ADVERTISEMENT

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ എങ്ങനെയാണ് അവസരങ്ങളാക്കാനാകുക? പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ബിസിനസുകാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമെല്ലാം അനുയോജ്യമായ അവസരങ്ങൾ ഇതിനിടെ കണ്ടെത്തിയിട്ടുണ്ടാകുമല്ലോ? ലോക്ഡൗണിൽ തുടക്കമിട്ട ആ നല്ല കാര്യങ്ങൾ ഇനിയും തുടർന്നുകൊണ്ടു പോകുക.

 കഴിവുകള്‍ വികസിപ്പിച്ചെടുക്കാം

കരിയറിന്റെ ഏതു ഘട്ടത്തിലുള്ളവരായാലും പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരമാണിപ്പോഴുള്ളത്. ലളിതമായ നിരവധി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. കോഴ്‌സെറ, ഉഡെമി തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി ഹ്രസ്വകാല പരിപാടികളിലൂടെയും പഠനം നടത്താം. ഇതോടൊപ്പം തന്നെ ലഭിക്കുന്ന അവസരമാണ് പ്രൊഫഷണലുകള്‍ ഒരുക്കുന്ന സൗജന്യ വെബിനാറുകള്‍. പുതിയ ആശയങ്ങളും നീക്കങ്ങളും പഠിക്കാന്‍ ഇതിലൂടെ സാധിക്കും. വീടുകളിലിരുന്ന് ഉപകാരപ്രദമായ പോഡ്കാസ്റ്റുകള്‍ ശ്രദ്ധിച്ചും നിങ്ങളുടെ ചിന്താമണ്ഡലത്തെ വിപുലമാക്കാം.

ഹോബികള്‍ വളര്‍ത്താം

തിരക്കിട്ട ജോലികള്‍ക്കിടെ നാം എല്ലാവരും ത്യജിക്കുന്ന ഒന്നാണല്ലോ ഹോബികള്‍. ഇവയെല്ലാം തിരിച്ചു പിടിക്കുമെന്ന പ്രതിജ്ഞകള്‍ ഓരോ പുതുവര്‍ഷത്തിലും എടുക്കുമെങ്കിലും അവയെല്ലാം പാഴായി പോകുകയാണ് പതിവ്. ഇത്തവണ അതിനെല്ലാം സമയം കണ്ടെത്താനാവും. ജീവിതത്തിലെ നിങ്ങളുടെ മൂഡ് നിലനിര്‍ത്താനും സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനുമെല്ലാം ഹോബികള്‍ ഏറെ സഹായകമാകും. ഹോബികളുമായി ജീവിക്കുന്നവരായിരിക്കും എപ്പോഴും സന്തോഷവാന്‍മാരായിരിക്കുക.

വീടും മനസും അടുക്കും ചിട്ടയുമള്ളതാക്കി മാറ്റുക

നിങ്ങളുടെ മുറിയും ചെലവഴിക്കുന്ന ഇടങ്ങളും മനസുമെല്ലാം അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റിയത് ഇനിയും തുടരട്ടെ. അടുക്കും ചിട്ടയുമില്ലാത്ത ചുറ്റുപാടുകള്‍ നിങ്ങളുടെ ശ്രദ്ധയെ മാറ്റുമെന്നാണ് പ്രിന്‍സ്ടണ്‍ സര്‍വകലാശാലയുടെ ഗവേഷണം ചൂണ്ടിക്കാട്ടുന്നത്. അടുക്കി ഒതുക്കി വെച്ച മുറികളും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമാകും. നിങ്ങളുടെ സ്ഥലം അടുക്കി ഒതുക്കി വെക്കാനും ഇപ്പോള്‍ സാധിക്കും. ആവശ്യമുള്ളവ സൂക്ഷിക്കുകയും അല്ലാത്തവ സംഭാവന ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന രീതിയും ഇനി പിന്തുടരാം.

ബന്ധങ്ങള്‍ ശക്തമാക്കാം

വ്യക്തിഗത, പ്രൊഫഷണല്‍ നെറ്റ് വര്‍ക്കുകളുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കാന്‍ സഹായകമായ അവസരമാണിത്. മുന്‍പ് ജോലി ചെയ്തിരുന്നവരേയും അകന്ന ബന്ധുക്കളേയും പഴയ സുഹൃത്തുക്കളേയുമെല്ലാം വിളിക്കുവാനും ഈ അവസരം ഉപയോഗിക്കണം. ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ സാഹചര്യമാണെങ്കിലും ഉപഭോക്താക്കളുമായും സാധ്യതയുള്ളവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ഉള്ള അവസരം കൂടിയാണിത്. ഓണ്‍ലൈനായി നടക്കുന്ന നിരവധി ബിസിനസ് കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുകയും നിങ്ങളുടെ പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്ക് വളര്‍ത്തിയെടുക്കുകയും ചെയ്യാനാവും.

ആരോഗ്യം ഏറെ പ്രധാനപ്പെട്ടത്

ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതില്‍ വ്യായാമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. ഇതിനായി കൃത്യമായ വ്യായാമ രീതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടാകും. തുടക്കക്കാര്‍ക്ക് വേണ്ടിയുള്ള ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് ഏറെ രസകരവുമായിരിക്കും. അതു പോലെ നിരവധി യോഗ അധ്യാപകര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്.

മറ്റുള്ളവരെ സഹായിക്കാം

മറ്റുള്ളവരെ സഹായിക്കാനായി നിങ്ങള്‍ക്കും മുന്നിട്ടിറങ്ങാം. നിങ്ങളുടെ ബില്‍ഡിങില്‍ ഒറ്റയ്ക്കു താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതു മുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായുള്ള സംഭാവനകള്‍ നല്‍കുന്നതു വരെയുള്ള നിരവധി കാര്യങ്ങള്‍ ഇതിനായി ചെയ്യാം. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നിങ്ങള്‍ക്കും വിവിധങ്ങളായ നേട്ടങ്ങള്‍ നല്‍കുമെന്ന് ഓര്‍ക്കുക. അതോടൊപ്പം വിഷാദവും പിരിമുറുക്കവുമെല്ലാം ഒഴിവാക്കാനും ഇതൊക്കെ നിങ്ങളെ സഹായിക്കും

English Summery: Find Opportunities in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com