ADVERTISEMENT

കോവിഡും ലോക്ഡൗണും വരുമാനത്തെ ബാധിക്കുന്ന എല്ലാ കുടുംബങ്ങളും പല അളവിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കാലമാണിത്. കടക്കെണിയിലാകാതെ പിടിച്ചുനിൽക്കാൻ പല വഴികൾ നോക്കുന്നുമുണ്ടാകും. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് കാർഡിന്റെ ശ്രദ്ധാപൂർവമായ ഉപയോഗം. 

പലിശ

ക്രെഡിറ്റ് കാർഡിലെ പ്രതിമാസ ബിൽ പൂർണമായി അടയ്ക്കാതെ തുക ബാക്കി നിർത്തുകയോ ക്രെഡിറ്റ് കാർഡിൽനിന്ന് വായ്പയെടുക്കുകയോ ചെയ്യുമ്പോൾ, പലിശ നിരക്ക് വളരെ ഉയർന്നതാണെന്ന ധാരണ വേണം. മാസം 3.5% എന്ന നിലയിലൊക്കെയാണ് ബിൽ കുടിശികയ്ക്ക് ഈടാക്കുക. വർഷം 39%– 42% പലിശ നിരക്ക് നിലവിലുണ്ട്.പലിശയ്ക്കുമേൽ പലിശയും 18% ചരക്ക്– സേവന നികുതിയും (ജിഎസ്ടി) ചുമത്തും.

ലേറ്റ് ഫീ

10,000 രൂപ കുടിശികയുണ്ടെങ്കിൽ 3.5% നിരക്കിൽ ആദ്യ മാസം 350 രൂപ പലിശ മാത്രം വരും. ആദ്യമാസം ഒന്നും അടച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. മാസംതോറും ബിൽ അടയ്ക്കുന്നവർക്കുപോലും, ഒന്നോ രണ്ടോ ദിവസം വൈകിയാൽ ലേറ്റ് ഫീ ചുമത്തും. ഇത് 500 രൂപയെങ്കിലുമാകും.

കിട്ടാനെളുപ്പം

ക്രെഡിറ്റ് കാർഡ് വഴി വ്യക്തിഗത വായ്പയെടുക്കാൻ വളരെ എളുപ്പമാണ്. മിക്കപ്പോഴും ഒരു മെസേജിന്റെ ആവശ്യമേയുള്ളൂ. ബാങ്കിൽനിന്ന് വ്യക്തിഗത വായ്പ (പഴ്സനൽ ലോൺ) എടുക്കുന്നതിന് പല എഴുത്തുകുത്തുകളും നൂലാമാലകളുമുണ്ടാകും. പലരും ക്രെഡിറ്റ് കാർഡ് വായ്പയ്ക്കു പോകുന്നത് അതുകൊണ്ടാണ്. 

ജാമ്യമില്ല

എളുപ്പത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ, തിരിച്ചടവ് അത്ര ‘എളുപ്പ’മാകില്ല ! പലിശനിരക്ക് ബാങ്കിലേതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ നാലിരട്ടിയോ ആകാം. മാസത്തവണയ്ക്കൊപ്പം, നേരത്തേ സൂചിപ്പിച്ചതുപോലെ പലിശയ്ക്ക് ജിഎസ്ടിയും വരും. (ബാങ്ക് വായ്പയുടെ പലിശയ്ക്ക് ജിഎസ്ടി ഇല്ല). പലിശനിരക്ക് ഉയരാനുള്ള പ്രധാന കാരണം, ജാമ്യമൊന്നുമില്ലാതെ വായ്പ നൽകുന്നു എന്നതുതന്നെ. ഇടപാടുകാരുടെ ‘തിരിച്ചടവുസ്വഭാവം’ കണക്കിലെടുത്തു പലിശ നിരക്ക് കുറയുകയോ കൂടുകയോ ചെയ്യും.

ബാധ്യത തീർക്കാം

ലഭ്യമായ മറ്റേതു വായ്പ എടുത്തായാലും ക്രെഡിറ്റ് കാർഡുകളിൽ നിന്നുള്ള കടക്കെണി ഒഴിവാക്കണമെന്നാണ് സാമ്പത്തിക വിദഗ്ധരെല്ലാം ഉപദേശിക്കുക. സാധാരണ വായ്പകൾക്ക് പലിശ നിരക്കുകൾ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിപ്പോൾ. നിലവിലുള്ള ഭവന വായ്പകളിലും മറ്റും ടോപ്അപ് വായ്പകൾ ലഭിക്കുമോയെന്നും പരിശോധിക്കണം. സാധാരണ വായ്പകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, സ്വർണം തുടങ്ങിയ ആസ്തികൾ പണയപ്പെടുത്തിയോ സ്ഥിരനിക്ഷേപങ്ങൾ തുടങ്ങിയ സാമ്പത്തിക ആസ്തികളിൽനിന്ന് വായ്പ എടുത്തോ കാർഡുകളിലെ ബാധ്യതകൾ അവസാനിപ്പിക്കാൻ ശ്രദ്ധിക്കണം.

English Summary : Take Credit Card Loan with Ultra Care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com