ഈ വായ്പകള്‍ ആറ് മാസം തിരിച്ചടയ്ക്കേണ്ട, പലിശ കുറവ്: കോവിഡ് വായ്പകളുമായി ബാങ്കുകള്‍

HIGHLIGHTS
  • ലോക്ഡൗണ്‍ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.
487536312
SHARE

ആദ്യഘട്ട ലോക്ഡൗണ്‍ പിന്നിട്ടിട്ടും കൊറോണ വൈറസ് ബാധ കൂടുന്നത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിസന്ധി കുറച്ചുനാള് കൂടി തുടര്‍ന്നേക്കുമെന്നാണ് അനുമാനം. ലോക്ഡൗണിന്റെ ആദ്യമാസം പിന്നിട്ട് കഴിഞ്ഞു. വലിയ പ്രതിസന്ധിയില്ലാതെയാണ് ഇക്കഴിഞ്ഞ ഒരു മാസം ആളുകള്‍ വീടുകളില്‍ കഴിച്ച് കൂട്ടിയത്. എന്നാല്‍ ലോക്ഡൗണ്‍ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

ജോലി നഷ്ടപ്പെടുന്നവര്‍

ലോക സാമ്പത്തിക രംഗത്ത് ഇതിനകം തന്നെ വലിയ വെല്ലുവിളിയായ രോഗ ബാധ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച 0.8 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് പുതിയ അനുമാനം. വന്‍തോതിലുള്ള തൊഴില്‍ നഷ്ടമാണ് വരും നാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ പോകുന്നത്. വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി രാജ്യം സാധാരണ നിലയിലായി സാമ്പത്തികരംഗം ചലിക്കുന്നതുവരെയെങ്കിലും ഇത്തരത്തിലുള്ളവർക്ക് സഹായം ലഭ്യമാകേണ്ടതുണ്ട്. തൊഴില്‍ നഷ്ടമായവര്‍ക്കും ശമ്പളം കുറയുന്നവര്‍ക്കും എം എസ് എം ഇ കള്‍ക്കും വേണ്ടി രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും കോവിഡ് സ്‌പെഷ്യലൈസ്ഡ് വായ്പകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം കാലില്‍ നില്‍ക്കുക

വരുമാനം നിലച്ചവരെ വായ്പ നല്‍കി പിന്തുണയ്ക്കുക വഴി അവരെ താത്കാലിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് കോവിഡ് വായ്പകളുടെ ലക്ഷ്യം. സ്ഥാപനങ്ങള്‍ പൂട്ടിയതുമൂലം തൊഴില്‍ നഷ്ടമായവര്‍, സ്ഥാപനം തുറക്കാനാവാത്ത സംരംഭകര്‍, ശമ്പളം വെട്ടികുറയ്ക്കപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് വായ്പ.

വായ്പകള്‍ ഇവര്‍ക്ക്

കൃത്യമായ തിരിച്ചടവു ചരിത്രമുള്ള, ഭവന വായ്പ എടുത്തിട്ടുള്ളവര്‍, മുമ്പ് വ്യക്തിഗത വായ്പയെടുത്തിട്ടുള്ളവര്‍, ശമ്പള അക്കൗണ്ടുള്ളവര്‍ എന്നിവര്‍ക്കാണ് ബാങ്കുകള്‍ കോവിഡ് വായ്പകള്‍ നല്‍കുന്നത്. കൂടാതെ എം എസ് എം ഇകള്‍ക്ക് ആകെ ഓവര്‍ ഡ്രാഫ്റ്റ് തുകയുടെ നിശ്ചിത ശതമാനം പല ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്.

അര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ

പല ബാങ്കുകളും വ്യത്യസ്ത തുകകളാണ് ഇങ്ങനെ വായ്പയായി അനുവദിക്കുന്നത്. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ. ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പയുടെ ഉയര്‍ന്ന പരിധി ഭവന വായ്പയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയാണ്. തിരിച്ചടവ് ശേഷി ഉണ്ടായിരിക്കണം. അതേസമയം ഇപ്പോള്‍ കാനറാ ബാങ്കിന്റെ ഭാഗമായ സിന്‍ഡിക്കേറ്റ് ബാങ്ക് ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്ക് വേണ്ടി നല്‍കുന്ന കോവിഡ് വായ്പയുടെ പരമാവധി തുക 50,000 രൂപയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, തുടങ്ങിയ ബാങ്കുകളും ക്രെഡിറ്റ് സ്‌കോര്‍ നോക്കി വായ്പ നല്‍കുന്നുണ്ട്.

