ADVERTISEMENT

വായ്പ എന്നാണ് പേരെങ്കിലും ഇത് തിരിച്ചടയ്‌ക്കേണ്ട. കിട്ടാനും എളുപ്പം. പക്ഷേ മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ ഈ വായ്പ സ്വീകരിക്കാവൂ. എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടില്‍ നിന്നാണ് അത്യാവശ്യം വന്നാല്‍ ഇങ്ങനെ വായ്പ കിട്ടുന്നത്.

എന്നാല്‍ ഇതിനെ വായ്പ എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. കാരണം ഇത് റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടേണ്ട പണത്തില്‍ നിന്ന് അഡ്വാന്‍സ് ആയി പണം എടുക്കുകയാണ്. അതിനാല്‍ ഇങ്ങനെ അഡ്വാന്‍സ് ആയി എടുക്കുന്ന പണം തിരിച്ചടയ്‌ക്കേണ്ട. അതിന് പലിശയും നല്‍കേണ്ട.

ഏതൊക്കെ ആവശ്യത്തിന് പണം കിട്ടും?

പ്രധാനമായും ഇനി പറയുന്ന ആവശ്യങ്ങള്‍ക്കാണ് ഇ.പി.എഫില്‍ നിന്ന് അഡ്വാന്‍സ് ആയി പണം കൈപ്പറ്റാന്‍ കഴിയുന്നത്.

1. ഭവന വായ്പയുടെ തിരിച്ചടവിന്

2.താമസ ആവശ്യത്തിന് വീടും സ്ഥലവും വാങ്ങാനോ സ്ഥലം മാത്രം വാങ്ങാനോ.

3.വീടിന്റെ അറ്റകുറ്റപണിക്ക്

4. ചികില്‍സാ ചിലവിന്

5.സ്വന്തം വിവാഹത്തിനോ സഹോദരങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനോ

6.കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്

എത്ര പണം ലഭിക്കും?

സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച് ചിലപ്പോള്‍ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിലുള്ള മുഴുവന്‍തുകയും ലഭിക്കും. ചിലപ്പോള്‍ ശമ്പളത്തില്‍ നിന്നുള്ള അടവിന്റെ നിശ്ചിത തുക. ചില സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ വിഹിതം മാത്രം.

1.സ്ഥലം വാങ്ങാന്‍

പ്രോവിഡന്റ് ഫണ്ടിലേക്ക് നൽകുന്ന ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളവും ഡി.എയും ചേര്‍ന്ന തുക) 24 ഇരട്ടിവരെ ലഭിക്കും.

2. വീട് വാങ്ങാനോ വീടും സ്ഥലവും കൂടി വാങ്ങുന്നതിനോ

പ്രോവിഡന്റ് ഫണ്ടിലുള്ള തുകയുടെ 90 ശതമാനം വരെ. വായ്പയെടുത്താണ് വാങ്ങുന്നതെങ്കില്‍ അതിന്റെ ഇ.എം.ഐ അടയ്ക്കാനും ‌പ്രോവിഡന്റ് ഫണ്ടിലെ തുക ഉപയോഗിക്കാം. 

3. വീടിന്റെ അറ്റകുറ്റപണികള്‍ക്ക്

വീടിനുള്ള വായ്പ എടുത്ത് അഞ്ചുവര്‍ഷം കഴിഞ്ഞ്, ശമ്പളത്തിന്റെ 12 ഇരട്ടി അല്ലെങ്കില്‍ പ്രോവിഡന്റ് ഫണ്ടില്‍ ഉള്ള തൊഴിലാളിയുടെ വിഹിതം മുഴുവന്‍. 

4.ഭവന വായ്പ തിരിച്ചടയ്ക്കാന്‍

ശമ്പളത്തിന്റെ 36 ഇരട്ടിവരെ. എന്നാല്‍ ഇ.പി.എഫില്‍ ചേര്‍ന്നിട്ട് 10 വര്‍ഷം കഴിഞ്ഞിരിക്കണം. 

5. ചികില്‍സാ ചിലവിന്

തൊഴിലാളിയുടെ വിഹിതമായി അടച്ചിട്ടുള്ള മുഴുവന്‍ തുകയും. എന്നാല്‍ അപേക്ഷകന്‍് ഇ.എസ്.ഐ ആനൂകൂല്യം ലഭിക്കാത്ത ആളായിരിക്കണം.

6.വിവാഹ ആവശ്യത്തിന്

തൊഴിലാളിയുടെ വിഹിതത്തിന്റെ 50 ശതമാനം. ഇ.പി.എഫില്‍ ചേര്‍ന്നിട്ട് എഴുവര്‍ഷമെങ്കിലും ആയിരിക്കണം. 

ഇപിഎഫ് വായ്പാ നടപടിക്രമങ്ങള്‍

ഇപിഎഫില്‍ നിന്ന് വായ്പ ലഭിക്കാന്‍ ഇപ്പോള്‍ നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ള അപേക്ഷകളില്‍ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ല. മാത്രമല്ല ഓണ്‍ലൈനായി വളരെ അനായാസം വായ്പാ അപേക്ഷ നല്‍കാം. ഇതിനായി തൊഴിലുടമയുടെ അടുത്തോ ഇപിഎഫ് ഓഫീസിലോ പോകേണ്ടതില്ല. ഇപിഎഫ് പോര്‍ട്ടലില്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍(യുഎഎന്‍) ഉപയോഗിച്ചാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് ആദ്യം യുഎഎന്‍ താഴെ പറയുന്നവയുമായി ലിങ്ക് ചെയ്യണം.

1.നിങ്ങളുടെ മൊബൈല്‍ നമ്പര്‍( അധാറില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ തന്നെ ആയിരിക്കണം)

2.ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ് കോഡും

3. ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും

ഇത്രയും ചെയ്ത ശേഷം യുഎഎന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുക. അതിനുശേഷം കെവൈസി വിവരങ്ങള്‍ ചേര്‍ത്ത് വെരിഫൈ ചെയ്യുക. അതിനുശേഷം വായ്പാ അപേക്ഷ നല്‍കുക. മൊബൈലില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ് ഉപയോഗിച്ച് അപേക്ഷ കണ്‍ഫേം ചെയ്യുക. വായ്പാ തുക ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടും.

(ലേഖകന്റെ ഇ മെയ്ല്‍: jayakumarkk8@gmail.com)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com