ADVERTISEMENT

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ സ്‌കീമിന്റെ (എസ്‌ജിബി) ഒമ്പതാം സീരീസിന്റെ വിതരണം തുടങ്ങി. ജനുവരി 1 വരെ അപേക്ഷിക്കാം. ഒരു ഗ്രാം സ്വര്‍ണത്തിന്‌ 5,000 രൂപയാണ്‌ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്‌. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക്‌ 50 രൂപയുടെ ഇളവ്‌ ലഭിക്കും. ബോണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ ജനുവരി 5ന്‌ ഇഷ്യു ചെയ്യും.

സ്വര്‍ണ വില റെക്കോഡ്‌ ഉയരത്തിലേക്ക്‌ അടുത്തു കൊണ്ടിരിക്കെയാണ്‌ എസ്‌ജിബിയുടെ പുതിയ ഇഷ്യു എത്തിയിരിക്കുന്നത്‌. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറത്തിറക്കുന്ന എസ്‌ജിബി സ്‌കീം .

കാലാവധി എട്ട്‌ വര്‍ഷം

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിന്റെ കാലാവധി എട്ട്‌ വര്‍ഷമാണ്‌. ആവശ്യമെങ്കില്‍ അഞ്ച്‌ വര്‍ഷത്തിന്‌ ശേഷം പിന്‍വലിക്കാം. വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ്‌ ബോണ്ടിന്റെ പ്രകടനം. പ്രതിവര്‍ഷം 2.5 ശതമാനമാണ്‌ സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക്‌ നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്‌. വിതരണം തുടങ്ങുന്നതിന്‌ മുമ്പുള്ള മൂന്ന്‌ വ്യാപാര ദിവസങ്ങളിലെ 999 പരിശുദ്ധ സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിങ്‌ വില അടിസ്ഥാനമാക്കിയാണ്‌ ബോണ്ടിന്റെ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ എങ്ങനെ വാങ്ങാം ?

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ ബാങ്കുകള്‍, സ്‌റ്റോക്‌ ഹോള്‍ഡിങ്‌ കോര്‍പറേഷന്‍, പോസ്‌റ്റ്‌ ഓഫീസുകള്‍ , സ്റ്റോക്‌ എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴി വാങ്ങാം. ആര്‍ബിഐയുടെ വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ ബാങ്ക്‌ സംവിധാനത്തിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാം. സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ വാങ്ങുന്നതിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌ / പാന്‍, പാസ്സ്‌പോര്‍ട്ട്‌ പോലുള്ള കെവൈസി രേഖകള്‍ ആവശ്യമാണ്‌ .

ആര്‍ക്കെല്ലാം വാങ്ങാം ?

രാജ്യത്തെ സ്ഥിര താമസക്കാരായ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, ട്രസ്‌റ്റുകള്‍, സര്‍വകലാശാലകള്‍, ധര്‍മ്മസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വാങ്ങാം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ക്ക്‌ നിക്ഷേപം നടത്താം. അതേസമയം എന്‍ആര്‍ഐകള്‍ക്ക്‌ നിലവില്‍ ബോണ്ടില്‍ നേരിട്ട്‌ നിക്ഷേപം നടത്താന്‍ അനുവാദമില്ല. അതേ സമയം റസിഡന്റ്‌ നിക്ഷേപകന്റെ നോമിനിയായി ലഭിച്ച ബോണ്ടുകള്‍ കൈവശം വെയ്‌ക്കാന്‍ അനുവദിക്കും.

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ സ്‌കീമിലെ നിക്ഷേപ പരിധി

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം ആണ്‌. വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കും ബോണ്ടില്‍ ഓരോ സാമ്പത്തിക വര്‍ഷത്തിലും പരമാവധി നാല്‌ കിലോഗ്രാം വരെ നിക്ഷേപിക്കാന്‍ കഴിയും. മറ്റ്‌ യോഗ്യരായ സ്ഥാപനങ്ങള്‍ക്ക്‌ പരമാവധി 20 കിലോഗ്രാം വരെ നിക്ഷേപം നടത്താം.

English Summary : Sovereign Gold Bond 9th Series Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com