ADVERTISEMENT

ഓഹരി വിപണിയിലെ നിക്ഷേപം പണം നഷ്ടപ്പെടുത്തും എന്നു വിശ്വസിക്കുന്ന വ്യക്തിയാണോ നിങ്ങൾ. നിങ്ങളെ പോലെ ലക്ഷക്കണക്കിനു പേർ അങ്ങനെ വിശ്വസിക്കുന്നു. സമ്പന്നരെ മാത്രമല്ല അതിസമ്പന്നരെയും സൃഷ്ടിക്കുന്ന ഓഹരിവിപണിയുടെ സാധ്യതകളെ തിരിച്ചറിയാൻ ഇത്തരം വിശ്വാസം പലർക്കും തടസമാകുന്നു . എന്താണ് ഇതിനു കാരണം?

ഇവിടെ നിങ്ങളെ ചതിക്കുന്നത് നിങ്ങളുെട മനസു തന്നെ. മനസിന്റെ ചില രീതികളാണ് ഇത്. ചില മുൻവിധികൾ.

നല്ലതിനെ ഒഴിവാക്കാനും കുറുക്കുവഴികൾ തേടാനും സങ്കീർണമായ സാഹചര്യത്തിൽ പോലും അശ്രദ്ധമായി തീരുമാനമെടുക്കാനും ഇത്തരം മുൻവിധികൾ (Cognitive/Psychological biases) നമ്മെ പ്രേരിപ്പിക്കും. സാമ്പത്തിക–നിക്ഷേപകാര്യങ്ങളിൽ അത്തരം ചതിക്കുഴികൾ സൃഷ്ടിക്കുന്ന സൈക്കോളജിക്കൽ ബയസുകളെ തിരിച്ചറിഞ്ഞാലേ നമുക്ക് രക്ഷപെടാനാകൂ. അത്തരത്തിൽ അപകടം വിളിച്ചുവരുത്തുന്ന രണ്ടു മാനസിക പക്ഷപാതങ്ങളാണ് സ്ഥിരീകരണ പക്ഷപാതവും ആൾക്കൂട്ട പ്രഭാവവും.

സ്ഥിരീകരണ പക്ഷപാതം 

ഓഹരി നേട്ടം തരില്ലെന്നും നഷ്ടത്തിനു മാത്രമേ വഴിവെയ്ക്കൂവെന്നുമുള്ള വിശ്വാസം ഇത്തരത്തിലൊന്നാണ്.ഒരു കാര്യത്തെ, നിലവിലുള്ള ധാരണയുെട അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുന്ന മാനസിക സമീപനമാണ് സ്ഥിരീകരണ പക്ഷപാതം (കൺഫർമേഷൻ ബയസ്). നാം വിശ്വസിക്കുന്നതിന് അനുകൂലമായ തെളിവുകൾ മാത്രം തേടിപ്പിടിക്കും. പഴയ നിഗമനത്തിൽ തന്നെ മുന്നോട്ടുപോകും. ഇതിന്റെ ഫലമായി വലിയ നഷ്ടങ്ങളുണ്ടാവുകയോ ലാഭസാധ്യതയുടെ അവസരങ്ങൾ വിനിയോഗിക്കാതിരിക്കുകയോ ചെയ്യാം. ഓഹരിയുടെ കാര്യത്തിൽ ഭൂരിപക്ഷം പേർക്കും തടസമാകുന്നത് ഈ സ്ഥിരീകരണ പക്ഷപാതം ആണ്.

ആൾ‌ക്കൂട്ട പ്രഭാവം പണം ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല നിങ്ങൾക്ക് വൻതോതിൽ പണം നഷ്ടപ്പെടാനും മനസ് പലപ്പോഴും കാരണമാകും. ഒരു കൂട്ടം പേർ ഒരു കാര്യത്തെക്കുറിച്ചു പറയുന്നത് ശരിയായിരിക്കുമെന്നു വിശ്വസിക്കാൻ മനസ് നമ്മെ പ്രരിപ്പിക്കും. ഈ പക്ഷപാത ചിന്തയാണ് ‘ബാൻഡ്‌വാഗൺ എഫക്ട്’ അഥവാ ആൾക്കൂട്ട പ്രഭാവം.

ഉത്സവപറമ്പിലോ വ്യാപാരമേളയിലോ ചില കടകളുടെ മുന്നിൽ ആളുകൾ കൂട്ടംകൂടുന്നത് കണ്ടിട്ടില്ലേ. പിന്നീടു വരുന്നവരെല്ലാം ആ കടയ്ക്ക് മുൻഗണന നൽകും. ആൾക്കൂട്ടത്തെ ആകർഷിച്ച ഘടകം എന്തെന്നറിയാനുള്ള താൽപര്യം നമ്മളേയും ആകർഷിക്കും. അതുപോലെ കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. ചില സ്ഥാപനങ്ങൾ ഉയർന്ന പലിശ, കുറഞ്ഞ വർഷങ്ങൾ‍ കൊണ്ട് ഇരട്ടി നേട്ടം തുടങ്ങിയ രീതിയിൽ പരസ്യം ചെയ്യുമ്പോൾ പലരും വീണുപോകാറുണ്ട്. അതിലേക്കു അവരെ എത്തിക്കുക, പരിചയമുള്ള പലരും അവിടെ നിക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന ചിന്തയാണ്. ഈ ആൾക്കൂട്ട മനോഭാവം വഴി നിക്ഷേപകർ ചതിക്കപ്പെടുന്നതും സാധാരണമാണ്. ഒരാൾക്ക് വിജയിയായ നിക്ഷേപകനാവണമെങ്കിൽ ആൾക്കൂട്ടത്തിനൊപ്പം ചിന്തിക്കുകയല്ല, മറിച്ച് സ്വതന്ത്രമായി ചിന്തിക്കാനും ആൾക്കൂട്ടത്തിൽ നിന്നു വേറിട്ടുള്ള നിക്ഷേപങ്ങളെ ആദ്യം തന്നെ തിരിച്ചറിയാനും കഴിയണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com