ADVERTISEMENT

സ്വർണം വാങ്ങാൻ പോകുമ്പോൾ ഇന്നത്തെ സ്വർണ വില എത്രയാണെന്ന് കൃത്യമായി വിപണി വില നോക്കിവെക്കുകയൊക്കെ ചെയ്യും. എന്നാൽ വിൽക്കുമ്പോഴോ? നേരെ ആഭരണ കടയിലേക്ക് പോകും. അവർ പറയുന്ന വില സമ്മതിച്ച് വിൽക്കാൻ തയാറാകും. അതു മതിയോ? സ്വർണം വിൽക്കുമ്പോഴും വേണം ചില തയാറെടുപ്പുകൾ. അവ എന്തെല്ലാം എന്ന് നോക്കാം.

∙ ജ്വല്ലറിയിലെ വിൽപന വില എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യും. പക്ഷേ, അങ്ങോട്ടു വിൽക്കാൻ ചെല്ലുന്ന നമുക്കു തരുന്ന വില ഇങ്ങനെ അറിയാനാകില്ല. ഓരോ ജ്വല്ലറിയും ഓരോരോ രീതിയിലാണ് വില തരിക. അതിനാൽ പല ജ്വല്ലറികളില്‍ സമീപിച്ച് കിട്ടാവുന്ന വില അറിയണം. എന്നിട്ട് ഉയര്‍ന്ന വില കിട്ടുന്ന സ്ഥലത്തു വില്‍ക്കുക.

∙ കഴിയുന്നതും വാങ്ങിയ ജ്വല്ലറിയില്‍ വില്‍ക്കുക. അപ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാം. പരമാവധി വില കിട്ടുകയും ചെയ്യും.

∙ വാങ്ങിയ സമയത്തെ ബില്‍ നല്‍കുക. അതുവഴി ശുദ്ധത, തൂക്കം എന്നിവ സംബന്ധിച്ചുള്ള തര്‍ക്കം പൂര്‍ണമായും ഒഴിവാക്കാം. വാങ്ങിയിടത്തല്ല വില്‍ക്കുന്നതെങ്കിലും ബില്‍ ഗുണം ചെയ്യും.

∙ ആഭരണമാണെങ്കിൽ ലേറ്റസ്റ്റ് ഫാഷനിലും സങ്കീര്‍ണമായ ഡിസൈനിലും ഉള്ളവ വിൽക്കാതിരിക്കുക. അവ ധരിക്കാനായി വാങ്ങിയവയാണ്. അവയുടെ പണിക്കൂലി, പണിക്കുറവ് എന്നിവ ഉയര്‍ന്നതാകും. പലപ്പോഴും 22 കാരറ്റ് ആകണമെന്നുമില്ല. ലളിതമായ ഡിസൈനിൽ കല്ലും മറ്റും ഇല്ലാത്ത ചെയിന്‍, വള തുടങ്ങിയവ വില്‍ക്കുക.

∙ ശുദ്ധത ഉറപ്പാക്കുക. ഹാള്‍മാര്‍ക്കിങ്ങും, 

916 ഉം നിര്‍ബന്ധമായിട്ട് വര്‍ഷങ്ങളേ ആയുള്ളൂ. അതിനാൽ, നിങ്ങളുടെ സ്വര്‍ണം അത്തരം സ്റ്റാൻഡേർഡൈസേഷന്‍ ഇല്ലാത്തവയാകാം. എങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. മുന്‍കൂട്ടി ശുദ്ധത ഉറപ്പാക്കിയാൽ നന്ന്. ബിഐഎസ് ഓഫിസുകളില്‍ അതിന് അവസരം ഉണ്ട്. പല ജ്വല്ലറികളിലും കാരറ്റ് അനലൈസര്‍ സൗകര്യം ലഭ്യമാണ്. അത് ഉപയോഗിക്കാം. 

∙ അന്തിമ വില ഉറപ്പാക്കിയിട്ടു മാത്രം വില്‍പന നടപടികളുമായി മുന്നോട്ടു പോകുക. ശുദ്ധത അറിയാന്‍ സ്വര്‍ണം ഉരുക്കിയിട്ടാണ് വില സംബന്ധിച്ചു ചര്‍ച്ച ചെയ്യുന്നതെങ്കില്‍ അവര്‍ പറയുന്ന വിലയ്ക്കു വില്‍ക്കാൻ നാം നിർബന്ധിതരാകും. ഉരുക്കിയ ശേഷം സ്വര്‍ണം തിരികെ കൊണ്ടുപോകാന്‍ ആകില്ലല്ലോ.

∙ ബില്‍ കൈവശം ഉണ്ടെങ്കില്‍ സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉണ്ടാകില്ല. അല്ലെങ്കില്‍ മോഷണമുതലാണെന്ന സംശയം ഉന്നയിക്കപ്പെടാം.

എവിടെയെല്ലാം വില്‍ക്കാം?

ജ്വല്ലറികള്‍ക്കു പുറമേ റീ സൈക്കിളിങ് സ്ഥാപനങ്ങളും, മുത്തൂറ്റ് ഗോള്‍ഡ് പോയിന്റ് പോലെ സ്വര്‍ണവായ്പ സ്ഥാപനങ്ങളും സ്വര്‍ണം വാങ്ങുന്നുണ്ട്. വില്‍ക്കാന്‍ ഒട്ടേറെ പേര്‍ എത്തുന്നതിനാൽ കാഷ് ഫോര്‍ ഗോള്‍ഡ് ഷോപ്പുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. 

ബാങ്ക് സ്വര്‍ണം വാങ്ങില്ല

ബാങ്കില്‍നിന്നു വാങ്ങിയ സ്വര്‍ണനാണയം ബാങ്കുകള്‍ തിരിച്ചു വാങ്ങില്ല. വാങ്ങാന്‍ അവര്‍ക്ക് അനുമതിയുമില്ല. അതുകൊണ്ട് ജ്വല്ലറിയില്‍ വില്‍ക്കേണ്ടി വരും. നിങ്ങളുടെ അത്യാവശ്യം മനസ്സിലാക്കി ജ്വല്ലറിക്കാര്‍ വില കുറയ്ക്കാം, പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും സ്വർണവിലയുടെ 60-70% വരെയേ നല്‍കൂ എന്ന ആരോപണവും ഉണ്ട്.

English Summary : Things to Keep in Mind While Selling Gold Ornaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com