മലയാളികളുടെ ഇഷ്ട മാംസമായ കോഴിക്ക് വില കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും, ഇന്ത്യയിലും മാത്രമല്ല ലോകമാസകലം കോഴിയിറച്ചിയുടെ വില കൂടുകയാണ്. കോഴിത്തീറ്റയുടെ ഉയർന്ന വിലയും, ഇന്ധന വിലവർധനവും, പണപ്പെരുപ്പവും മൂലം ഇനിയും വില കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കാരണങ്ങൾ
റഷ്യ യുക്രൈൻ യുദ്ധം തന്നെയാണ് കോഴിയിറച്ചി വിലയും ഉയരാൻ കാരണം. ആഗോളതലത്തിൽ ധാന്യങ്ങളുടെയും, എണ്ണക്കുരുക്കളുടെയും വിതരണത്തിൽ വന്ന താളപ്പിഴകൾ മൃഗങ്ങൾക്കുള്ള തീറ്റ വിലയിലും പ്രതിഫലിച്ചു. യുദ്ധം ഗോതമ്പ്, ചോളം, സൂര്യകാന്തി കുരു എന്നിവയുടെ വിലവർധനക്ക് കാരണമായി. അതുപോലെ രാസവളങ്ങളുടെ വലിയ കയറ്റുമതിക്കാരായ റഷ്യയിൽ നിന്നുള്ള വ്യാപാര നിയന്ത്രണങ്ങൾ വിളകളുടെ ഉൽപ്പാദനത്തെ ബാധിച്ചു.
കോവിഡ് തുടങ്ങിയപ്പോൾ മുതൽ പ്രതിരോധശേഷിക്കായി ആവശ്യത്തിന് പ്രോട്ടീൻ കഴിക്കണമെന്നു ഡോക്ടർമാർ നിർദേശിച്ചതോടെ കോഴിയിറച്ചിയുടെയും, മുട്ടയുടെയും ഡിമാൻഡ് കുതിച്ചുയർന്നു. കോഴിയിറച്ചിയുടെ വില കൂടിയെങ്കിലും, ഉപഭോഗം ഒട്ടും കുറഞ്ഞിട്ടില്ല. കൂടാതെ റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിച്ചു. പല രാജ്യങ്ങളിലും പക്ഷി പനി ഉണ്ടായതും കോഴിയിറച്ചി വില കൂട്ടി. കുറഞ്ഞത് ആറ് മാസം കൂടി കോഴിയിറച്ചി വില ഉയർന്നു തന്നെ നിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
English Summary : Chicken Price is Going Up