ADVERTISEMENT

ഓൺലൈൻ ഷോപ്പിങ് ഹരമായവർക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളാണു വരുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സും ഉടൻ വരുന്നുവെന്നു കമ്പനികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒട്ടുമിക്ക ഉൽപ്പന്നങ്ങൾക്കും മുൻപില്ലാത്ത ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് ഈ ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്. എന്നാൽ ഡിസ്കൗണ്ടുകൾ എത്ര കിട്ടിയാലും അധികമാകുന്നില്ലല്ലോ. എന്തിനും ഏതിനും ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്ന പ്രവണത വർധിച്ചു വരുന്ന ഇക്കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിൽ ലാഭമുണ്ടാക്കാൻ ക്രെഡിറ്റ് കാർഡുകളോളം നല്ല മാർഗം വേറെയില്ല. എന്തായാലും ഷോപ്പിങ് നിർബന്ധം. എങ്കിൽ പിന്നെ കുറച്ചു ലാഭം കൂടി ആയിക്കൂടേ? എങ്ങനെയെന്നു നോക്കാം:

പണം ചെലവാക്കുന്നതിന് റിവാർഡുകൾ

ക്രെഡിറ്റ് കാർഡ് കമ്പനികൾ ലാഭമുണ്ടാക്കുന്നത് ഉപയോക്താക്കളുടെ ഉപയോഗത്തിലൂടെയാണ്. അതുകൊണ്ടു തന്നെ, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കൂട്ടാനായി കമ്പനികൾ വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകളാണ്. ഷോപ്പിങ് നടത്തുമ്പോൾ സാധാരണ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു പണമടയ്ക്കുമ്പോൾ സംഭവിക്കുന്നത് പണം പിൻവലിക്കപ്പെടുന്നു എന്നതു മാത്രമാണ്. അതേ സ്ഥാനത്തു ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഡിസ്കൗണ്ടുകളും ക്യാഷ് ബാക്കും ലഭിക്കാനുള്ള സാധ്യതയേറെയാണ്. ഇതു കൂടാതെ, ക്രെഡ് പോലുള്ള യൂട്ടിലിറ്റി ആപ്പുകളും ചില ഷോപ്പിങ് സൈറ്റുകളും നിങ്ങൾക്കു റിവാർഡ് പോയിന്റുകളും നൽകുന്നു. ഈ പോയിന്റുകൾ ഉപയോഗിച്ച്, ഭാവിയിൽ നടത്തുന്ന ഇടപാടുകളിൽ വീണ്ടും ലാഭമുണ്ടാക്കാവുന്നതാണ്.

പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവ്

cash

നിങ്ങളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ലീക്ക് ചെയ്യപ്പെട്ടാൽ, നിങ്ങളുടെ ബാങ്കിലുള്ള പണം ഉടനടി അപകടത്തിലാകുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കുന്ന പണം, നിങ്ങളുടെ ബാങ്കിൽ നിന്നു തൽസമയം പിൻവലിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ, അനധികൃതമായ ഇടപാടുകൾ ശ്രദ്ധയിൽ പെട്ട് 24 മുതൽ 48 മണിക്കൂറിനുള്ളിൽ ബാങ്കിൽ റിപ്പോർട്ട് ചെയ്താൽ നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യത ഇല്ലാതാകുന്നു. എന്നാൽ ടെക്നോളജിയുടെ വളർച്ച കടിഞ്ഞാണില്ലാത്ത കുതിര പോലെ പായുന്ന ഇക്കാലത്ത് എന്തിനും ഏതിനും അതിന്റേതായ റിസ്ക് ഫാക്ടറുകൾ തീർച്ചയായും ഉണ്ട്.

‘ട്രാൻസാക്‌ഷൻ ഡിസ്പ്യൂട്ടുകൾ’ പരിഹരിക്കുന്നതിലെ എളുപ്പം

ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ പണം നൽകി വാങ്ങുന്ന ഉൽപന്നം ഡെലിവർ ചെയ്യപ്പെടാതെ പോകുന്നതിനും ഉദ്ദേശിച്ച സാധനം ലഭിക്കാതെ പോകുന്നതിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് ഓൺലൈൻ ഷോപ്പിങ് മർച്ചന്റിന്റെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടുക എന്നതാണ്. മിക്ക സമയത്തും ഇങ്ങനെ പരിഹാരം കാണാമെങ്കിലും ചെറുകിട ഷോപ്പിങ് സൈറ്റുകളുടെ കസ്റ്റമർ സർവീസ് നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്നില്ല. അങ്ങനെയുള്ള അവസരങ്ങളിൽ പണം നഷ്ടപ്പെടാനുള്ള സാധ്യത ഡെബിറ്റ് കാർഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡുകളിൽ കുറവാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുമ്പോൾ  അക്കൗണ്ടിലുള്ള പണമല്ല ചെലവാക്കുന്നത് എന്നതു തന്നെ കാരണം. മാത്രമല്ല, ബാങ്കുകൾക്കും കാർഡ് കമ്പനികൾക്കും ഡെബിറ്റ് കാർഡ് ഉപയോക്താക്കളെക്കാൾ പ്രിയവും മുൻഗണനയും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന കസ്റ്റമേഴ്സിനോടാണ്.

