ADVERTISEMENT

ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക്, ഏറ്റവും ഉയർന്ന സമ്മാനങ്ങൾ, ഏറ്റവും കൂടുതൽ വിൽപ്പന -  പല റെക്കോർഡുകളാണ്  ഇത്തവണത്തെ ഓണം ബംപർ ലോട്ടറി തകർത്തത്  

ടിക്കറ്റ് വിലയുടെ 28% ജി എസ് ടി അഥവാ ഉൽപ്പന്ന സേവന നികുതിയാണ്; സമ്മാനത്തുകയുടെ 30% ആദായനികുതിയും. 

ഇവിടെ എന്ത് ഉൽപ്പന്നം അല്ലെങ്കിൽ സേവനമാണ് ടിക്കറ്റ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്? 

ആദായ നികുതി നൽകേണ്ടത് ശമ്പളം, പലിശ, വാടക, ലാഭം വഴിയുള്ള വരുമാനത്തിനോ അല്ലെങ്കിൽ മൂലധന നേട്ടത്തിനോ ആണ്.  ഭൂമി, ഓഹരി,  സ്വർണം തുടങ്ങിയ മൂലധന ആസ്തികൾ (capital asset) വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭമാണ് മൂലധന നേട്ടം (capital gains). 

ലോട്ടറി സമ്മാനത്തുക ഇവയിലേതിൽ വരും?

ലോട്ടറി ഒരു ഭാഗ്യപരീക്ഷണത്തിൽ  പങ്കാളിയാകാനുള്ള അവസരം  മാത്രമാണ്.  ഇതിൽ വിജയിച്ചാലും പരാജയപ്പെട്ടാലും  ഉൽപ്പന്നമോ സേവനമോ ലഭിക്കുന്നില്ല. ശമ്പളം, വാടക, പലിശ, ലാഭം ഇവയൊന്നും തന്നെ സൃഷ്ടിക്കപ്പെടുന്നില്ല; മൂലധന ആസ്തി വിൽക്കപ്പെടുന്നില്ല;  അതിനാൽ മൂലധന നേട്ടവുമില്ല

എങ്കിൽ ഈ നികുതിപിരിവ് ന്യായമാണോ?  

തൊഴിൽദാതാക്കൾ, നിക്ഷേപകർ, ജീവനക്കാർ, വായ്പ ദാതാക്കൾ, സംരംഭകർ  എന്നിങ്ങനെ ഉൽപാദന, വിപണന പ്രക്രിയയിൽ പങ്കാളികളാകാൻ  വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരമൊരുക്കുമ്പോഴാണ് ഒരു സർക്കാരിന് നികുതി പിരിക്കാനുള്ള അർഹത കൈവരുന്നത്. ഇവയൊന്നും ലോട്ടറി വ്യവസായത്തിൽ സംഭവിക്കുന്നില്ല. മാത്രമല്ല ഇവിടെ ലോട്ടറി നടത്തിപ്പുകാരൻ കൂടിയാണ് സർക്കാർ

ഭാഗ്യക്കുറി നടത്താൻ കുത്തകാവകാശമുള്ള സർക്കാർ ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് പണം പിരിക്കുന്നു;  അതിൽ ചെറുതല്ലാത്ത ഒരു ഭാഗം കൈവശം വയ്ക്കുന്നു;  ബാക്കി തുക ഇവരിൽ വിരലിലെണ്ണാവുന്നവർക്ക്  ലക്ഷക്കണക്കിന് മടങ്ങായി  തിരികെ നൽകുന്നു.  അഥവാ ലക്ഷക്കണക്കിനാളുകളുടെ പ്രധാനമായും പാവപ്പെട്ടവരുടെ, നഷ്ടമാണ് ചുരുക്കം പേരുടെ വൻനേട്ടം ആകുന്നത്. ഇതിനും പുറമേ നികുതിയും ചുമത്തുന്നു!  

ഒരു ജനകീയ സർക്കാർ ചെയ്യേണ്ടതാണോ ഇത്?

