ADVERTISEMENT

അടിയന്തരഘട്ടത്തിൽ ആരോടും കടം ചോദിക്കാതെ കാര്യങ്ങൾ നടത്താനാകുമെന്നതാണ് ക്രെഡിറ്റ് കാർഡിനെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ വരുമാനക്കുറവിന്റെ ഈ കാലത്ത് ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. കാരണം ക്രെഡിറ്റ് കാർഡിന്റെ കനത്ത പലിശ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ ആസൂത്രണം ഉണ്ടെങ്കിലെ കഴിയൂ.

ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ പലിശയില്ലാക്കാലം ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുക. കാര്‍ഡ് കുടിശിക അടയ്ക്കുന്നതിന് പലിശയില്ലാതെ പരമാവധി 55 ദിവസം വരെ ലഭിക്കും. ഇത്രയും നാൾ പലിശയില്ലാതെ വായ്പ നല്‍കിയതുകൊണ്ടാണ് ഡ്യൂ ഡേറ്റിന് ശേഷം കമ്പനികൾ വന്‍ പലിശ  ഈടാക്കുന്നത്. അതുകൊണ്ട് പലിശ രഹിത കാലത്തിനു മുമ്പുതന്നെ ക്രെഡിറ്റ് കാർഡ് കുടിശിക അടയ്ക്കുന്നതിനായിരിക്കണം മുൻഗണന. പണം കണ്ടെത്താനാകുന്നില്ലെങ്കിൽ ഈ മാർഗങ്ങൾ സഹായിച്ചേക്കും

ഇ എം ഐ പരീക്ഷിക്കാം, പലിശ നല്‍കണം

ഇനി ഡ്യൂ ഡേറ്റിന് മുമ്പ് ബില്‍തുക മുഴുവനായും നല്‍കാനായില്ലെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇ എം ഐ ആക്കി മാറ്റാം. നിങ്ങളുടെ വായ്പ തിരിച്ചടവ് ചരിത്രവും മറ്റും പരിഗണിച്ച് ബാങ്ക് അനുയോജ്യമായ തിരിച്ചടവ് കാലാവധിയില്‍ തുക ഇ എം ഐ ആക്കി നല്‍കും. എന്നാല്‍ പലിശ ഈടാക്കും. പലപ്പോഴും ഇത് 15 മുതല്‍ 22 ശതമാനം വരെയായിരിക്കും. ഓര്‍ക്കുക, ബില്‍ ഡ്യൂ ഡേറ്റ് കഴിഞ്ഞാല്‍ പലിശ 36 ശതമാനത്തില്‍ തുടങ്ങും എന്നതിനാല്‍ തീരെ നിവൃത്തിയില്ലെങ്കില്‍ ഇ എം ഐ സാധ്യത സ്വീകരിക്കാവുന്നതാണ്. പിന്നീട് വിപണിയില്‍ കുറഞ്ഞ പലിശയ്ക്ക്് ലഭ്യമായ സ്വര്‍ണപണയ വായ്പ, ഭവന വായ്പ ടോപ്പ് അപ്പ്, കാര്‍ഷിക വായ്പ, വിവിധ നിക്ഷേപ വായ്പകള്‍ ഇവയിലേതെങ്കിലും സ്വീകരിച്ച് ഒരു വര്‍ഷ കാലാവധിയില്‍ ഇ എം ഐ ആയോ അല്ലാതെയോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടച്ച് തലയൂരാം.

ഭവന വായ്പ ടോപ് അപ്പ്

പലിശ നിരക്ക് കുറഞ്ഞ വായ്പകളാണ് ഭവന വായ്പകള്‍. ഇപ്പോള്‍ ശരാശരി 7.5 ശതമാനം പലിശയ്ക്ക്് ഈ വായ്പകള്‍ ലഭിക്കും. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് കുടിശിക വലിയ ബാധ്യതയായി അലട്ടുന്നുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഭവന വായ്പ ടോപ്പ് അപ്പ് ചെയ്യുക എന്നുള്ളത്. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ഡ്യൂ ആയാല്‍ പലിശ 36 ശതമാനത്തിന് മുകളിലാണ്. ഇത് മുകളില്‍ പറഞ്ഞത് പോലെ ഇ എം ഐ ആക്കി മാറ്റിയാല്‍ പലിശ 15-22 ശതമാനവും. അതേ സമയം ഭവന വായ്പയുടേത് 7.5 ശതമാനം മാത്രമാണ്. എന്നാല്‍ ഭവന വായ്പ കൂടുതല്‍ ലഭിക്കണമെങ്കിലും ഇ എം ഐ കൃത്യതയോടെ അടയ്ക്കുന്നവരായിരിക്കണം. ഇവിടെയും ക്രെഡിറ്റ് സ്‌കോര്‍ പരിഗണിക്കപ്പെടും.

സ്വര്‍ണപണയ വായ്പ

പിന്നെ നോക്കാവുന്ന ഒരു മാർഗം സ്വര്‍ണപ്പണയ വായ്പയാണ്. നിലവില്‍ ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് കാര്‍ഷിക ആവശ്യത്തിന് 4 ശതമാനത്തിന് സ്വര്‍ണപണയ വായ്പ ലഭിക്കും. കരം അടച്ച രസീത് നല്‍കിയാല്‍ മതിയാകും. ഇത് കൃഷി സ്ഥലത്തിന്റെ പരിധിയനുസരിച്ച് മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് വായ്പ കുടിശിക തീര്‍ക്കാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഇനി കാര്‍ഷിക വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സാധാരണ പണയം വച്ചാലും മതി. ദേശസാത്കൃത ബാങ്കുകളില്‍ ഗ്രാമിന് 3,600 രൂപ വരെ 7-8 ശതമാനം പലിശ നിരിക്കില്‍ ലഭിക്കും. സ്വകാര്യ ബാങ്കാണെങ്കില്‍ 10 ശതമാനം വരെയാകാം.

നിക്ഷേപ വായ്പകള്‍

നേരത്തെ നടത്തിയിട്ടുള്ള സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷൂറന്‍സ് പോളിസി തുടങ്ങിയവയെല്ലാം ഈട് നൽകി  കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കാനുള്ള സാധ്യതകളാണ്.

English Summary: How to Pay Your Credit Card Bill due ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com