card4

പലിശരഹിത ഇഎംഐ

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഷോപ്പിങ് സൈറ്റുകളെല്ലാം തന്നെ മിക്ക ഉൽപന്നങ്ങൾക്കും ഇഎംഐ സൗകര്യം ഓഫർ ചെയ്യുന്നുണ്ട്. ചുരുക്കം ചില ഡെബിറ്റ് കാർഡുകൾക്കും ചില ഫിനാൻഷ്യൽ സർവീസ് കമ്പനികൾക്കും ഈ സൗകര്യം ലഭ്യമാണെങ്കിലും ക്രെഡിറ്റ് കാർഡുകൾ തന്നെയാണ് ഇതിലും മുമ്പൻമാർ. ഇഎംഐ ലഭിക്കുന്നതിലെ എളുപ്പം മാത്രമല്ല, പലിശയില്ലാതെ തന്നെ ഈ സൗകര്യം ഉപയോഗിക്കാമെന്നുള്ള പ്രത്യേകതയും ക്രെഡിറ്റ് കാർഡുകൾക്കുണ്ട്. ‘നോ കോസ്റ്റ് ഇഎംഐ’ വഴി, നിങ്ങൾക്കിഷ്ടമുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ പലിശ കൊടുക്കാതെ തന്നെ തവണവ്യവസ്ഥയിൽ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്. പല ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും ബാങ്കുകളുമായി ചേർന്നു സ്വന്തം നിലയിൽ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയിട്ടുമുണ്ട്. ഐസിഐസിഎ–ആമസോൺ, ആക്സിസ്–ഫ്ലിപ്കാർട്ട് പോലുള്ള ക്രെഡിറ്റ് കാർഡുകൾ ഉദാഹരണം.   

തീർന്നിട്ടില്ല, ഇനിയുമുണ്ട്...

ലോൺ എടുക്കാനുള്ള അർഹത, ലഭിക്കാവുന്ന തുകയുടെ പരിധി തുടങ്ങിയവ ധനകാര്യ സ്ഥാപനങ്ങൾ കണക്കുകൂട്ടുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിലൂടെയാണ്. രാജ്യത്തെവിടെയുമുള്ള അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ലോൺ എടുക്കുമ്പോഴും നിങ്ങളുടെ സ്കോറിൽ അതു പ്രതിഫലിക്കും. കൃത്യ സമയത്തുള്ള തിരിച്ചടവുകളും മറ്റും നിങ്ങളുടെ സ്കോർ ഉയർത്താൻ സഹായിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള ഉപയോക്താക്കൾക്കു ബാങ്കുകൾ അങ്ങോട്ടു വിളിച്ച് ലോൺ തരാൻ തയാറാകുന്നു.

സ്കോർ ഉയർത്താനും ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണമിടപാടു നടത്തുകയും തിരിച്ചടയ്ക്കേണ്ട ദിവസം നിങ്ങളുടെ അക്കൗണ്ടിൽ കാശുണ്ടാവുകയും ചെയ്താൽ മാത്രം മതി. ചുരുക്കത്തിൽ പറഞ്ഞാൽ, നല്ലൊരു തുക പലിശയില്ലാതെ ലോൺ എടുക്കാൻ കഴിയുന്ന സംവിധാനമാണ് ക്രെഡിറ്റ് കാർഡുകൾ. തിരിച്ചടയ്ക്കേണ്ട സമയത്തിനുള്ളിൽ അതു ലിക്വിഡ് ഫണ്ടുകളിലും മറ്റും നിക്ഷേപിച്ചു ലാഭമുണ്ടാക്കിയാൽ അതൊരു പാസീവ് വരുമാനവുമായി! ഒപ്പം നിങ്ങളുടെ ക്രെഡിറ്റ് സ്കോറും വർധിക്കുന്നു! ഇതൊന്നും പോരെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കു പലയിടങ്ങളിലും വിഐപി ട്രീറ്റ്മെന്റാണു ലഭിക്കുന്നത്. എയർപോർട്ടിൽ ലൗഞ്ച് ആക്സസ്, ഗോൾഫ് ക്ലബുകളിൽ പ്രവേശനം, ഇടയ്ക്കിടെ സൗജന്യമായി ലഭിക്കുന്ന സിനിമ ടിക്കറ്റുകൾ, ആപ് സബ്സ്ക്രിപ്ഷനുകൾ അങ്ങനെ അവസരങ്ങളുടെ കലവറ തന്നെയാണ് ക്രെഡിറ്റ് കാർഡുകൾ.

മിക്ക ബാങ്കുകളും തങ്ങളുടെ വിവിധ തരത്തിലുള്ള ഉപയോക്താക്കൾക്കായി പലവിധ പലിശ നിരക്കുകളും ആനുകൂല്യങ്ങളും ഓഫറുകളും ലഭ്യമാകുന്ന രീതിയിൽ ആകർഷകമായി ക്രെഡിറ്റ് കാർഡുകളെ അവതരിപ്പിക്കുന്നു. ഇവയുടെ പ്രവർത്തനവും ലഭിക്കുന്ന ആനുകൂല്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി ഉപയോഗിക്കുന്നവർക്ക് ഏറ്റവും മികച്ച സാമ്പത്തിക ഉപകരണമായിരിക്കും ക്രെഡിറ്റ് കാർഡുകൾ.  

English Summary : How to Use Credit Card in a Smart Way

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com