ADVERTISEMENT

കാലാവധി എത്തുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാനുതുകുന്ന സമഗ്ര സ്‌ക്രാപ്പിംഗ് നയം ബജറ്റില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് ഇന്ത്യയില്‍ ഇനി വാണിജ്യ വാഹനങ്ങള്‍ക്ക്15വര്‍ഷമായിരിക്കും ആയുസ്. മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തെ പഴക്കം നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വാഹനങ്ങള്‍ സ്‌ക്രാപ്പാക്കി മാറ്റും. അന്തരീക്ഷ മലിനീകരണം നിയന്ത്രണം വിട്ടതോടെ ഗതാഗത മന്ത്രാലയം സ്‌ക്രാപ്പിംഗ് നയത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തി വരികയായിരുന്നു. ഇങ്ങനെയുള്ള സ്‌ക്രാപ്പ്  വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് അസംസ്‌കൃത ഉത്പന്നങ്ങളായി നല്‍കും. കുറഞ്ഞ വിലയില്‍ സ്റ്റീലും മറ്റ് ഉത്പന്നങ്ങളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നതോടെ വാഹന വില കുറയും. ഒപ്പം പഴയ വാഹനം സ്‌ക്രാപ്പാക്കാന്‍ നല്‍കിയ ഉടമയ്ക്ക് പുതിയ വണ്ടിയ്ക്ക് സബ്സിഡിയും നല്‍കും. ഇതാണ് മന്ത്രാലയം ലക്ഷ്യമിട്ടിരുന്ന സ്‌ക്രാപ്പിംഗ് പോളിസിയുടെ ഏകദേശ രൂപം. ബജറ്റില്‍ പ്രഖ്യാപിച്ച സ്‌ക്രാപ്പിംഗ് നയവും ഇതേ മാതൃകയിലാകുമെന്നാണ് സൂചന. ഇതോടെ ചെലവ് കുറഞ്ഞ വാഹന നിര്‍മാണ ഹബ് ആയി രാജ്യം മാറുമെന്നാണ് പ്രതീക്ഷ. 1.45 ലക്ഷം കോടി രൂപയുടെ കയറ്റുമതി അടക്കം മൊത്തം 4.5 ലക്ഷം കോടിയുടെ വിറ്റുവരവുള്ള മേഖലയാണ് വാഹന നിര്‍മ്മാണം.

25,000 കോടിയിലേറെ നേട്ടം

ഇതിന് നേട്ടം പലതാണ്.കേന്ദ്രസര്‍ക്കാരിന് നേട്ടം ഈ മേഖലയില്‍ ഒരു വര്‍ഷം ഇറക്കുമതി ചെയ്യുന്ന ഇരുമ്പ് വിലയായ 25,000 കോടി രൂപയാണ് .2017 ല്‍ മാത്രം ഈ രംഗത്ത് ഏഴ് ലക്ഷം ടണ്ണിന്റെ കുറവുണ്ടായിരുന്നുവെന്നാണ് കണക്ക്. സ്‌ക്രാപ്പിംഗ് നയം പ്രാവര്‍ത്തികമായാല്‍ 2030 ഓടെ രാജ്യത്തെ വാഹനനിര്‍മ്മാണത്തിനുള്ള ഇത്തരം ഇറക്കുമതി പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നാണ് വിലയിരുത്തല്‍.

അന്തരീക്ഷ മലിനീകരണം

 പദ്ധതി നടപ്പാകുന്നതോടെ വാഹനങ്ങളില്‍ നിന്നുള്ള ബഹിര്‍ഗമനത്തിലൂടെയുളള അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ വിരാമമാകും. ഇപ്പോള്‍ രാജ്യത്ത് പ്രത്യേകിച്ച് ഉത്തരേന്ത്യയിലും മറ്റും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് വ്യാപകമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. സുനിശ്ചിതമായ സ്‌ക്രാപ്പിംഗ് പോളിസികളുടെ അഭാവത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ സമഗ്ര നടപടിയ്ക്ക് കഴിയാത്ത സ്ഥിതിയുണ്ട്.

പുതിയ വണ്ടിക്ക് കിഴിവ്

ഉപഭോക്താക്കള്‍ക്ക് പഴയ വാഹനങ്ങള്‍ പറമ്പില്‍ നിന്ന് ഒഴിവാകും. അതിന് പണവും കിട്ടും. നിലവില്‍ ടൂ,ത്രീ, ഫോര്‍ വീലറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും ഇരുമ്പ് വില എന്നാല്‍ കൃത്യതയില്ല. കിട്ടുന്നത് വാങ്ങി വണ്ടി ഒഴിവാക്കുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം വന്നാല്‍ ഇതിനെല്ലാം വ്യവസ്ഥ വരും.

വാഹന്‍ പോര്‍ട്ടല്‍

 വാഹന്‍ പോര്‍ട്ടലിന്റെ സഹായത്തോടെയാകും സംവിധാനം പ്രവര്‍ത്തിക്കുക. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ പോര്‍ട്ടലില്‍ ഡീറെജിസ്റ്റര്‍ ചെയ്യുക.

English Summary: Vehicle Scrapping Policy in Union Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com