ADVERTISEMENT

കോവിഡിനു പിന്നാലെ പെട്രോള്‍വില 100 രൂപ കടന്നത് വിപണിയില്‍ പണപ്പെരുപ്പത്തിനും കുടുംബ ബജറ്റ് താളം തെറ്റാനും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. നമ്മുടെ കുടുംബ ബജറ്റd താളം തെറ്റാതെ എങ്ങനെ മുന്നോട്ടു പോകാം എന്ന് ആലോചിക്കേണ്ട സമയമാണിത്. വരുമാനം കുറവും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടാം. 

കുടുംബ ബജറ്റ്

കുടുംബ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ഇതില്‍ അടിസ്ഥാനപരമായ കാര്യം. ഒരു മാസം എത്ര വരുമാനമുണ്ട്, അതില്‍ വീട്ടുചെലവിന് എത്ര, വായ്പ, ഇഎംഐ ഇനത്തിലൊക്കെ എത്ര ചെലവാകും, വിദ്യാഭ്യാസം, ആശുപത്രി കാര്യങ്ങള്‍ക്കായി എത്ര മാറ്റി വയ്ക്കണം, ആഡംബര കാര്യങ്ങള്‍ക്കായി എന്തു ചെലവഴിക്കാം, എത്ര നിക്ഷേപത്തിനായി നീക്കി വെയ്ക്കണം എന്നിങ്ങനെ ഒരു പട്ടിക ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത് ഒരു ബുക്കില്‍ പട്ടികയായി തയാറാക്കുകയോ അല്ലെങ്കില്‍ ലഭ്യമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തയാറാക്കുകയോ ചെയ്യുക. അപ്രതീക്ഷിതമായ മരണമോ, ആശുപത്രി ചെലവുകളോ വന്നാലല്ലാതെ ഈ കുടുംബ ബജറ്റില്‍ നിന്ന് അണുവിട മാറില്ല എന്ന് ഉറപ്പിക്കുക. അടുത്ത മാസം കൂടുതല്‍ ബാക്കി വയ്ക്കാം എന്ന പ്രതീക്ഷയില്‍ മിച്ചം പിടിക്കാന്‍ ഉദ്ദേശിക്കുന്ന തുക ചെലവഴിക്കാതിരിക്കുക. അതിനു പകരം ഉദ്ദേശിച്ചതിലും തുക ഈ ഇനത്തില്‍ ബാക്കിയാക്കാന്‍ ശ്രമിക്കുക. ഒരു മാസം ഇത്തരത്തില്‍ കണക്കനുസരിച്ച് തന്നെ ചെലവഴിച്ചാലുണ്ടാകുന്ന മാറ്റം നിങ്ങള്‍ക്ക് മനസിലാവും. ഓര്‍ക്കുക: നാം പണം ലുബ്ധിച്ചു ചെലവഴിക്കുകയല്ല, മറിച്ച് ഭാവിയോട് കരുതലോടെ പെരുമാറുകയാണ്.

monthly-budget

വീട്ടുസാധനങ്ങള്‍- അത്യാവശ്യം, ആവശ്യം, ആഡംബരം

ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് നാം വാങ്ങുന്ന സാധനങ്ങളുടെ കാര്യത്തിലുള്ള ശ്രദ്ധയാണ്. കഴിവതും വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഒരുമിച്ച് വാങ്ങുക. പലപ്പോഴും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമൊക്കെ ചെന്നാല്‍ നാം എന്തു സാധനം വാങ്ങിക്കാനാണോ പോയത്, അത് വാങ്ങിയിട്ടും അവിടെയുള്ള മിക്ക സാധനങ്ങളും നമുക്ക് ഏതെങ്കിലും വിധത്തില്‍ ആവശ്യമുള്ളതാണ് എന്ന തോന്നലാണ്. അതൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1) സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് മുമ്പ് ഉണ്ടാക്കേണ്ടത് വിശദമായ ഒരു ലിസ്റ്റാണ്. അതില്‍ അത്യാവശ്യത്തിനുള്ളത്, ആവശ്യത്തിനുള്ളത്, ആഡംബരത്തിനുള്ളത് എന്നിങ്ങനെ മൂന്നായി തിരിച്ച് ഒരു പട്ടിക ഉണ്ടാക്കുക. ഈ അത്യാവശ്യ സാധനങ്ങളുടെ പട്ടികയിലായിരിക്കണം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്. രണ്ടാമത്തെ പട്ടികയായ ആവശ്യം എന്ന കോളത്തില്‍ വാങ്ങിയില്ലെങ്കിലും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാം എന്നു കരുതുന്ന വസ്തുക്കള്‍ മാത്രമേ എഴുതാവൂ. മൂന്നാമത്തെ ആഡംബരം എന്ന കോളം കഴിവതും ഒഴിവാക്കി തന്നെ ഇട്ടേക്കുക. അതിന് സാധിക്കുന്നില്ല എങ്കില്‍ ആലോചിച്ച് വില കുറവുള്ളതും ആദായകരവുമായവ വളരെ കുറഞ്ഞ അളവില്‍ മാത്രം വാങ്ങുക. കടയിലും സൂപ്പര്‍ മാര്‍ക്കറ്റിലുമൊക്കെ ചെന്നാല്‍ ഈ പട്ടികകളിലുള്ള സാധനങ്ങള്‍ മാത്രമേ വാങ്ങൂ എന്ന് ഉറപ്പിക്കുക. 

