഎമ്മുകളില്‍ നിന്നു പണമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് നിശ്ചിത എണ്ണത്തിലേറെ ഇടപാടുകള്‍ നടത്തിയാലുള്ള ചാര്‍ജ് ഒഴിവാക്കാന്‍ അല്‍പം യാത്ര ചെയ്താലും കുഴപ്പമില്ല എന്ന നിലപാടാണ് പലരും കൈക്കൊണ്ടിരുന്നത്. പാലക്കാട് പോലുള്ള ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീളുന്ന യാത്രകളാണ് ഇതു മൂലം നടത്തേണ്ടിയിരുന്നത്. എന്നാല്‍ എടിഎം ചാര്‍ജുകളിലെ ഇളവു മൂലം ഈ സ്ഥിതി ഒഴിവാക്കാന്‍ ജനങ്ങള്‍ക്കായിട്ടുണ്ട്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കുള്ള ധനസഹായം തുടങ്ങിയവ ലഭിച്ചവര്‍ക്കും അധിക യാത്ര ഒഴിവാക്കാന്‍ എടിഎം ഇളവുകള്‍ സഹായകമായിട്ടുണ്ട്.  മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ പോയാലും ചാര്‍ജ് വരില്ലെന്നത് എടിഎമ്മുകള്‍ക്കു മുന്നില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അനില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19-നോട് അനുബന്ധിച്ച് പ്രഖ്യാപിച്ചവ അടക്കമുള്ള സര്‍ക്കാര്‍ സഹായങ്ങള്‍  ലഭിക്കുന്നവരുടെ അക്കൗണ്ടുകള്‍ പ്രധാനമായും പൊതു മേഖലാ ബാങ്കുകളിലാണ്. പാലക്കാടന്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് തങ്ങളുടെ തൊട്ടടുത്തുള്ള സ്വകാര്യ ബാങ്കുകളുടെ ഉള്‍പ്പെടെയുള്ള ഏതു ബാങ്കിന്റെ എടിഎമ്മും ഉപയോഗിക്കാന്‍ ഇതു സഹായിക്കുന്നു എന്നും ലീഡ് ബാങ്ക് മാനേജര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ബാങ്ക് ശാഖകളിലേക്കുള്ള സന്ദര്‍ശനം കുറച്ച് എടിഎമ്മുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും ഇതു ഗുണകരമാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com