ADVERTISEMENT

റിസര്‍വ് ബാങ്ക് ഇന്നും നിരക്കുകള്‍ കുറക്കുകയാണെങ്കില്‍ സാധാരണക്കാരില്‍ കൂടുതല്‍ നേട്ടമുണ്ടാകുക ഭവന വായ്പ എടുത്തിട്ടുള്ള മധ്യവര്‍ഗ വിഭാഗത്തിനായിരിക്കും. സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.

പിഎംഎവൈ കൂടുതല്‍ ആകര്‍ഷകമായും

പിഎംഎവൈയുടെ കീഴിലുള്ള സബ്‌സിഡി പദ്ധതി (സിഎല്‍എസ്എസ്) അടുത്ത വര്‍ഷം മാര്‍ച്ചു വരെ നീട്ടിയതു കൂടി കണക്കിലെടുക്കുമ്പോള്‍ ഫലത്തില്‍ വളരെ കുറഞ്ഞ നിരക്കെന്ന നേട്ടമാകും ലഭിക്കുക. ആറു ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നാലു ശതമാനം പലിശ സബ്‌സിഡിക്കാണ് അര്‍ഹത. റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുറക്കുകയും അതിനു തുടര്‍ച്ചയായി ഭവന വായ്പാ പലിശ നിരക്കുകള്‍ വീണ്ടും താഴേക്കു വരികയും ചെയ്യുകയാണെങ്കില്‍ ഈ നാലു ശതമാനം സബ്‌സിഡി കൂടി ലഭിക്കുന്നത് മധ്യവര്‍ഗക്കാര്‍ക്ക് ഏറെ ഗുണകരമാകും.

ബിപിഎല്‍ആര്‍ നേട്ടം നല്‍കില്ല

നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി പലിശ നിരക്കു കുറയും. നിങ്ങളുടെ ഭവന വായ്പ അടിസ്ഥാന നിരക്ക് അല്ലെങ്കില്‍ ബെഞ്ചുമാര്‍ക്ക് പ്രൈം ലെന്റിങ് നിരക്ക് (ബിപിഎല്‍ആര്‍) അടിസ്ഥാനമാക്കിയാണെങ്കില്‍ റിസര്‍വ് ബാങ്ക് നിരക്കു കുറക്കുന്നത് വലിയ നേട്ടമൊന്നും നല്‍കില്ല. ഇത് എക്‌സ്റ്റേണല്‍ ബഞ്ച്മാര്‍ക്ക് രീതിയിലേക്കു മാറ്റാന്‍ ബാങ്കിനെ സമീപിക്കുന്ന കാര്യം ചിന്തിക്കണം. അങ്ങനെയാണെങ്കില്‍ ഓരോ മൂന്നു മാസത്തിലും എക്‌സ്‌റ്റേണല്‍ ബഞ്ച് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഭവന വായ്പയുടെ പലിശ നിരക്ക് ബാങ്ക് പുതുക്കും. അതായത് റിസര്‍വ് ബാങ്കിന്റെ ഓരോ നിരക്കു കുറക്കലിന്റേയും നേട്ടം ഇത്തരത്തിലുള്ള ത്രൈമാസ പരിഷ്‌ക്കരണത്തിലൂടെ വേഗത്തില്‍ ലഭിക്കും.

എംസിഎല്‍ആര്‍ അധിഷ്ഠിത നിരക്കു ബാധകമായവര്‍ക്കും റിസര്‍വ് ബാങ്ക് നിരക്കു കുറക്കുന്നതിന്റെ നേട്ടം ലഭിക്കും. പക്ഷേ, റിസര്‍വ് ബാങ്കിന്റെ നിരക്കു കുറക്കല്‍ നടപടിക്കു തുടര്‍ച്ചയായി നിങ്ങളുടെ ബാങ്ക് ഭവന വായ്പയുടെ പലിശ കുറക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ മാത്രമേ എംസിഎല്‍ആര്‍ രീതിയിലുള്ളവര്‍ക്ക് ഗുണം ലഭിക്കു.

ബിപിഎല്‍ആര്‍, എംസിഎല്‍ആര്‍ രീതികള്‍ ബാധകമായവര്‍ക്ക് എക്‌സ്റ്റേണല്‍ ബഞ്ച്മാര്‍ക്ക് അധിഷ്ഠിത രീതിയിലേക്കു മാറാനാവും. ഇതിന് ബാങ്കിനെ സമീപിക്കുമ്പോള്‍ അതിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജുകള്‍ ഈടാക്കുന്ന രീതി ബാങ്കുകള്‍ക്കുണ്ട്. ഇങ്ങനെ ഈടാക്കുന്ന തുകയും പലിശ നിരക്കിലുണ്ടാകുന്ന വ്യത്യാസവും അടക്കമുള്ളവ വിശകലനം ചെയ്തു വേണം മാറ്റം വരുത്താനായുള്ള അപേക്ഷ നല്‍കാന്‍.

English Summery : Rbi Rate Cut and Housing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com