ADVERTISEMENT

ലോക്ഡൗണിൽ പലരും ക്രെഡിറ്റ് കാർഡിന്റെ പിൻബലത്തിലാണ് പിടിച്ചു നിന്നത്. എന്നാലിപ്പോൾ കാർ‍ഡിന്റെ തിരിച്ചടവ് എങ്ങനെ മാനേജ് ചെയ്യുമെന്നാണോ? കൈയിൽ അഞ്ചുകാശില്ലാത്തപ്പോൾ പെട്ടെന്ന് ആശ്രയമാകുന്നതാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. 55 ദിവസം വരെ ഈ കടത്തിന് പലിശ നല്‍കേണ്ടതില്ല എന്നതാണ് പ്രധാന നേട്ടം. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി നീളുമെന്നതിനാൽ അത് ക്രെഡിറ്റ് കാര്‍ഡ് ബില്ലിലും പ്രതിഫലിക്കും. തുടര്‍ച്ചയായി വരുമാനത്തില്‍ ഇടിവുണ്ടാകുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലും കുടിശികയാക്കും. 30 – 40 ശതമാനം വാര്‍ഷിക പലിശ ഈടാക്കുന്നതിനാല്‍ ഇത്തരം വായ്പകള്‍ കുടിശികയാകുന്നത് വലിയ ബാധ്യതയാകും. ഇതൊഴിവാക്കാന്‍ ചില പൊടിക്കൈകളുണ്ട്.

ബാലന്‍സ് ട്രാന്‍സ്ഫര്‍

നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് കുടിശിക മറ്റൊരു കാര്‍ഡിലേക്ക് മാറ്റുകയാണിത്. ഒന്നിലധികം കാര്‍ഡ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാര്‍ഡിലെ പലിശരഹിത ദിവസങ്ങള്‍ കഴിഞ്ഞും (സാധാരണ 55 ദിവസം വരെ) കുടിശിക അടയ്ക്കാനാവുന്നില്ലെങ്കില്‍ അത് കുറഞ്ഞ പലിശ നിരക്കുള്ള മറ്റൊരു കാര്‍ഡിലേക്ക് മാറ്റാം. ഇങ്ങനെ മാറുമ്പോള്‍ ആദ്യത്തെ കാര്‍ഡ് ബാധ്യതാ രഹിതമാകും. രണ്ടാം കാര്‍ഡിലെ ഗ്രേസ് പീരിയഡ് വരെ തിരിച്ചടവിന് സാവകാശം കിട്ടും. ഇതിന് ശേഷമാകും പലിശ ഈടാക്കാന്‍ തുടങ്ങുക. ഇതിന് മുമ്പ് അടവ് പൂര്‍ത്തിയാക്കുകയോ കുറഞ്ഞ പലിശയില്‍ ഇ എം ഐ ആക്കി മാറ്റുകയോ ചെയ്യാം.  ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

പഴയ കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി കുറച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റേ പുതിയ കാര്‍ഡില്‍ അനുവദിക്കു. പഴയ കാര്‍ഡിലും ഈ കുടിശിക ഒഴിവാക്കിയുള്ള ക്രെഡിറ്റ് ലിമിറ്റേ ഉണ്ടാകൂ.

തുക അടയ്ക്കാനാവാത്ത നിലയിലാണ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അനുയോജ്യമായ വിധത്തിലുള്ള ഇ എം ഐ ആക്കി മാറ്റുക. അതിന് ശേഷം മാസഅടവ് മുടക്കാതെ ശ്രദ്ധിക്കുക.

∙ഇനി തീരെ നിവൃത്തിയില്ലെങ്കില്‍ ഇതേ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ വ്യക്തിഗത വായ്പ സ്വീകരിച്ച് കുടിശിക അടയ്ക്കുക. വ്യക്തിഗതവായ്പയ്ക്ക് പലിശ കൂടുതലാണ്. പക്ഷെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഈ രീതി പരീക്ഷിക്കാം. 

∙വ്യക്തിഗത വായ്പകള്‍ 9.5-13 ശതമാനം പലിശ നിരക്കില്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പാ പലിശ  30-40 ശതമാനമാണ്. അതുകൊണ്ട് താത്കാലിക സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെടാതെ അനുയോജ്യമായ വഴികളിലൂടെ ഇത് തരണം ചെയ്യുക

English Summary: Tips to Manage Credit Card Balance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com