2) സര്‍ക്കാര്‍ സംവിധാനങ്ങളെ കുടുതലായി ഉപയോഗിക്കുക. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം നമ്മുടെ കുടുംബ ബജറ്റിനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ്. റേഷന്‍ കടകള്‍, സപ്ലൈകോ തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ക്ക് മികച്ച വിലക്കുറവ് ലഭിക്കുന്നുണ്ട്.

അടുക്കള, ഭക്ഷണം

അവശ്യ സാധനങ്ങള്‍ക്കുണ്ടാകുന്ന വിലക്കയറ്റം അനുസരിച്ചായിരിക്കണം നമ്മുടെ ഭക്ഷണ ശീലങ്ങളും തീരുമാനിക്കേണ്ടത്. അതിന് ആദ്യം ചെയ്യേണ്ടത്:

1) ചോറും കറികളും ചപ്പാത്തിയുമൊക്കെയാണ് മിക്ക കുടുംബങ്ങളിലും ഭക്ഷണം എന്നതിനാല്‍ കഴിവതും ഒരുമിച്ചുണ്ടാക്കാന്‍ ശ്രമിക്കുക. പിന്നീട് ആവശ്യം പോലെ ചൂടാക്കി ഉപയോഗിക്കാം. ഇതുവഴി അടുക്കളയില്‍ ചെലവഴിക്കുന്ന സമയം മറ്റു കാര്യങ്ങള്‍ക്കായി ഫലപ്രദമായി വിനിയോഗിക്കാം.

car-1248-1

2) പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക എന്നത് ഇന്ധന ലാഭം ഉണ്ടാക്കുന്ന കാര്യമാണ് എന്നതിനാല്‍ ചോറ്, കറികള്‍ തുടങ്ങിയവ കഴിവതും ഇതില്‍ തന്നെ ഉണ്ടാക്കുക.

3) വറുത്തതും പൊരിച്ചതുമായ ഭക്ഷ്യ വിഭവങ്ങള്‍ കഴിവതും ഒഴിവാക്കുന്നത് എണ്ണയുടെ ഉപയോഗം കുര?്ക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാണ്. വെളിച്ചെണ്ണ, പാമോയില്‍, സൂര്യകാന്തി എണ്ണ, കടുകെണ്ണ, സോയ, വനസ്പതി ഇവയ്‌ക്കൊക്കെ വില കയറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 50 ശതമാനത്തിനു മുകളില്‍ ഇതില്‍ ചില എണ്ണകള്‍ക്ക് വില വര്‍ധിച്ചു.

4) ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികളും ഇലവര്‍ഗങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇപ്പോൾ മിക്കവരും വീട്ടിലിരിക്കുന്നതിനാല്‍ വ്യായാമം കുറവായിരിക്കും എന്നതിനാല്‍ ഇത് അത്യാവശ്യമാണ്. മറ്റൊന്ന് ഇവ വേവിക്കുന്നതിന് കുറവ് ഇന്ധനവും സമയവും മതിയാവും. ഇലകളും മറ്റും ഉള്‍പ്പെടുത്തിയ സലാഡുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്.

ഏറ്റവും പ്രധാനമായ മറ്റൊരു കാര്യം കൂടി: ഭക്ഷണസാധനങ്ങള്‍ അല്‍പ്പം പോലും പാഴാക്കാതിരിക്കുക. 