പലിശ നിരക്ക്് 7.9 -8.2 ശതമാനം

പ്രത്യേക കോവിഡ് പരിരക്ഷയ്ക്കുള്ള വായ്പകളാണെങ്കിലും പലിശ നിരക്ക് ഭവന വായ്പയുടേതിന് തുല്യമാണിവിടെ. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നിരക്ക് 7.9 ശതമാനമാണ്. അതേസമയം ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ എടുത്ത് കൃത്യമായി തിരിച്ചടവ് ചരിത്രമുള്ളവര്‍ക്ക് 8.2 ശതമാനത്തിനാണ് ഇത് അനുവദിക്കുന്നത്. അതേസമയം വ്യക്തിഗത വായ്പയ്ക്ക് 10-12 ശതമാനം നിരക്കാണ് ഈടാക്കുക. സാധാരണ നിലയില്‍ സാലറി അക്കൗണ്ടുള്ളവര്‍ക്ക് വ്യക്തഗത വായ്പ അനുവദിക്കുന്നത് 14-15 ശതമാനം നിരക്കിലാണ്. ഇതാണ് കോവിഡ് വായ്പയായി കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നത്.

ആറ് മാസം തിരിച്ചടയ്‌ക്കേണ്ട

കൊറോണ വൈറസ് പ്രതിസന്ധി ലോകം പ്രതീക്ഷിച്ച മാതിരി വേഗത്തില്‍ മറികടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സാധാരണ ജീവിതത്തിലും സാമ്പത്തിക രംഗത്തും മാസങ്ങള്‍ നീണ്ട പ്രതിസന്ധി ഇതുണ്ടാക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. അതുകൊണ്ട് ലോകരാഷ്ട്രങ്ങളെല്ലാം വലിയ സാമ്പത്തിക ഉത്തേജക പാക്കേജുകളാണ് പ്രഖ്യാപിക്കുന്നത്. ജി ഡി പിയുടെ 17 ശതമാനം വരെ പാക്കേജ് നല്‍കിയ രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയാകട്ടെ ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ് ഇതിനകം കോവിഡ് പാക്കേജായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ കോവിഡ് വായ്പകള്‍ക്കെല്ലാം ആറ് മാസത്തെ മൊറട്ടോറിയം കാലാവധി നല്‍കുന്നുണ്ട്. വായ്പകളുടെ തരംതിരിവ് എന്തുതന്നെയായാലും മൊറട്ടോറിയം കാലാവധി ആറ് മാസമാണ്. അനുവദിക്കപ്പെടുന്ന വായ്പകള്‍ ഇടപാടുകാരന്റെ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റും. പിന്നീട് ആറ് മാസം വരെ തിരിച്ചടയ്‌ക്കേണ്ടതില്ല. ആറ് മാസത്തിന് ശേഷം പലിശയടക്കം മുതലിന് തിരിച്ചടവ് തുടങ്ങും. തുല്യമാസ തവണകളായി തുക അടയ്ക്കണം. കോവിഡ് വായ്പകള്‍ക്കെല്ലാം 30 തുല്യമാസത്തവണകളായിട്ടാണ് തിരിച്ചടവ്.

നൂലാമാലകളില്ല

വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്നതാണ് കോവിഡ് വായ്പകള്‍. കാരണം ഇത് നിലവിലുള്ള വായ്പ ഇടപാടുകാര്‍ക്ക് തന്നെയാണ് നല്‍കുന്നത്. ബാങ്കില്‍ ചെന്ന് അപേക്ഷ നല്‍കി വായ്പ കൈപറ്റാം. പുതിയ വായ്പ എന്ന നിലയിലുള്ള രേഖകള്‍ ഇവിടെ ആവശ്യമില്ല. വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ചരിത്രം നോക്കിയാണ് പണം നല്‍കുന്നതെന്നതിനാല്‍ മറ്റ് നൂലാമാലകളുണ്ടാവില്ല.

എന്തുകൊണ്ട് കോവിഡ് വായ്പ

നിലവില്‍ പണക്കുറവ് അനുഭവിക്കുന്നവര്‍ക്ക് ഇത് നല്ല സാധ്യതയാണ്. കാരണം പലിശ കുറവ് എന്നതു തന്നെ. ഇന്ന് മറ്റേതൊരു വായ്പയേക്കാളും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതാണ് ഭവന വായ്പ. കോവിഡ് വായ്പയുടെ പലിശയും ഇതുതന്നെയാണ്. കൊറോണ പ്രതിസന്ധി എത്ര നീളും എന്നറിയാത്തതിനാല്‍ വരും മാസങ്ങളില്‍ ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കുകയും വേണം. മാത്രമല്ല ആറ് മാസത്തെ തിരിച്ചടവ് സാവകാശവുമുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടയ്ക്കാം

കോവിഡിന്റെ തുടക്കത്തില്‍ ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പ തിരിച്ചടവിനുള്ള മൂന്ന് മാസത്തെ മൊറട്ടോറിയം ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ കാര്യത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന കോവിഡ് ലോണ്‍ എടുക്കാവുന്നതാണ്. ക്രെഡിറ്റ് കാര്‍ഡ് അടവ് മുടക്കം വരുത്തുമ്പോള്‍ 36-40 ശതമാനം വരെ പലിശ ഈടാക്കും. ഇത്തരം സാഹചര്യത്തില്‍ പലിശ കുറഞ്ഞ ഈ വായ്പയെടുത്ത് ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടയ്ക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA