ADVERTISEMENT

കോവിഡ് 19നെ തുടർന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഓരോ വീടും സ്കൂളുകളായി, അമ്മമാർ ടീച്ചർമാരുമായി. സ്കൂളുകൾ ഓൺലൈൻ പഠനത്തിന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും കുട്ടികളെ പഠിപ്പിക്കുന്ന ബാധ്യത അമ്മമാർ ഏറ്റെടുക്കേണ്ട സ്ഥിതിയായി. എങ്കിൽ പിന്നെ ഫീസ് കൊടുക്കാതെ തന്നെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിച്ചാലോ? വിദേശരാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള 'ഹോം സ്കൂളിങ്' രീതി ഇന്ത്യയിലും പച്ചപിടിക്കുകയാണ്.

എന്താണ് 'ഹോം സ്കൂളിങ്'?

മാതാപിതാക്കളുടെ മേൽനോട്ടത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് കുട്ടികൾ സ്കൂളിലെ പോലെ പഠിക്കുന്ന  രീതിയാണ് 'ഹോം സ്കൂളിങ്'. ഇതിന് സിലബസ് ഉള്ള രീതിയും, ഇല്ലാത്ത രീതിയും, അല്ലെങ്കിൽ ചില വിഷയങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള രീതിയും ഉണ്ട്. ഇന്ത്യയിലെ നഗരങ്ങളിൽ കോവിഡിനെത്തുടർന്നു വരുമാനം കുറയുകയോ നിലയ്ക്കുകയോ ചെയ്തത് പല മാതാപിതാക്കളെയും 'ഹോം സ്കൂളിങ്' രീതിയിലേക്കു മാറാൻ പ്രേരിപ്പിച്ചു. ഇതിലൂടെ കനത്ത സ്കൂൾ ഫീസുള്ളത് കുറയ്ക്കാനാകുമെന്ന ചിന്തയും ഇതിനു പിന്നിലുണ്ട്.

സിലബസ് ലളിതം 

ശാസ്ത്രീയമായ 'ഹോം സ്കൂളിങ്' പിന്തുടരുന്നവർ അതിലേക്കു പോകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഏതെങ്കിലും സവിശേഷമായ കഴിവുള്ള കുട്ടികളിൽ അത് കൂടുതൽ വളർത്തിയെടുക്കുവാൻ ഹോം സ്കൂളിങ് നല്ലതാണ്. ഭാരിച്ച  സിലബസ് പിന്തുടരേണ്ട എന്നത് കാരണം കുട്ടികൾക്ക് ആയാസം കൊടുക്കാതിരിക്കുവാന്‍ ചിലർ ഇത് തിരഞ്ഞെടുക്കുന്നു. ഒരുവർഷം കൊണ്ട് സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ ഈ രീതിയിൽ നാല് മാസം കൊണ്ടുതന്നെ പഠിച്ചെടുക്കുവാൻ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. ചില 'ഹോംസ്‌കൂളിങ്' രീതിയിൽ പത്താം  ക്ലാസ്സിൽ മാത്രം പരീക്ഷക്ക് പോയാൽ മതിയാകും. ചില വിഷയങ്ങൾ  പഠിച്ചില്ലെങ്കിലും, പത്താം  ക്ലാസ് ഓപ്പൺ സ്കൂൾ രീതിയിൽ എഴുതാമെന്നതും സൗകര്യമാണ്.

online-class-business-boom-column

വഴിതെറ്റാനുള്ള സാധ്യത കുറയും

ചില മാതാപിതാക്കൾ ഈ രീതി പിന്തുടരുന്നതിനു മറ്റൊരു കാരണം, പ്രവേശന പരീക്ഷകൾക്ക് കുട്ടികളെ കൃത്യമായി ഒരുക്കുന്നതിനുവേണ്ടിയാണ്. വിദേശ രാജ്യങ്ങളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് വീട്ടിലിരുന്ന് പഠിക്കുന്ന പല കുട്ടികൾക്കും സാധാരണ സ്കൂളിൽ പോയി പഠിക്കുന്ന കുട്ടികളെക്കാൾ കൂടുതൽ കഴിവുകളുണ്ടെന്നാണ്. ഇവർക്ക് സ്കൂളിൽ പോയി പഠിക്കുന്ന കുട്ടികളെക്കാൾ മാതാപിതാക്കളോട് അടുപ്പവുമുണ്ടാകും. അതുകൊണ്ടുതന്നെ വഴിതെറ്റിപോകാനുള്ള സാഹചര്യം ഇത്തരക്കാരിൽ കുറവാണ്. സ്കൂളിലെപോലെ സിലബസ് പഠിപ്പിച്ചു തീർക്കുവാൻ നിര്‍ബന്ധിതരാകാത്തതിനാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ സമയമെടുത്ത് കൃത്യമായി പഠിച്ചുപോകാനുള്ള ഒരു സാഹചര്യം ഹോംസ്കൂളിലുണ്ടാകും.

