ADVERTISEMENT

സാമ്പത്തിക ആസൂത്രണത്തിലുള്ള കരുതൽ എത്രത്തോളം ഗുണകരമാകുമെന്നും അക്കാര്യത്തിലെ അശ്രദ്ധ എന്തെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും നാമെല്ലാവരും അനുഭവങ്ങളിലൂടെ പഠിച്ച ഒരു വര്‍ഷത്തിലേറെക്കാലമാണ് കടന്നു പോയത്. സമ്പാദ്യം ഉണ്ടായിരുന്നിട്ടും പ്രതിസന്ധി ഘട്ടത്തില്‍ അതുപകരിച്ചില്ല എന്നു പരാതിപ്പെട്ടവരും നിരവധിയുണ്ട്. 

എറണാകുളം ജില്ലയിലെ കാക്കനാടുള്ള ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന് കോവിഡ് കാലത്തു നേരിടേണ്ടി വന്ന പ്രതിസന്ധി ഇതിനുദാഹരണമായിരുന്നു. ഗംഭീര ഫ്‌ളാറ്റില്‍ താമസിക്കുന്ന അവര്‍ വലിയ തോതില്‍ തന്നെ നിക്ഷേപവും നടത്തിയിരുന്നു. അതെല്ലാം കൊച്ചിയിലും സമീപത്തുമായി റിയല്‍ എസ്റ്റേറ്റിലായിരുന്നു എന്നു മാത്രം.  'നാം കൺമുമ്പിൽ കാണുന്ന ആസ്തി ഇതാണ്', 'ഭൂമി നമുക്ക് എന്നും ഒരു ആസ്തിയാണ്' തുടങ്ങിയ ക്ലീഷേകള്‍ അവര്‍ എന്നും പറഞ്ഞു കൊണ്ടുമിരുന്നു. പക്ഷേ, കോവിഡ് മൂലം കുടുംബത്തിലെ രണ്ടു പേരുടെ ചികില്‍സയ്ക്കായി വന്‍ തുക ആവശ്യമായി വന്നപ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് അത്യാവശ്യത്തിന് പണമാക്കി മാറ്റാനാകില്ലെന്നത് അവര്‍ നേരിട്ട് അനുഭവിച്ചത്. ഒട്ടും ആശ്യാസ്യമല്ലെങ്കിലും ആ നിക്ഷേപം സ്വര്‍ണത്തിലായിരുന്നു എങ്കില്‍ പോലും അവര്‍ക്കു കുറച്ച് ആശ്വാസമായേനെ. 

ആസ്തികളുടെ വൈവിധ്യവല്‍ക്കരണത്തിന്റേയും എമര്‍ജന്‍സി ഫണ്ടിന്റേയും അനിവാര്യതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. എത്ര മികച്ച രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവര്‍ക്കും ഇത് അത്യാവശ്യമാണെന്നും മുകളില്‍ സൂചിപ്പിച്ച ഉദാഹരണം വ്യക്തമാക്കുന്നു. ഇങ്ങനെ വൈവിധ്യവൽക്കരണ വേളയിൽ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. 

ജോലിയിലുമാകാം വൈവിധ്യവല്‍ക്കരണം

ഒരു കുടുംബത്തിലുള്ളവരെല്ലാം ഒരേ തൊഴിലോ ഒരേ ബിസിനസോ ചെയ്യുന്നത് പ്രതിസന്ധി ഘട്ടത്തില്‍ അത്ര സുഖകരമാകില്ല. ആ രംഗത്ത് എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ കുടുംബം മുഴുവന്‍ പ്രതിസന്ധിയിലാകും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ വ്യാപകമായി കണ്ടത്. ജോലി ഉപേക്ഷിച്ച് സംരംഭങ്ങളിലേക്കു തിരിയുന്നവരും ഇക്കാര്യം പരിഗണിക്കണം. മറ്റൊരു കാര്യം, മാന്യമായ രീതിയില്‍ ജീവിച്ചു പോകാനാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷം മാത്രമായിരിക്കണം ജോലി ഉപേക്ഷിച്ചു സംരംഭങ്ങളിലേക്കു കടക്കുന്നത്. 

ആഡംബര ഉല്‍പന്നങ്ങള്‍ക്ക് മൂല്യം ഉണ്ടാകില്ല

സമൂഹത്തില്‍ നിങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കിട്ടാനായി വാങ്ങുന്ന ആഡംബര കാറുകളോ ആഭരണങ്ങളോ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതനുസരിച്ചുള്ള വില ലഭിക്കില്ല എന്നത് മനസിലാക്കണം. അതനുസരിച്ചുള്ള മൂല്യമേ അവയ്ക്കു കണക്കാക്കാവു. പ്രതിസന്ധി ഘട്ടത്തില്‍ ഇവയൊന്നും വില്‍പന നടത്തി പണമാക്കാനാവില്ലെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. 

എമര്‍ജന്‍സി ഫണ്ട് ആര്‍ക്കും ആവശ്യം വരാം

മതിയായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ തങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ട് ആവശ്യം വരില്ലെന്നാണ് പലരും കരുതുന്നത്. ഒന്നോര്‍ക്കു, ഇങ്ങനെ കരുതിയിരുന്ന പലരും കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്നതു നാം കാണുന്നുണ്ട്. എമര്‍ജന്‍സി ഫണ്ട് എന്ന പേരില്‍ നിക്ഷേപം നടത്തിയാല്‍ മാത്രം പോര. അവ പെട്ടെന്ന് പണമാക്കാനാും കഴിയണം. ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിക്ഷേപം കൊണ്ട് എന്താണു കാര്യം?

English Summary : The Important Money Lessons in Covid Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com