ADVERTISEMENT

അപ്രതീക്ഷിത ആവശ്യങ്ങൾക്ക് എളുപ്പം പണം കിട്ടിയാലേ പഴ്സനൽ ലോണുകൾ കൊണ്ട് പ്രയോജനമുള്ളൂ. ശമ്പള രേഖ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയൽ രേഖകൾ കൂടാതെ നീളത്തിൽ പൂരിപ്പിക്കേണ്ട ഫോമും ഒക്കെ ബാങ്കിൽ കൊടുത്ത്, എന്നു കിട്ടും എന്നു കിട്ടും എന്ന് അന്വേഷിച്ചു നടക്കേണ്ടി വന്നാൽ എന്തു ഗുണം. അതിനും പുറമേ ക്രെഡിറ്റ് സ്കോർ കടമ്പ കൂടിയാകുമ്പോൾ പറയാനുമില്ല. 

ഓൺലൈൻ ആയി അപേക്ഷ നൽകി തിരിച്ചറിയൽ രേഖ മാത്രം കൊടുത്തു മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം വരുന്ന പുതിയ ഫിൻടെക് വായ്പ ആപ്പുകൾ പ്രചാരത്തിലാകാൻ കാരണവും മറ്റൊന്നല്ല. നിന്ന നിൽപിൽ ലഭിക്കുന്ന ഓൺലൈൻ ഉടൻ വായ്പകളുടെ തനിനിറം പുറത്തുവരുന്നത് എടുത്തു കഴിഞ്ഞ ശേഷം മാത്രമാണ്. 

 ‘ഉടൻ വായ്പ’    

നിലവിലുള്ള ബാങ്കുകളിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും വിവിധതരം വായ്പകൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള പോർട്ടലുകളും ആപ്പുകളുമാണ് ആദ്യം രംഗത്തു വന്നത്. ഒരൊറ്റ ആപ്പിൽ വിവരങ്ങൾ സമർപ്പിച്ചാൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യ വായ്പ തിരഞ്ഞെടുക്കാമെന്ന ഗുണമുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വായ്പകൾ നേരിട്ടു നൽകുന്ന ആപ്പുകൾ തുരുതുരാ രംഗത്തു വന്നു. ഫിൻടെക്, സ്റ്റാർട്ടപ് എന്നൊക്കെ പറഞ്ഞ് പലരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്തായാലും ലളിതമായ നടപടി ക്രമങ്ങളും താമസം കൂടാതെ വായ്പ ലഭിക്കുന്നതും വായ്പ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചു. ചെറുപ്പക്കാർക്കിടയിൽ നല്ല പ്രചാരവുമുണ്ടായി.

പലിശ  പ്രശ്നമല്ല 

വലിയ പേപ്പർ പണികളില്ലാതെ ആവശ്യത്തിന് ഉപകരിക്കുമെങ്കിൽ വായ്പയെടുക്കാൻ പലിശ ഒരു തടസ്സമല്ല എന്നാണ് മിക്ക ചെറുപ്പക്കാരും കരുതുന്നത്. രാജ്യത്തു സാധാരണ വായ്പകൾക്ക് പലിശ നിരക്കുകൾ കുറഞ്ഞു വരുമ്പോഴും കൊള്ളപ്പലിശ ചുമത്തുന്ന വായ്പ ആപ്പുകൾ വഴി പണം കടമെടുക്കുന്നവരുണ്ട്. പണ്ടൊക്കെ വട്ടിപ്പലിശ, മീറ്റർ പലിശ എന്ന പേരുകളിൽ ദിവസ പലിശയ്ക്കു പണം കടം കൊടുത്തിരുന്ന ബ്ലേഡ് നിരക്കാണ് ഈടാക്കുന്നത്. കൃത്യമായി തിരിച്ചടച്ചാൽ പോലും മാസം തോറും അഞ്ചോ ആറോ ശതമാനമെന്നത് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്നതിന്റെ ഇരട്ടിയോളം വരും. തിരിച്ചടവിൽ വീഴ്ച വന്നാൽ പലിശ പിടിച്ചാൽ കിട്ടില്ല. ആറുമാസത്തിനുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകും.

റിസർവ് ബാങ്ക് നിയന്ത്രണം 

റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ വായ്പ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. വായ്പ വാഗ്‌ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളും പോർട്ടലുകളും ഏതു സ്ഥാപനത്തിൽ നിന്നാണ് വായ്പ ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കിയിരിക്കണം. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകൾ ഈടാക്കുന്നതും റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഫെയർ പ്രാക്ടീസ് കോഡ് മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെങ്കിൽ പരാതിപ്പെടാം. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും കുറ്റകരമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

ബിഗ് ഡേറ്റ പരിശോധന 

വായ്പ അപേക്ഷിക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിൽനിന്നു വിവരങ്ങൾ ചോർത്തിയെടുത്ത് ഇടപാടുകളും പെരുമാറ്റങ്ങളും പരിശോധന നടത്തി ഓരോരുത്തരുടെയും ബന്ധങ്ങളും  സാമ്പത്തിക സ്വഭാവവും കൃത്യമായി അവലോകനം ചെയ്ത ശേഷമാണ് ആപ്പുകൾ വായ്പ അനുവദിക്കുന്നത്. നിർമിത  ബുദ്ധി, ബിഗ് ഡേറ്റ വിശകലനം  തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തിൽ മാന്യന്മാരായിട്ടുള്ളവർ കോണ്ടാക്‌ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും വായ്പ ലഭിക്കും. മെഗാ ബൈറ്റ് കണക്കിന് ടെക്സ്റ്റ് മെസ്സേജുകളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് പരതിയെടുത്തു കാച്ചിക്കുറുക്കി കൃത്യമായ വിവരം മനസ്സിലാക്കിയാണ് വായ്പ അനുവദിച്ചതെന്ന് അപേക്ഷകൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

 കരുതലോടെ വേണം 

ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ അനുവാദം കൊടുക്കരുത്. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കിൽ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകൾ വാർഷികാടിസ്ഥാനത്തിൽ എത്ര വരുമെന്നു മുൻകൂട്ടി മനസ്സിലാക്കണം. പലിശ കണക്കുകൂട്ടുന്ന രീതിയും പിഴപ്പലിശയും മറ്റു ചാർജുകളും എത്രയാണെന്നും ഒക്കെ ആദ്യമേ തിരിച്ചറിയണം. വായ്പക്കരാറിന്റെ കോപ്പി പരിശോധിച്ച് വ്യക്തിഗതവിവരങ്ങൾ അനുവാദമില്ലാതെ ദുരുപയോഗപ്പെടുത്തില്ലെന്നും മറ്റും  ഉറപ്പാക്കുകയും വേണം.

നാണം കെട്ടുപോകും

വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ചുറുചുറുക്കോടെ സാന്നിദ്ധ്യമുള്ളവർക്കു വായ്പ നൽകാൻ ആപ്പുകൾക്കു വലിയ താൽപര്യമാണ്. ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിനു കൈമാറ്റം ചെയ്തുകൊടുത്താൽ മതി. തവണ തെറ്റുമ്പോഴേക്കും അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സന്ദേശം വന്നിട്ടുണ്ടാകും. സമൂഹത്തിൽ മാന്യന്മാരായ നിങ്ങളുടെയൊക്കെ ജാമ്യത്തിൽ തൽപരകക്ഷി പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നെന്ന രീതിയിലായിരിക്കും സന്ദേശങ്ങൾ തെക്കു വടക്കു പ്രചരിക്കുക.

English Summary : Beware About Online Loan Apps

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com