പഠനം ആഹ്ലാദകരം

പഠനം, സമ്മർദ്ദമില്ലാത്ത ഒരു പ്രക്രിയ ആകുമെന്നുള്ളതാണ് 'ഹോം സ്കൂളിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതിനെ അനുകൂലിക്കുന്ന മാതാപിതാക്കളുടെ വാട്സാപ്പ്  കൂട്ടായ്മകൾ ഇന്ത്യയിലെ പല നഗരങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ മാതാപിതാക്കൾക്ക് ധാർമിക പിന്തുണ ഇത്തരം കൂട്ടായ്മകളിലൂടെ ലഭിക്കും. ഓട്ടിസം, ഡിസ്‌ലെക്സിയ  പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാധാരണ സ്കൂളുകൾ ബുദ്ധിമുട്ടേറിയ കാര്യമാകുമ്പോൾ വീട്ടിലിരുന്ന്  അവരുടെ വേഗത്തിനും ആവശ്യങ്ങൾക്കുമനുസരിച്ചും കാര്യങ്ങൾ ക്രമപ്പെടുത്തുവാനാകും. 

സാമൂഹിക ഇടപെടലുകൾ കുറയും

എന്നാൽ സാമൂഹിക ഇടപെടലുകൾ കുറയുന്നത് ഈ വിദ്യാഭ്യാസ രീതിയുടെ ഒരു ന്യൂനതയാണ്. സ്കൂൾ മത്സരങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ അവരറിയാതെ അവരിൽ കഴിവുകൾ വളരുന്നുണ്ട്. എന്നാൽ, 'ഹോംസ്കൂളിങിൽ ഈ മത്സര  അന്തരീക്ഷം ഇല്ലാതാവുകയാണ്. വീടിന്റെ അന്തരീക്ഷത്തിൽ അച്ചടക്കം കുറയുമോ എന്നുള്ളതാണ് മറ്റൊരു പ്രശ്‍നം. സ്കൂളിൽ പോകാത്ത അവസ്ഥയിൽ മാതാപിതാക്കൾ നിരന്തരം കുട്ടികളെ പ്രോത്സാഹിപ്പിച്ച് അവരിലുള്ള കഴിവുകൾ കണ്ടെത്തി പരമാവധി വളർത്തിയെടുക്കണം. എന്നാൽ അതിനു തക്ക കഴിവില്ലാത്തവരാണ് മാതാപിതാക്കളെങ്കിൽ 'ഹോം സ്കൂളിങ്' ഉദ്ദേശിച്ച ഫലം തരുകയില്ല. 

എഡ്യൂടെക് കമ്പനികളുടെ ക്ലാസുകൾ

മാതാപിതാക്കൾ വീടിന്റെ സുരക്ഷിതത്വത്തിൽ കുട്ടികളെ നിർത്തുവാൻ താല്പര്യപ്പെടുന്നതുകൊണ്ട് പല നഗരങ്ങളിലും, സ്കൂൾ തുറന്നിട്ടും അധികം കുട്ടികൾ വരുന്നില്ല. ഒരുപാട് വിദ്യാഭ്യാസ കമ്പനികൾ (edutech companies) പുതിയതായി തുടങ്ങിയത് കാരണം, ഇന്റർനെറ്റിലൂടെ ഏതു വിഷയത്തിനും, ആധികാരികമായി ക്ളാസെടുക്കുന്നത് ലഭ്യമാണ്. സ്കൂളിൽ പോകുന്നത് പഠിക്കുവാനാണെങ്കിൽ, അതേകാര്യം വീട്ടിലിരുന്നു സൗജന്യമായി കിട്ടുന്നത് അതിലും നല്ലതാണെന്നും പല മാതാപിതാക്കളും, മാറി ചിന്തിക്കുന്നു. എന്നാൽ കുട്ടികളെ നോക്കുന്നത് ബുദ്ധിമുട്ടായി കാണുന്ന മാതാപിതാക്കൾ 'ഹോം സ്കൂളിങ്' തിരഞ്ഞെടുക്കരുത്. അത് കുട്ടികളുടെ മാനസിക അവസ്ഥയെ കൂടി മോശമായി ബാധിക്കും. ഇന്ത്യയിലെയും, വിദേശത്തെയും പല സ്കൂളുകളും, 'ഹോം സ്കൂളിങ്‌' കാർക്ക് പത്താം ക്ലാസ്സിലെ പരീക്ഷയെഴുതുവാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

English Summary: The Good and Bads of Home Schooling Concept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com