ADVERTISEMENT

കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം പല വിദേശ രാജ്യങ്ങളും, ഇന്ത്യയും, ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നത് ഇന്ത്യയിലെ പാവപ്പെട്ടവരെ നേരിട്ട് ബാധിക്കുന്നുണ്ടോ? ഇന്ത്യക്കു പൂർണമായും ചൈനീസ് ഇറക്കുമതി വേണ്ടെന്ന് വെക്കാൻ ആകുമോ? മഹാമാരി തുടങ്ങിയതിനു ശേഷം, ചൈനയിൽ നിന്നുള്ള ചില വസ്തുക്കളുടെ ഇറക്കുമതി വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. 

ചൈനയെ ആശ്രയിക്കുന്നവർ 

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെന്ന സിദ്ധാന്തങ്ങൾ മൂലം പല രാജ്യങ്ങളും, ചൈനയിൽ നിന്നുള്ള ഇറക്കുമതി വെട്ടികുറച്ചതോടെ അത് അവരുടെ മരുന്ന് കമ്പനികളെയാണ് ഏറ്റവും ബാധിച്ചത്. മാസ്‌ക്കുകൾക്കും, സാനിറ്റൈസറുകൾക്കും, മാത്രമല്ല മരുന്ന് കമ്പനികൾക്കായുള്ള ഒട്ടനവധി അസംസ്കൃത വസ്തുക്കൾ ചൈനയിൽ നിന്നുതന്നെയാണ് ഇപ്പോഴും വരുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ചാൽ ഇന്ത്യയിലെ പല മേഖലകളിലെയും ഉൽപ്പാദനത്തെയും മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും പരോക്ഷമായി ബാധിക്കും. ചൈനീസ് അസംസ്കൃത വസ്തുക്കൾ ലഭിച്ചില്ലെങ്കിൽ, ഇന്ത്യയിലെ പല കമ്പനികളും വില കൂടിയ പകരക്കാരെ തേടേണ്ടി വരും. അത് പിന്നീട് ഉല്പന്നമായി വരുമ്പോഴും വിലയെ ബാധിയ്ക്കും. വൻകിട ഇന്ത്യൻ വാഹന നിർമാതാക്കൾ മുതൽ സ്റ്റീൽ കമ്പനികൾ വരെ ചൈനയെ നേരിട്ട് ആശ്രയിക്കുന്നുണ്ട്.

ദാരിദ്ര്യം കൂട്ടുന്നതെങ്ങനെ? 

ചൈനയിൽ നിന്നുള്ള സിൽക്ക് വരവ് കുറഞ്ഞതോടെ കാഞ്ചിപുരത്തെ പട്ടു സാരികൾ നെയ്യുന്നവരുടെ ജീവിതം കഷ്ടപ്പാടിലായി എന്ന് സി എൻ ബി സി റിപ്പോർട്ട് ചെയ്യുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്  ഇപ്പോൾ ഉയർന്ന വിലക്ക് മാത്രമേ അവർക്ക് പട്ടുനൂൽ ലഭിക്കുന്നുള്ളൂ. എന്നാൽ സാരി  വില കൂട്ടിയാൽ കടക്കാരോ, ഉപഭോക്താക്കളോ വാങ്ങാൻ തയാറല്ലാത്തതിനാൽ നഷ്ടം സഹിച്ചും നിലവിലുള്ള പഴയ വിലക്ക് മാത്രമേ നെയ്ത്തുകാർക്ക് വിൽക്കാനാകുന്നുള്ളൂ. സിൽക്ക് സാരിയുടെ കാര്യത്തിൽ മാത്രമല്ല ചെറുകിട കച്ചവടക്കാർക്ക് പലർക്കും ചൈനീസ് സാധനങ്ങളായിരുന്നു ഉപജീവനത്തിനുള്ള മാർഗം. വിലകുറഞ്ഞ ചൈനീസ് സാധങ്ങൾ വിപണിയിൽ കിട്ടാതായതോടെ പല  കച്ചവടക്കാരുടെയും കടകൾ പൂട്ടേണ്ടി വന്നു. 

ചൈനയിൽ നിന്ന് കുറയ്ക്കുമ്പോൾ ഹോങ്കോങ്ങിൽ നിന്നും കൂട്ടുന്നു 

ചൈനീസ് ഇറക്കുമതി കുറയ്ക്കുമെന്ന് പറയുമ്പോഴും, കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 29 ശതമാനം കൂടുതലാണ് ചൈനയിൽ നിന്നും ഇന്ത്യ  ഇറക്കുമതി ചെയ്തിട്ടുള്ളത് എന്ന്  കണക്കുകൾ സൂചിപ്പിക്കുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യയും, ആത്മ നിർഭർ ഭാരതും' കുറച്ചൊക്കെ സ്വയം പര്യാപ്തത വരുത്തുവാൻ ഇന്ത്യയെ സഹായിക്കുന്നുണ്ടെങ്കിലും,  മിക്കവാറും എല്ലാ മേഖലകളും  അസംസ്കൃത വസ്തുക്കൾക്കായി പ്രത്യക്ഷമായോ, പരോക്ഷമായോ ചൈനയെ ആശ്രയിക്കുന്നുണ്ട്. കൂടാതെ ചൈനയിൽ നിന്നും നേരിട്ടുള്ള ഇറക്കുമതി കുറക്കുന്നുണ്ടെന്ന് പറയുമ്പോഴും ഹോങ്കോങ് വഴി ചൈനയിൽ നിന്നുള്ള സാധനങ്ങൾ യഥേഷ്ടം ഇന്ത്യയിൽ എത്തുന്നുണ്ട്. സ്ഥിതി വിവര കണക്കുകൾ പരിശോധിക്കുമ്പോൾ ചൈനയിൽ നിന്നും എന്നൊക്കെ ഇന്ത്യ ഇറക്കുമതി കുറച്ചിട്ടുണ്ടോ അന്നൊക്കെ ഹോങ്കോങ്ങിൽ നിന്നുള്ള ഇറക്കുമതി കൂട്ടിയിട്ടുമുണ്ട്. ചുരുക്കി പറഞ്ഞാൽ ചൈനീസ് സാധനങ്ങൾ നേരിട്ട് ഇന്ത്യയിൽ എത്തുന്നതിനു പുറമെ, ഹോങ്കോങ് വഴി, വഴിതിരിച്ചുള്ള ഇറക്കുമതി യഥേഷ്ടം നടക്കുന്നുണ്ട്. ലോകത്തിന്റെ ഫാർമസിയാണെന്ന് ഇന്ത്യ അഭിമാനിക്കുമ്പോഴും, ഫാർമസിയിലേക്കുള്ള അസംസ്കൃത വസ്തുക്കൾ വരുന്നത് ചൈനയിൽ നിന്ന് തന്നെയാണെന്നുള്ള കാര്യത്തെ ബോധപൂർവം മറക്കാൻ സാധിക്കില്ല.അതുകൊണ്ടുതന്നെ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യക്കു പൂർണമായും വേണ്ടെന്ന് വെക്കാൻ ആകില്ല.

English Summary : India id Reducing Import from China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com