ശമ്പളം മുടങ്ങിയെങ്കില്‍ വിഷമിക്കേണ്ട, ക്രെഡിറ്റ് കാര്‍ഡ് കാര്യം നടത്തും

HIGHLIGHTS
  • 50 ദിവസം കഴിഞ്ഞും പണം കൈയില്‍ വരില്ലെങ്കിൽ ഇത് വായ്പയായി മാറ്റാം
Credit-Card-3
SHARE

ഈ ലോക്ഡൗണും അതേതുടര്‍ന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും താല്‍ക്കാലികം മാത്രം എന്നു നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ഈ പ്രതിസന്ധി കടക്കാന്‍ ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കാം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ ശരിയാകുമെങ്കില്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കാവൂ എന്നു ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ. ശമ്പളം മുടങ്ങിയെങ്കില്‍ വിഷമിക്കേണ്ട. 

∙പലിശ ഒട്ടുമില്ലാതെ 50 ദിവസത്തേക്കുള്ള ക്രഡിറ്റില്‍ നിങ്ങള്‍ക്ക് ജീവിതച്ചിലവുകളെല്ലാം കാര്‍ഡ് ഉപയോഗിച്ച് നടത്താം. 

∙50 ദിവസം കഴിഞ്ഞും പണം കൈയില്‍ വരില്ല എന്ന് തോന്നിയാല്‍ ഈ പണമെല്ലാം വായ്പയായി മാറ്റുകയും ചെയ്യാം. ചെറിയ തുക വീതം തിരിച്ചടച്ചാല്‍ മതി. 

∙നിങ്ങളുടെ ബില്‍ ഡേറ്റ് ഏതാണോ അതിന്റെ പിറ്റേദിവസം മുതല്‍ എല്ലാ പര്‍ച്ചേസുകളും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുക. വീട്ടാവശ്യത്തിനുള്ളതെല്ലാം കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ മതി. 

∙കറന്റുചാര്‍ജും മൊബൈല്‍ ബില്ലും, പെട്രോളടിയും എല്ലാം കാര്‍ഡ് വഴി തന്നെ നടത്തുക.

∙നേരത്തെ സൂചിപ്പിച്ചപോലെ ബില്‍പേയ്‌മെന്റ് തിയതി അടുത്തിട്ടും ശമ്പളമില്ലെങ്കില്‍ പേയ്‌മെന്റ് തിയതിക്ക് അഞ്ച് ദിവസം മുമ്പ് എങ്കിലും ബില്‍തുക വായ്പയാക്കി മാറ്റുക. 

എങ്ങനെ വായ്പയാക്കി മാറ്റും?

ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് അതുവരെയുള്ള ഇടപാട് തുക ഇഎംഐ സ്‌കീമിലാക്കാന്‍ പറയുക. അല്ലെങ്കില്‍ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് ഇഎംഐ ആക്കാന്‍ പറയുക. അപേക്ഷ വേണ്ട, അഡ്രസ് പ്രൂഫ് വേണ്ട. ഒന്നും വേണ്ട. അനാവശ്യമായ നൂലാമാലകള്‍ ഒന്നും ഇല്ല. ആകെ വേണ്ടത് ഒരു ക്രഡിറ്റ് കാര്‍ഡും അതില്‍ ആവശ്യത്തിന് ക്രെഡിറ്റ് ലിമിറ്റും മാത്രം. പല കാലയളവിലുള്ള വായ്പാ കാലാവധി കിട്ടും. പലിശയും ചിലവുകളും  മറ്റെല്ലാ വായ്പകളെക്കാളും കൂടുതലാണ് എന്ന കാര്യം മറക്കരുത്. എന്നിട്ടും ഇത് ശുപാര്‍ശ ചെയ്യുന്നത് അത്യാവശ്യ കാര്യങ്ങൾ മുടങ്ങാതിരിക്കുവാനാണ്.

∙മൂന്നുമുതല്‍ 24 മാസം വരെയും അതില്‍ കൂടുതലും വായ്പാ കാലാവധി തരുന്ന കാര്‍ഡ് കമ്പനികളുണ്ട്. 

∙പലിശ പ്രതിമാസം 0.75 മുതല്‍ 1.5 ശതമാനം വരെ ഈടാക്കും. 

∙പ്രോസസിങ് ഫീസ് നല്‍കണം. 1.5 ശതമാനം മുതല്‍ 2.5 ശതമാനം വരെ ഫീസ് ഈടാക്കുന്ന കമ്പനികളുണ്ട്. 

∙ചിലര്‍ 200 രൂപ മുതല്‍ 500 രൂപവരെ ഫ്‌ളാറ്റ് നിരക്കിലും ഈടാക്കാറുണ്ട്. 

∙ഇ.എം.ഐ തുക ഓരോ മാസത്തെ ബില്ലിലും ചേര്‍ത്ത് വരും. ബില്‍ തുകയ്ക്ക് ഒപ്പം ഇത് അടച്ചുകൊണ്ടിരുന്നാല്‍ മതി. 

∙വായ്പാ തുക എപ്പോള്‍ വേണമെങ്കിലും ഒരുമിച്ച് അടച്ച് ക്ലോസ് ചെയ്യാം. 

∙പക്ഷേ അതിന് പ്രീ ക്ലോഷര്‍ ചാര്‍ജ് നല്‍കേണ്ടിവരും. 

∙അടയ്ക്കാന്‍ ബാക്കിയുള്ള തുകയുടെ മൂന്നുശതമാനം മുതല്‍ ഇങ്ങനെ നിരക്ക് ഈടാക്കുന്ന കമ്പനികളുണ്ട്.  

∙ഇഎംഐ ആക്കാമെന്നു കരുതി വലിയ പര്‍ച്ചേസുകള്‍ നടത്തി കുടുങ്ങരുത്. 

∙കസ്റ്റമര്‍ കെയറില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പാക്കിയിട്ടേ പര്‍ച്ചേസ് നടത്താവൂ. 

∙ഈ സൗകര്യം ഉപയോഗിച്ച് സ്വര്‍ണമോ ആഭരണങ്ങളോ വാങ്ങാന്‍ കഴിയില്ല എന്ന കാര്യവും പ്രത്യേകം ഓര്‍ക്കുക. 

∙ഇഎംഐ സ്‌കീമിലാക്കിയശേഷം കയ്യില്‍ വേറെ വഴിക്ക് പണം കിട്ടിയാല്‍ മടിക്കേണ്ട കമ്പനിയെ വിളിച്ച് പറയാം. മുഴുവന്‍ തുകയും അടച്ചോളാമെന്ന്. 

∙പിഴയൊന്നും ഇല്ലാതെ അവര്‍ അത് ചെയ്തുതരും. 

∙പക്ഷേ 45 ദിവസത്തിനുള്ളില്‍ ആയിരിക്കണം എന്നുമാത്രം. അല്ലെങ്കില്‍ പ്രീക്ലോഷര്‍ ചാര്‍ജ് വരും.

English Summary : Credit Card will Help You During Lockdown Crisis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA