ADVERTISEMENT

ജീവിത കാലം മുഴുവൻ പ്രണയിച്ച്, പരിഭവിച്ച്, ഒരുമിച്ച് ചുവടുവെച്ച് ജീവിച്ച നിങ്ങളുടെ പങ്കാളി എന്നും നിങ്ങളൊരുക്കിയ ജീവിതത്തിന്റെ സംതൃപ്തിയിൽ തന്നെ കഴിയണമെന്നല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജീവിതത്തിലെ ഇത്തരം പരുക്കൻ യാഥാർത്ഥ്യങ്ങൾ കൂടുതൽ പ്രസക്തമാകേണ്ടത് വാലന്റൈൻ ദിനം പോലുള്ള ഇത്തരം അവസരങ്ങളിലാണ്. കാരണം എന്നും ഏറ്റവും മികച്ചത് അവൾക്കായി കരുതി വെക്കാൻ ഇതിനേക്കാളും മികച്ചൊരു ദിനം വേറെയില്ല എന്നതു തന്നെ.നിങ്ങൾ ജീവിത കാലം മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്ത് ഭാഗിക്കുമ്പോള്‍ പങ്കാളിക്ക് എന്നും സംരക്ഷണം കിട്ടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിരിക്കണം. എല്ലാം മക്കള്‍ക്ക് എഴുതി നല്‍കി അവസാനം അവരുടെ ദയാദാക്ഷിണ്യത്തില്‍ ജീവിക്കേണ്ട സാഹചര്യം പങ്കാളിക്ക് ഉണ്ടാക്കരുത്. ഇങ്ങനെ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളില്ലാതായ ശേഷം സ്വത്ത് സംബന്ധിച്ച് ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തീര്‍ക്കുകയാണ് നല്ലത്. അതിനു സഹായിക്കുന്ന കാര്യങ്ങളിതാ.

1. നിങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ നിങ്ങളുടെ പങ്കാളിയുടെ തുടര്‍ന്നുള്ള ജീവിതത്തിന് വേണ്ടതെല്ലാം ചെയ്തിരിക്കണം. അവരെ മക്കളുടെ തീരുമാനത്തിനും ദയാദാക്ഷിണ്യത്തിനും വിട്ടുകൊടുക്കരുത്. സ്വത്തെല്ലാം നേരത്തെ തന്നെ മക്കള്‍ക്ക് നല്‍കിക്കഴിഞ്ഞുവെങ്കില്‍ നിങ്ങളുടെ പേരില്‍ അവശേഷിക്കുന്നതെല്ലാം പങ്കാളിക്ക് അവകാശപ്പെട്ടതാക്കി മാറ്റണം.

2. ഇപ്പോഴും ജോലിചെയ്യുന്നുവെങ്കില്‍ തൊഴിലിടത്തില്‍ നിന്ന് മരണശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ വിവരങ്ങളും അത് ലഭിക്കാന്‍ നല്‍കേണ്ട രേഖകളും പങ്കാളിയെ ധരിപ്പിക്കണം.

3. ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി, ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ വിശദമായി എഴുതിവയ്ക്കുകയും ആ വിവരം പങ്കാളിയോട് പറയുകയും വേണം. 

4. കുടുംബത്തില്‍ ആര്‍ക്കും അറിയാത്ത സാമ്പത്തിക ബാധ്യതകള്‍ വല്ലതും ഉണ്ടെങ്കില്‍ ഇനി അത് പങ്കാളിയോട് വെളിപ്പെടുത്തുക. നിങ്ങളില്ലാതായിക്കഴിഞ്ഞാല്‍ ആരും നിങ്ങളുടെ ബാധ്യതയുടെ പേരും പറഞ്ഞ് അവരം ബുദ്ധിമുട്ടിക്കാൻ ഇടവരുത്തരുത്.

aged

 

5. നിങ്ങളുടെ മരണശേഷവും അടച്ചുകൊണ്ടിരിക്കേണ്ട നിക്ഷേപ പദ്ധതികളോ മറ്റോ ഉണ്ടെങ്കില്‍ അക്കാര്യവും പങ്കാളിയെ അറിയിക്കണം. മരണത്തെ തുടര്‍ന്ന് അടവ് മുടങ്ങുകയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകരുത്.

6. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണ് എങ്കില്‍ അതിന്റെ പേയ്‌മെന്റിന്റെ കാര്യത്തില്‍ ശ്രദ്ധവേണം. അത് പങ്കാളിയെ അറിയിച്ചിരിക്കണം. അതുപോലെ വായ്പ തിരിച്ചടവിന്റെ കാര്യത്തിലും. പേയ്‌മെന്റ് മുടങ്ങിയാല്‍ കനത്ത പിഴ നല്‍കേണ്ടിവരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ ഇമെയ്‌ലിലോ എസ്എംഎസായോ വരാനാണ് സാധ്യത എന്നിരിക്കേ അത് മറ്റാരും അറിയാതെ പോകുകയാണ് പതിവ്.

7. മക്കളുടെ ആരുടെയും സഹായമില്ലാതെ പങ്കാളി തന്നെ തുടര്‍ന്നുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യമാണെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിധം പരിശീലിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ടുകളും നിക്ഷേപവും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങളും ഇതിനായി വേണ്ട രേഖകളും മനസിലാക്കിയിരിക്കണം. അത് പങ്കാളിയെ ബോധ്യപ്പെടുത്തുകയും വേണം.

8. ജീവിത കാലം മുഴുവന്‍ നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിനായി നിങ്ങളുടെ മക്കളും ബന്ധുക്കളും തമ്മില്‍ കലഹിക്കുകയും പങ്കാളിയെ പുറത്താക്കുകയും ചെയ്യുന്ന സ്ഥിതി ഒരിക്കലും ഉണ്ടാകരുത്.

9. സ്വത്ത് ഭാഗിക്കുമ്പോള്‍ പങ്കാളിക്ക് ജീവിതകാലം മുഴുവന്‍ സംരക്ഷണം കിട്ടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിരിക്കണം. 

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

English Summary : Valetine's Day Financial Planning for Your Life Partner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com