ADVERTISEMENT

ഇന്ത്യയെ അപേക്ഷിച്ച് പല യൂറോപ്യൻ രാജ്യങ്ങളിലും പൊതുഗതാഗതം നല്ല ചെലവേറിയതാണ്. എന്നാൽ ഇപ്പോൾ വെറും 9 യൂറോയുടെ ടിക്കറ്റെടുത്താൽ ഒരു മാസം മുഴുവൻ ട്രെയിനിലിലും ബസിലും ട്രാമുകളിലും മതിവരുവോളം യാത്ര ചെയ്യാൻ അവസരം കിട്ടിയാലോ? വിട്ടുകളയരുത്, ഇത് ശരിക്കും ഒരു രാജ്യം മുഴുവൻ ചുരുങ്ങിയ ചെലവിൽ കണ്ടു തീർക്കാൻ കിട്ടുന്ന അവസരമാണ്. ജർമനിയാണ് ആരെയും കൊതിപ്പിക്കുന്ന ഇത്തരം ഒരു ഓഫറുമായി വന്നിരിക്കുന്നത്. പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായാണ് ഇത്തരമൊരു പദ്ധതി ജർമൻ സർക്കാർ കൊണ്ടുവരുന്നത്. ദീർഘദൂര യാത്രകൾക്ക് ഇത് ലഭ്യമല്ല. പല സ്ഥലങ്ങളിലും ഇറങ്ങി കയറി പോകുന്നത് ജർമനി പോലുള്ള രാജ്യത്തായതിനാൽ നമ്മൾ മലയാളികൾക്ക് ഒട്ടും മടുക്കില്ല. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇതിനു പ്രാബല്യമുണ്ടാകും. അതുകൊണ്ടു ഈ കാലയളവി‍ൽ ജർമൻ യാത്രയ്ക്കൊരുങ്ങുന്നവർക്ക് ഈ ഓഫർ വളരെ ഗുണം ചെയ്യുമെന്ന് മാത്രമല്ല യാത്ര അവിസ്മരണീയമാക്കുകയും ചെയ്യാം. 

ജർമ്മനിയിലും  ജീവിതച്ചെലവ് പ്രതിസന്ധി 

german-flag

അസംസ്കൃത എണ്ണയ്ക്കും ഗ്യാസിനും റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ ജീവിതച്ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യയെപ്പോലെ യൂറോപ്പിലും പ്രശ്‍നം തന്നെയാണ്. റഷ്യക്ക് റൂബിളിൽ തന്നെ ഇന്ധന വില ലഭിക്കണം എന്നുള്ള വിട്ടുവീഴ്ചയില്ലാത്ത നയം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ യുക്രെയ്നിനെ പിന്തുണക്കുന്ന  പല യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ വിഷമസന്ധിയിലായിരിക്കുകയാണ്. കുറഞ്ഞ ടിക്കറ്റിന് യാത്ര പ്രഖ്യാപിച്ചതിനു പിന്നിൽ ജർമ്മനിയുടെ  കാലാവസ്ഥ സൗഹൃദ നയമാണ് എന്ന മേനി പറച്ചിലുണ്ടെങ്കിലും സ്വകാര്യ ഗതാഗതം പരമാവധി നിരുത്സാഹപ്പെടുത്തി ഇന്ധന വില പിടിച്ചുനിർത്തുക എന്നതാണ് യഥാർത്ഥ ഉദ്ദേശ്യം. മഹാമാരിക്ക് ശേഷം രാജ്യാന്തര വിനോദസഞ്ചാരികളെ  കൂടുതൽ ആകർഷിക്കുക എന്നൊരു നയം കൂടി ഇതിനു പിന്നിലുണ്ട്. ജൂൺ,ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണെങ്കിലും  ഇപ്പോൾ തന്നെ 9 യൂറോയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യങ്ങളുള്ള ജർമനിയിലെ ദേശീയ ഉദ്യാനങ്ങളും മ്യൂണിക് ഹാംബർഗ് ന്യൂറംബർഗ് ഫ്രാങ്ക്ഫർട്ട് തുടങ്ങിയ പല നഗരങ്ങളും സന്ദർശിക്കാൻ ലഭിക്കുന്ന ഈ അവസരം ജർമൻ യാത്രയ്ക്കൊരുങ്ങുന്നവർക്ക് പോക്കറ്റ് ചോരാതെ ഉപയോഗപ്പെടുത്താം.

English Summary :Offer for Domestic Travel in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com