ADVERTISEMENT

ഇന്ന് മൂന്നാല് വായ്പയെങ്കിലുമില്ലാത്തവർ കുറവാണ്. ഇങ്ങനെ പല വായ്പകളുമായി ഞെങ്ങി ഞെരുങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും തിരിച്ചടവ് വിചാരിച്ച പോലെ നടക്കണമെന്നില്ല. കൈയില്‍ പണം വരുന്നതനുസരിച്ച് വായ്പ അടയ്ക്കും എന്നതാണ് പൊതുവെയുള്ള രീതി. തിരിച്ചടവിന് പറ്റാതാകുമ്പോൾ കടമെടുത്ത് തിരിച്ചടയ്ക്കുകയാകും പലപ്പോഴും ചെയ്യുക. ഈ രീതി നമ്മളെ എന്നും ബാധ്യതക്കാരാക്കുകയേ ഉള്ളു. അതേസമയം തിരിച്ചടവില്‍ യുക്തിസഹമായ തീരുമാനമെടുത്താല്‍ അനാവശ്യ ബാധ്യതകള്‍ കുറയും. അതിനു ചില കാര്യങ്ങൾ നോക്കേണ്ടതുണ്ട്.

പലിശ നിരക്ക്

പലിശ നിരക്കായിരിക്കണം വായ്പ തിരിച്ചടവിന്റെ പരിഗണന മാനദണ്ഡം. ഭവന വായ്പയും വാഹന വായ്പയും താരതമ്യേന ചെലവ് കുറഞ്ഞതായിരിക്കും. കാരണം നിലവിലെ പലിശ നിരക്കില്‍ ഭവന വായ്പ ശരാശരി 7-7.5 ശതമാനമായിരിക്കും. വാഹന വായ്പയാകട്ടെ 8-8.5 ശതമാനവും. വ്യക്തഗത വായ്പ പലിശ 9-12 ശതമാനമാണ്. അതുകൊണ്ട് മുൻഗണന നൽകേണ്ടത് വ്യക്തിഗത വായ്പ തിരിച്ചടവ് ഇ എം ഐ കൂട്ടുക എന്നതിനായിരിക്കണം.

സ്വര്‍ണ പണയ വായ്പ

പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ 7-8 ശതമാനം നിരക്കില്‍ സ്വര്‍ണപ്പണയ വായ്പകള്‍ നല്‍കുന്നുണ്ട്. അതേസമയം സ്വകാര്യ സ്വര്‍ണപണയ സ്ഥാപനങ്ങളുടെ പലിശ നിരക്ക് 12 ശതമാനത്തിന് മുകളിലേക്കാണ്. ഗ്രാമിന് ആവശ്യപ്പെട്ട തുകയനുസരിച്ച് ഇത് 20 ശതമാനം വരെ ആകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലിശ നിരക്കനുസരിച്ച് വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മില്‍ താരതമ്യം ചെയ്ത് വേണം ബാധ്യത തീര്‍ക്കാനുള്ള തീരുമാനത്തിലെത്താന്‍.

 ക്രെഡിറ്റ് കാര്‍ഡ് വായ്പ

സാധാരണ നിലയില്‍ 55 ദിവസം വരെ പലിശിയില്ലാതെ ലഭിക്കുന്ന വായ്പ എന്ന നിലയില്‍ അത്യാവശ്യം കാര്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ നല്ലതാണ്. എന്നാല്‍ ഇതൊരു ഇരട്ടവായ്ത്തലയുള്ള വാളാണ്. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ ആപത്താണ്. കഴിയുന്നതും ഡ്യൂ ഡേറ്റിന് മുമ്പ് തന്നെ പണമടയ്ക്കുന്നതാണ് നല്ലത്. ഇതിലെ പലിശ നിരക്ക് 36 ശതമാനത്തിന് മുകളിലായതിനാല്‍ പ്രഥമ പരിഗണന നല്‍കേണ്ടതും ഈ വായ്പയ്ക്കായിരിക്കണം. തീരെ നിവൃത്തിയില്ലാത്ത ഘട്ടമാണെങ്കില്‍ മാത്രം ഇവിടെ ഇ എം ഐ സാധ്യത തിരഞ്ഞെടുക്കുക. തിരിച്ചടവ് ഇ എം ഐ ആക്കിയാൽ പെട്ടന്ന് അടച്ചു തീർക്കകയും വേണം.

വാഹന വായ്പ

വാഹനവായ്പ പലിശ നിരക്ക് 8-8.5 ശതമാനത്തില്‍ ഒതുങ്ങുന്നതിനാല്‍ അടുത്ത പരിഗണന ഇതിന് നല്‍കാം. വാഹന വായ്പകള്‍ സാധാരണ നിലയില്‍ 5-7 വര്‍ഷം കാലാവധിയുള്ളതാണ്. ഒരിക്കല്‍ അടവ് തീര്‍ന്നുകഴിഞ്ഞാല്‍ പേഴ്‌സണല്‍,ക്രെഡിറ്റ് കാര്‍ഡ്, പണയ വായ്പകള്‍ തുടരുന്നുണ്ടെങ്കില്‍ ഇത് അടച്ച് തീര്‍ന്നിട്ടേ വാഹനം അപ്‌ഗ്രേഡ് ചെയ്യുന്ന കാര്യം കണക്കിലെടുക്കാവൂ.

ഭവന വായ്പ

പലിശ നിരക്ക് ഏറ്റവും കുറഞ്ഞ് നില്‍ക്കുന്നതിനാലും ആദായ നികുതി ഒഴിവ് ലഭിക്കുന്നതിനാലും അവസാനം മാത്രം തിരിച്ചടവിന് പരിഗണിക്കേണ്ടതാണ് ഭവന വായ്പ. വരുമാനം നേരിയ തോതിലെങ്കിലും കൂടുന്ന പക്ഷം ഇതിന്റെ മുതലിലേക്ക് കൂട്ടി അടച്ചുകൊണ്ടിരുന്നാല്‍ പലിശ ഇനത്തില്‍ ലക്ഷങ്ങള്‍ ലാഭിക്കാം. അതാത് ബാങ്കില്‍ കൂടുതലായി അടയ്ക്കാന്‍ ആഗ്രഹിക്കുന്ന തുകയും പലിശ ഇനത്തില്‍ ലഭിക്കുന്ന ആദായവും ചോദിച്ച് മനസിലാക്കി ഇ എം ഐ കൂട്ടി അടയ്ക്കാവുന്നതാണ്.

English Summary : Which Loan will Repay First?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com