മറ്റു ജോലികൾ ചെയ്യാൻ കഴിയാത്ത ഒരുപാട് പേരുടെ ജീവനോപാധിയാണ് ലോട്ടറിവില്പന,  ഇതിൽ  നിന്ന് ലഭിക്കുന്ന ലാഭം ക്ഷേമപ്രവർത്തനങ്ങൾക്കാണ്  ഉപയോഗിക്കുന്നത് -   ഇവയാണ് വിമർശനങ്ങൾക്കുള്ള സർക്കാർ മറുപടി 

ലോട്ടറി വാങ്ങുന്നതിൽ കൂടുതലും പാവപ്പെട്ടവരാണ്. അവർക്കത്യാവശ്യം വേണ്ട ഏതെങ്കിലും ഉൽപ്പന്നമോ സേവനമോ വേണ്ടെന്നു വെച്ചിട്ടാണ് ലോട്ടറി വാങ്ങുന്നത്. പാവപ്പെട്ടവരുടെ പണം കൊണ്ടാണോ ക്ഷേമപ്രവർത്തനങ്ങൾ നടത്തേണ്ടത്? പാവപ്പെട്ടവരുടെ പണം കൊണ്ടാണോ മറ്റു ജോലികൾ ചെയ്യാൻ കഴിയാത്തവർക്ക് ജീവനോപാധി സൃഷ്ടിക്കേണ്ടത്? 

ക്ഷേമപ്രവർത്തനങ്ങൾ നടത്തേണ്ടത് ഉയർന്ന വരുമാനക്കാരിൽ നിന്നും  സമ്പന്നരിൽ നിന്നും നികുതി പിരിച്ചുകൊണ്ടാണ്.  ഇവിടെ ചില ചോദ്യങ്ങൾ പ്രസക്തമാണ് -  ഉയർന്ന വരുമാനക്കാർ/സമ്പന്നർ  എന്നിവരിൽ നിന്ന് നികുതി പിരിക്കാൻ സർക്കാരിന് കഴിയുന്നില്ലേ?  അതോ സമ്പദ്‌വ്യവസ്ഥ ഉയർന്ന വരുമാനവും വളർച്ചയും സൃഷ്ടിക്കാൻ പ്രാപ്തമല്ലേ?  അതുമല്ലെങ്കിൽ പിരിച്ചെടുക്കുന്ന  നികുതി പാഴാക്കിക്കളയുകയാണോ?

സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. വൻതോതിലുള്ള ലോട്ടറിവില്‍പ്പന കേരളീയരുടെ സാമ്പത്തിക സാക്ഷരതക്കു മുന്നിലും ചോദ്യചിഹ്നം ഉയർത്തുന്നു. 

പലതരം ഭാഗ്യനിർഭാഗ്യങ്ങൾ 

നമ്മൾ ഓരോരുത്തരും എവിടെ, ഏതു സാമ്പത്തിക/സാമൂഹിക സാഹചര്യത്തിൽ, ആരുടെ മക്കളായി  ജനിക്കുന്നു എന്നത് തന്നെ  ഒരു ലോട്ടറി സമാനമാണ്. പിന്നീടും നമ്മുടെ നിയന്ത്രണത്തിന് പുറത്തുള്ള  ജീവിതത്തെ സ്വാധീനിക്കുന്നു. ഇത്തരം അസമത്വങ്ങൾ ഇല്ലാതാക്കാനോ കുറയ്ക്കാനോ ശ്രമിക്കേണ്ട സർക്കാരാണ് ഭാഗ്യക്കുറി നടത്തി ഇവ വർദ്ധിപ്പിക്കുന്നത്!  

ഇതിനും പുറമെയാണ് ഈ വർഷത്തെ സംസ്ഥാന ബജറ്റിലെ ഒരു പ്രഖ്യാപനം -  ലോട്ടറി സമ്മാനമായി വൻതുക നേടിയവർക്ക് അത് ശരിയായി ഉപയോഗിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സേവനം ലഭ്യമാക്കും!

സാമ്പത്തിക വിദഗ്ധരുടെ സേവനം ലഭിക്കേണ്ടത് ലോട്ടറി വിജയികൾക്കാണോ അതോ  ഇതൊരു ആസക്തി ആയ സാധാരണക്കാർക്കോ?  ഉത്തരം എന്തു തന്നെ ആയാലും ലോട്ടറി കാര്യത്തിൽ സാമ്പത്തിക  വൈദഗ്ധ്യം ആവോളമുള്ളത് കേരള സർക്കാരിനാണ്. നികുതി ഇതര വരുമാനത്തിൻറെ 80 ശതമാനവും ലോട്ടറിയിൽ നിന്ന് നേടാൻ ലോകത്തെ മറ്റേതു സർക്കാരിന് കഴിയും!

ലേഖകൻ ബാങ്കിങ് – ഫിനാൻസ് ഫാക്കൽറ്റിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary : Why Kerala Government is Running Lottery?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com