ADVERTISEMENT

വീണ്ടുമെത്തിയ ലോക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി കൂടിയോ? സാഹചര്യം ഏതായാലും കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രത്യേകം ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലെ പിടിവാശി കടക്കെണിയില്‍ അകപ്പെട്ടവര്‍ ഉപേക്ഷിക്കാന്‍ ആദ്യം തയാറാകണം.

1.സ്വത്ത് വിറ്റ് തുലയ്ക്കാന്‍ എളുപ്പമാണ്, ഉണ്ടാക്കാനാണ് പ്രയാസം

സംഭവം ശരിയാണ്. പക്ഷേ ഒരു ആപത്ത് വന്നാല്‍ എത്ര പ്രിയപ്പെട്ട സ്വത്താണ് എങ്കിലും വില്‍ക്കുകതന്നെ വേണം. കടക്കെണിയില്‍ അകപ്പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴും പലരും സ്വത്തുക്കള്‍ വില്‍ക്കാന്‍ തയ്യാറാകില്ല. ആത്മഹത്യയല്ലാതെ ഇനി ഒരുവഴിയുമില്ല എന്ന വിലപിക്കുന്നവരുടെ പോലും ആസ്തിയും ബാധ്യതയും വിശകലനം ചെയ്തുനോക്കുമ്പോള്‍ അറിയാം പലര്‍ക്കും ബാധ്യതയേക്കാള്‍ ആസ്തിയാണ് കൂടുതലെന്ന്. വീടോ, സ്ഥലമോ വിറ്റ് കടം വീട്ടി വാടകവീട്ടിലേക്ക് താമസം മാറ്റാന്‍ പറഞ്ഞാല്‍ പലരും തയാറാകില്ല. വളരെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ് അത്. അത് നഷ്ടപ്പെടുത്തിയിട്ട് ഒരു ജീവിതം വേണ്ട എന്നരീതിയിലാണ് പലരുടെയും പിടിവാശി. നിങ്ങള്‍ ജീവനോടെ ഉണ്ടെങ്കില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം. പക്ഷേ ആത്മാഭിമാനം വ്രണപ്പെട്ട് നീറിനീറി ജീവിച്ചാല്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന കാര്യം മറക്കരുത്. അതുകൊണ്ട് കടക്കെണിയില്‍ നിന്ന് പുറത്തുകടക്കുക എന്നതിനാണ് പരമ പ്രാധാന്യം.

2. പ്രതിസന്ധിയിലാണ് എന്നകാര്യം മൂടിവയ്ക്കും

താനൊരു സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന കാര്യം കഴിയാവുന്നത്ര കാലം എല്ലാവരിലും നിന്ന് മറച്ചുവയ്ക്കും. പാലിക്കാന്‍ കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ തെറ്റായ വാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കും. അങ്ങനെ ഉള്ള വിശ്വാസ്യത കൂടി കളഞ്ഞുകുളിക്കും. പ്രതിസന്ധിയിലാണ് എങ്കില്‍ കടംവീട്ടാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ല എങ്കില്‍ അക്കാര്യം കടക്കാരോട് തുറന്നുതന്നെ പറഞ്ഞശേഷം സാവകാശം ചോദിക്കണം.

3. അത് ഭാവിയിലേക്കുള്ള നിക്ഷേപം, ഇപ്പോഴതില്‍ തൊടില്ല

ലോക്ഡൗണ്‍ നീണ്ടാല്‍ വരുമാനത്തിന് പ്രതിസന്ധിയുണ്ടായേക്കാം. വായ്പകള്‍ മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. നേരത്തെ നടത്തിയിട്ടുള്ള നിക്ഷേപങ്ങളില്‍ നിന്ന് അതിനുള്ള പണം എടുക്കാന്‍ ഒട്ടും മടിക്കേണ്ട. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ നിക്ഷേപം വീണ്ടും തുടങ്ങാവുന്നതല്ലേയുള്ളൂ. ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടി, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്ന്് കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടും. അതുപയോഗിച്ച് താല്‍ക്കാലിക പ്രതിസന്ധി ഒഴിവാക്കാം. പ്രോവിഡന്റ് ഫണ്ട്, എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ നിന്നും പണമെടുത്ത് പ്രതിസന്ധികാലത്ത് ഉപയോഗിക്കാം. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നൽകുന്ന അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണം. അതുപോലെ കടക്കെണിയിലായാല്‍ ഭാവിയിലേക്ക് കരുതിവെച്ചരിക്കുന്നതെല്ലാം എടുത്തിട്ടായാലും അതില്‍ നിന്ന്് പുറത്തുകടക്കാന്‍ പരിശ്രമിക്കണം

4. ഇനിയും വായ്പയോ, വേണ്ടേ വേണ്ട

വിരലില്‍ എണ്ണാവുന്നതിലും അധികം വായ്പ എടുത്ത് കടക്കെണയിലാകുന്നവരുണ്ട്. പുതിയ വായ്പ എന്ന് കേള്‍ക്കുമ്പോഴേ ഇവര്‍ക്ക് പേടിയാണ്. വായ്പയാണ് എന്നെ ഈ നിലയിലെത്തിച്ചത്. ഇനി വീണ്ടും വായ്പ എടുത്ത് കൂടുതല്‍ അപകടത്തിലേക്കില്ല എന്ന് വിലപിക്കുന്നവരുമുണ്ട്. അവശേഷിക്കുന്ന ആസ്തി വിറ്റ് കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാന്‍ മടിയാണ് എങ്കില്‍ ആ സ്വത്ത് ഈട് നല്‍കി പുതിയ വായ്പ എടുത്ത് കടം വീട്ടാന്‍ ശ്രമിക്കാവുന്നതാണ്. നിലവില്‍ ഭവന വായ്പ ഉള്ളയാള്‍ക്ക്് അനായാസം ടോപ് അപ് വായ്പ കിട്ടും. അതുപോലെ വസ്തു ഈടായി നല്‍കാനുണ്ട് എങ്കില്‍ മോര്‍ട്‌ഗേജ് വായ്പകിട്ടും. ഒരേ ബാങ്കില്‍ ഒന്നിലേറെ വായ്പകള്‍ ഉണ്ടെങ്കില്‍ അത് ഒറ്റ വായ്പയാക്കി നല്‍കാനും ബാങ്കുകള്‍ക്ക് സാധിക്കും. ഇതുപോലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുക.

(പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com