ADVERTISEMENT

നിങ്ങൾ ഒരു കർഷകനാണോ? കൃഷി തൊഴിലായി സ്വീകരിക്കാൻ താൽപര്യമുണ്ടോ? എങ്കിലിതാ നിങ്ങൾക്കായി കേന്ദ്രസർക്കാർ കൃഷിവകുപ്പ് ഒരുക്കുന്ന പദ്ധതി SMAM (സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ)

എന്താണ് പദ്ധതി?

കാർഷികയന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിനു കർഷകരെ സഹായിക്കുന്ന പദ്ധതിയാണ് SMAM. നമ്മുടെ ആവശ്യമനുസരിച്ചു പമ്പ്സെറ്റ്, കാടുവെട്ടിയന്ത്രം, കൊയ്ത്തുയന്ത്രം, ഞാറുനടീൽ യന്ത്രം, ടില്ലർ, ട്രാക്ടർ തുടങ്ങിയ കാർഷികോപകരണങ്ങൾ 40–50 ശതമാനം സബ്സിഡിയോടെ ലഭിക്കും. ഓരോ യന്ത്രത്തിനും വ്യത്യസ്ത നിരക്കിലാണു സബ്സിഡി. കാടുവെട്ടി യന്ത്രത്തിന് 30,000 രൂപവരെ സബ്സിഡി ലഭിക്കുമ്പോൾ ട്രാക്ടറിന് രണ്ടുലക്ഷം രൂപവരെ സബ്സിഡി ലഭിക്കും. 

കൃഷി തൊഴിലാക്കാം

സ്വന്തം ആവശ്യങ്ങൾക്കുപരി നമുക്കു യോജിച്ച കാർഷികയന്ത്രം സ്വന്തമാക്കി തൊഴിലായി മാറ്റാമെന്നതാണ് ഇതിന്റെ ആകർഷണീയത. സംരംഭകർക്കും സ്വയംസഹായസംഘങ്ങൾക്കും കാർഷികോപകരണങ്ങൾ വാങ്ങി വാടകയ്ക്കു നൽകാം. സ്വന്തം കൃഷിയിടത്തിലെ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും ഇത് ഒരു പരിധിവരെ സഹായിക്കും.

എങ്ങനെ അപേക്ഷിക്കണം?

അപേക്ഷ നൽകാൻ ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല. ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകിയാൽ അത് ആദ്യം വെയിറ്റിങ് ലിസ്റ്റിൽ സ്ഥാനം പിടിക്കും. തുടർന്ന് അലോട്മെന്റ് ലഭിക്കുന്നതോടെ കൺഫർമേഷൻ ആകും. വെബ്സൈറ്റിലെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ എന്ന ലിങ്കിലൂടെ ഫാർമർ മെനുവിലെത്തി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണു സഹായം ലഭ്യമാകുന്നത്. അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കുവാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. 

എന്തെല്ലാം രേഖകൾ വേണം? 

ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, സ്ഥലത്തിന്റെ നികുതി രസീത്, വോട്ടർ ഐഡി കാർഡ്, ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC) തുടങ്ങിയ രേഖകളുടെ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അംഗീകരിച്ച ഡീലർമാരുടെ പക്കൽനിന്നാണ് ഉപകരണങ്ങൾ വാങ്ങേണ്ടത്. സബ്സിഡി തുക നേരിട്ടു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും.

English Summary: Details of Agriculture Subsidy for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com