ഇന്ധനവിലക്കയറ്റം, വാഹനങ്ങള്‍

രാജ്യത്ത് പെട്രോളിന്റെ വില 100-നു മുകളിലും ഡീസലിന്റേത് 100-നോടടുത്തുമാണ്. ഉടനെയെങ്ങും ഇത് താഴേക്കു വരുന്ന സാഹചര്യങ്ങളൊന്നും കാണുന്നുമില്ല. ലോക്ഡൗണിനെ തുടര്‍ന്ന് യാത്രകള്‍ കുറഞ്ഞതും വര്‍ക്ക് ഫ്രം ഹോം ആയതും പൊതുവാഹനങ്ങള്‍ അടക്കമുള്ളവ ഓടുന്നത് കുറഞ്ഞതും കൊണ്ടാണ് വാഹന യാത്രയ്ക്കായി ചെലവഴിക്കുന്ന തുകയുടെ കാര്യത്തില്‍ നാം ഇപ്പോള്‍ അധികം ആശങ്കപ്പെടാത്തത്. എന്നാല്‍ ലോക്ഡൗണ്‍ ഇളവുകള്‍ വന്നു തുടങ്ങുന്നതോടെ ജീവിതം സാധാരണ ഗതിയിലാകുന്നുണ്ട്. ഓഫീസുകളും കോളേജുകളും സ്‌കൂളുകളുമൊക്കെ തുറുക്കുമ്പോള്‍ യാത്ര എന്നത് ഒഴിവാക്കാനാവാത്ത ഒന്നായി മാറും. ഇപ്പോള്‍ തന്നെ താളം തെറ്റിയിട്ടുള്ള കുടുംബ ബജറ്റ് ഈ അധിക ചെലവ് കൂടി വരുന്നതോടെ അവതാളത്തിലാവും എന്നതിന് യാതൊരു സംശയവുമില്ല. വാഹനങ്ങളുടെ ഇന്ധന ക്ഷമതയും സഞ്ചരിക്കുന്ന ദൂരവും ഒക്കെ കണക്കാക്കിയാല്‍ വാഹനം ഉപയോഗിക്കുന്ന ഓരോരുത്തരും മാസം 1500 മുതല്‍ 3000 രൂപ വരെ അധികമായി ചെലവഴിക്കാന്‍ ഇന്ധന വില വര്‍ധനവ് കാരണമാകുന്നു എന്നാണ് കണക്ക്. രണ്ടു കാറുള്ളവര്‍, കാറും ബൈക്കുമൊക്കെ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇതിലും വലിയ ചെലവായിരിക്കും ഉണ്ടാവുക.

ഈ ചെലവ് നിയന്ത്രിക്കുകവളരെ പ്രധാനമാണ്. അതിനായി ചില ശീലങ്ങള്‍ ഉണ്ടാക്കുക.

1) കഴിവതും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുക. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്കവരും സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാനായിരിക്കും താത്പര്യപ്പെടുക എന്നതില്‍ സംശയമില്ല. എന്നാല്‍ ആവശ്യമായ എല്ലാ സുരക്ഷകളോടും കൂടി പൊതുവാഹനം ഉപയോഗിക്കാവുന്നവര്‍ അത് ഉപയോഗിക്കുക.

2) വാഹനങ്ങള്‍ പൂള്‍ ചെയ്യുക. ഓഫീസുകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരേ ദിശയില്‍ യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ പൂള്‍ സംവിധാനത്തിലൂടെ ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന് മികച്ച ആസൂത്രണം ആവശ്യമാണ്.

3) കാറുകള്‍ ഒഴിവാക്കി ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുക. ചെറിയ ദൂരങ്ങളിലേക്കുള്ള യാത്രയ്ക്ക് പോലും കാറുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ഇത് അനാവശ്യ ചെലവാണ്. ഇതിന് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഇന്ധനലാഭം ഉണ്ടാകും.

4) നടപ്പ് ശീലിക്കുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുക. ഇതുകൊണ്ട് ഇന്ധന ലാഭം ഉണ്ടാവുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്, അതുവഴി ആശുപത്രി ചെലവും കുറയ്ക്കാം. ലോക്ഡൗണിനെ തുടര്‍ന്ന് വ്യായമമില്ലാതെ ആരോഗ്യ പ്രതിസന്ധി അനുഭവിക്കുന്നവര്‍ നല്ലൊരു വിഭാഗം ഉണ്ട് എന്നതിനാല്‍ അടുത്തുള്ള കടകളിലേക്കും ആരാധനാലയങ്ങളിലേക്കുമൊക്കെ പോകുന്നവര്‍ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നത് ഉത്തമമാണ്. 

English Summary : How to Manage Petrol Price Hike and Its Impact

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com