ADVERTISEMENT

ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ചെറുകിട കച്ചവടക്കാര്‍ക്കും ജോലിക്കാര്‍ക്കുമെല്ലാം വരുമാനം കിട്ടിത്തുടങ്ങിയത് ചെറിയ തോതിലെങ്കിലും ആശ്വാസമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഓളമൊന്നുമില്ലായിരുന്നെങ്കിലും ഓണവിപണി ചെറിയ തോതില്‍ ഉണരാനും ഇതു സഹായിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പതിവു പോലെ ഓണക്കോടി വാങ്ങാന്‍ അധികമാരും തയ്യാറായില്ല. അതിനായി ഉദ്ദേശിച്ചിരുന്ന പണം എന്താണു ചെയ്യുക? എന്തു ചെയ്യാന്‍, അടുത്ത ദിവസങ്ങളില്‍ അതങ്ങു ചെലവായിപ്പോകും എന്നായിരിക്കും പലരുടേയും ഉത്തരം.

ആ പണം കൊണ്ട് സ്വര്‍ണം വാങ്ങിയാലോ? തുണി വാങ്ങാനിരുന്ന ആ ചെറിയ തുക കൊണ്ട് എങ്ങനെ സ്വര്‍ണം വാങ്ങുമെന്നോര്‍ക്കേണ്ട. അത്ര കുറഞ്ഞ തുകയ്ക്കും സ്വര്‍ണം വാങ്ങുകയും അതു നിക്ഷേപമായി സൂക്ഷിക്കുകയും ചെയ്യാം. കേന്ദ്ര സര്‍ക്കാരിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയാണ് ഇതിന് അവസരം നൽകുന്നത്. ഈ വര്‍ഷം ഈ പദ്ധതിയിലൂടെ സ്വര്‍ണം വാങ്ങാന്‍ ഇന്നു കൂടിയേ (സെപ്റ്റംബര്‍ നാല്) അവസരമുള്ളു എന്നും ഓര്‍മിക്കണം, 

അയ്യായിരം രൂപയ്ക്കു മുതല്‍ സ്വര്‍ണം വാങ്ങാം

ഒരു ഗ്രാം മുതല്‍ സ്വര്‍ണമാണ് ഈ പദ്ധതിയിലൂടെ വാങ്ങാനാവുക. 5067 രൂപയാണ് ഒരു ഗ്രാമിനായി നല്‍കേണ്ടത്. സാധാരണ നിലയില്‍ ചെറിയൊരു ആഭരണം പോലും ഈ തുകയ്ക്കു കിട്ടില്ല. എന്നു മാത്രമല്ല, ഒരു ഗ്രാമിന്റെ ആഭരണം വാങ്ങിയാല്‍ നിക്ഷേപമായി കണക്കാക്കുയോ വില്‍ക്കുകയോ ചെയ്യുന്നതൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഇവിടെ പക്ഷേ, അയ്യായിരം രൂപയ്ക്കടുത്തു മുതല്‍ സ്വര്‍ണ നിക്ഷേപം നടത്താം. ഇത് ഡീമാറ്റ് രൂപത്തിലാണു ലഭിക്കുക. നിങ്ങള്‍ക്കതിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. 

പണയം വെക്കുകയുമാവാം

സ്വര്‍ണം കയ്യില്‍ കിട്ടാതെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടെന്തു കാര്യമെന്നു കരുതേണ്ട. അതു സ്വര്‍ണ പണയത്തിന്റെ അതേ രീതിയില്‍ തന്നെ ബാങ്കുകളില്‍ പണയം വെക്കുകയുമാവാം. ഓൺലൈൻ ബാങ്കിങ് ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ വീട്ടിലിരുന്നു തന്നെ ഈ സര്‍ട്ടിഫിക്കറ്റുകളുടെ ഈടില്‍ വായ്പയെടുക്കാമെന്നു സാരം. 

എട്ടു വര്‍ഷത്തെ നിക്ഷേപം

രണ്ടര ശതമാനം പലിശ ലഭിക്കുന്ന ഈ പദ്ധതിയുടെ കാലാവധി എട്ടു വര്‍ഷമാണ് അഞ്ചു വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കാനും അവസരമുണ്ട്. കാലാവധി കഴിയുമ്പോള്‍ 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ വിപണി വിലയായിരിക്കും ലഭിക്കുക. 

ഓണ്‍ലൈന്‍ ബാങ്കിങിലൂടെ വാങ്ങാം

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഈ സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാന്‍ പല മാര്‍ഗങ്ങളുമുണ്ടെങ്കിലും ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് അതുവഴി വാങ്ങുകയാണ് ഏറ്റവും എളുപ്പം. ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ സൂക്ഷിക്കുമെങ്കിലും ഇത് ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റു വഴി വാങ്ങാം. പല ബാങ്കുകളും ഇതിനുള്ള അവസരം ലഭ്യമാക്കുന്നുണ്ട്.

English Summary: Today is the Last Date for Sovereign Gold Bond Buying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com