ADVERTISEMENT

നല്ലതൊന്നും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി കിട്ടാത്ത കാലമാണ്. അത് സോഫ്റ്റ് വെയറുകളാകട്ടെ, ഒ ടി ടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളാകട്ടെ, ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളാകട്ടെ. എന്നാല്‍ ഇത്തരത്തിലുള്ളവയുടെ ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ നിശ്ചിത കാലയളവിലേക്ക് ലഭിക്കാറുണ്ട്. സൗജന്യമായി ഇവ ഉപയോഗിച്ച് ഇഷ്ടപ്പെട്ടാല്‍ പെയ്ഡ് വേര്‍ഷന്‍ വാങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കാനാണ് ഇവര്‍ ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ നല്‍കുന്നത്.

ശരിക്കും സൗജന്യമാണോ?

ഇത്തരം ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് തങ്ങളുടെ വൈവിധ്യങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ ഇവരുടെ എണ്ണം വളരെ കുറവാണ്. നമുക്കിടയിലുള്ള ഭൂരിഭാഗം പേരും ആവശ്യമുള്ളതും അല്ലാത്തതുമായ സ്ഥാപനങ്ങളുടെ ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ക്കിടയില്‍ തലവെച്ചുകൊടുത്ത് കീശ ചോര്‍ത്തുന്നവരാണ്. ഫ്രീ ട്രയല്‍ വേര്‍ഷന്‍ അങ്ങനെ സൗജന്യമായൊന്നുമല്ല ലഭിക്കുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടോ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളോ നല്‍കിയാല്‍ മാത്രമാണ് ഫ്രീ ട്രയല്‍ ലഭിക്കുക. നിങ്ങള്‍ ഓണ്‍ലൈനായി ഒരു പേയ്‌മെന്റ് നടത്തുമ്പോള്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഫ്രീ ട്രയല്‍ ലഭിക്കുകയുള്ളൂ. ഫ്രീ ട്രയല്‍ എത്ര നാളത്തേക്കാണ് എന്നും ആ സമയം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം ഈടാക്കും എന്നും സേവനദാതാവ് പറഞ്ഞിട്ടുണ്ടാകും. നിങ്ങള്‍ക്ക് തുടരാന്‍ താല്‍പര്യമില്ല എങ്കില്‍ ഫ്രീ ട്രയല്‍ പീരീഡ് അവസാനിക്കും മുമ്പ് ഫ്രീ ട്രയല്‍ കാന്‍സല്‍ ചെയ്തിരിക്കണം എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ടാകും. അക്കാര്യം പലരും ശ്രദ്ധിക്കാറില്ല എന്നുമാത്രം

planning

ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ഫ്രീ ട്രയല്‍ കാലയളവ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പുതുക്കുമോ എന്ന് പരിശോധിക്കണം. ഓട്ടോമാറ്റിക്കായി പുതുക്കാത്ത ഫ്രീ ട്രയലുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

2. ഫ്രീ ട്രയല്‍ കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പുതുക്കുന്ന തരത്തിലാണ് പല ഫ്രീ വേര്‍ഷനുകളും. ഇത്തരത്തിലുള്ളയില്‍ കാലയളവിന് മമ്പ് സബ്‌സ്‌ക്രിപ്ഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉള്ളവയാണോ എന്ന് നോക്കുകക. അങ്ങനെയെങ്കില്‍ ഫ്രീ ട്രയല്‍ കാലവാധി തീരും മുമ്പ് തന്നെ അത് ക്യാന്‍സല്‍ ചെയ്യണം.

3. ചില ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ കാലാവധി കഴിയുന്നതിനു  ഒന്നോ രണ്ടോ ദിവസം മുമ്പ്  ഇ മെയില്‍ വഴി അനുമതി ചോദിച്ചശേഷമേ ഓട്ടോമാറ്റിക്കായി പുതുക്കൂ. പക്ഷേ നിശ്ചിത സമയത്തിനുള്ളില്‍ മറുപടി കൊടുത്തില്ലെങ്കില്‍ അതും ഓട്ടോമാറ്റിക്കായി റിന്യൂ ആകും.

4. ഫ്രീ ട്രയല്‍ വേര്‍ഷനുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോള്‍ അതെല്ലാം ഫോണിലോ ബുക്കിലോ എഴുതി സൂക്ഷിക്കണം. കാലയളവ് തീരുന്ന തിയതിയും രേഖപ്പെടുത്തുകയും ഓര്‍ത്തിരിക്കുകയും വേണം.

5. ഫ്രീ ട്രയല്‍ വേര്‍ഷന്‍ എടുത്താല്‍ അതിന്റെ കാലയളവ് തീരും മുമ്പുതന്നെ അത് ക്യാന്‍സല്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരിക്കണം.

money

ഫ്രീ ട്രയല്‍ വേര്‍ഷനുശേഷം നിങ്ങളുടെ അനുമതി ഇല്ലാതെ പണം ഈടാക്കിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. നിങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഫ്രീ ട്രയലിനുശേഷം പണം ഈടാക്കിയിട്ടുള്ളതെങ്കില്‍ ഒരിക്കലും ഈ സേവനം പിന്നീട് ഉപയോഗിക്കരുത്. ഈ സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് അനധികൃതമായി പണം ഈടാക്കിയ വിവരം അറിയിക്കണം. പരാതി രേഖാമൂലം ഈ മെയിലില്‍ നല്‍കണം. ഫ്രീ ട്രയല്‍ വേര്‍ഷന്‍ മാത്രമേ ഉപയോഗിച്ചിട്ടൂള്ളൂ എന്നും അതിനുശേഷം ഈ സേവനം ഉപയോഗിച്ചിട്ടില്ല എന്ന കാര്യവും വ്യക്തമായി പറയണം. അനധികൃതമായി ഈടാക്കിയ പണം തിരികെ തരണം എന്നും വ്യക്തമാക്കണം.

2. ഏത് അക്കൗണ്ടില്‍ നിന്നാണ് പണം അനധികൃതമായി ഈടാക്കിയതതെങ്കിൽ ആ ബാങ്കിനെയും വിവരം അറിയിക്കണം. പരാതി ബാങ്കിനും രേഖാമൂലം നല്‍കണം. ഓണ്‍ലൈനായി അനുമതിയില്ലാത്ത ഇടപാടുകൾ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ മിക്ക ക്രഡിറ്റ് കാര്‍ഡ് കമ്പനികളും  ബാങ്കുകളും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ഒട്ടുമിക്ക സ്ഥാപനങ്ങളും ഇങ്ങനെ നിങ്ങളുടെ അറിവില്ലാതെ ഈടാക്കുന്ന പണം തിരികെ തരാറാണ് പതിവ്. പക്ഷേ എപ്പോഴും അങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. അതിനാല്‍ ഇത്തരം ഇടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക,

Engilsh Summary: Deal Carefully with Free Trial Versions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com