ADVERTISEMENT

സോറോദ, അപസ്റ്റോക്, 5 പൈസ. കോം തുടങ്ങി വളരെ കുറഞ്ഞ ബ്രോക്കറേജിൽ ഓഹരി ഇടപാടുകൾ സാധ്യമാക്കുന്ന ന്യൂ ജെൻ ഷെയർബ്രോക്കർമാരുടെ നിര ഒരുവശത്ത്. ജിയോജിത്ത്, കോട്ടക്, ഷേർഖാൻ, മോത്തിലാൽ ഓസ്വാൾ മുതൽ ഷെയർവെൽത്തും ക്യാപ്സ്റ്റോക്കും അക്യുമെന്നും അടക്കം പതിറ്റാണ്ടുകളായി സേവനം നൽകുന്ന ഫുൾ സർവീസ് ബ്രോക്കർമാർ മറുവശത്ത്.

 

ഓഹരി ഇടപാടുകാരിൽ പലർക്കും ഇവരിൽ ആരുടെ സേവനമാണ് തിരഞ്ഞെടുക്കേണ്ടതെന്ന സംശയം ഉണ്ടാകാം. പ്രത്യേകിച്ച് പുതുതായി ഓഹരി വിപണിയിലേയ്ക്ക് കടന്നു വരുന്നവർക്ക്. ഓഹരി വിപണി നിയന്ത്രിക്കുന്ന സെബിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച്, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ എല്ലാ ഇടപാടുകളും ഒരു ബ്രോക്കറേജ് ഹൗസ് വഴിയേ നടത്താനാകൂ. നമുക്ക് വേണ്ടി എക്സ്ചേഞ്ചിൽ വ്യാപാരം നടത്തുവാനുള്ള ഇടനിലക്കാരാണ് ബ്രോക്കർമാർ. ഓഹരി മാത്രമല്ല മ്യൂച്വൽ ഫണ്ട്– ഇടിഎഫ് ഇടപാടുകളും ഇവർ വഴി നടത്താം. ട്രഡീഷനൽ ബ്രോക്കർ, ഡിസ്‌കൗണ്ട് ബ്രോക്കർ എന്നിങ്ങനെ നിലവിൽ രണ്ടുതരം ബ്രോക്കർമാരുണ്ട്. രണ്ടിന്റെയും സേവനങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ട്.

 

Share-Market

ട്രഡീഷനൽ ബ്രോക്കർ 

 

ഓഹരി ഇടപാടു നടത്താൻ സഹായിക്കുന്നതിനൊപ്പം ഓഹരി, ഇൻഷുറൻസ്, ബോണ്ട്, ഐപിഒകൾ എന്നിവയടക്കമുള്ള നിക്ഷേപ മാർഗനിർദേശങ്ങൾ, ഗവേഷണം, നികുതി ലാഭിക്കൽ ശുപാർശ, റിട്ടയർമെന്റ് പ്ലാനിങ് ഉപദേശം, അസറ്റ് മാനേജ്മെന്റ് സേവനങ്ങൾ, ഫോറെക്സ്, പെൻഷൻ ആസൂത്രണം എന്നിവയിൽ സഹായിക്കുന്നു. ഓരോ സേവനത്തിനും ഫീസ് ഈടാക്കുമെങ്കിലും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളിലും അവർ നിങ്ങളെ സഹായിക്കും. എന്നാൽ അവർ ഈടാക്കുന്ന കമ്മീഷനുകൾ ഡിസ്കൗണ്ട് ബ്രോക്കറേജുകളേക്കാൾ കൂടുതലാണ്. ഓഹരി ട്രേഡ് ചെയ്യുന്നവരാണെങ്കിൽ ഉപഭോക്താക്കളുടെ പോക്കറ്റ് കൂടുതൽ ചോർത്തും.

 

market-share

ഡിസ്‌കൗണ്ട് ബ്രോക്കർ

 

വളരെ കുറഞ്ഞ ബ്രോക്കറേജ് നിരക്കിൽ ഓഹരി വ്യാപാരവും നിക്ഷേപവും വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ബ്രോക്കർമാരാണിവർ. ഒപ്പം കുറഞ്ഞ ചിലവിൽ ഉപഭോക്താക്കൾക്ക് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്ട് മ്യൂച്വൽ ഫണ്ടുകളും ഇവരിൽ ചിലർ നൽകുന്നു. ഓഹരി വ്യാപാരത്തിന് സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം ഒരുക്കുന്ന അവർ ഫോൺ ചെയ്‌താൽ നമുക്ക് വേണ്ടി ഓഹരി വാങ്ങി നമ്മുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സേവനങ്ങളും നൽകുന്നുണ്ട്. 

പൂർണസേവന ബ്രോക്കർമാരേക്കാൾ വളരെ കുറഞ്ഞ ബ്രോക്കറേജ് ഫീസേ ഇവർ ഈടാക്കുന്നുള്ളൂ. എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ ഓൺലൈൻ ട്രേഡിംഗ് സോഫ്ട് വെയർ നൽകുന്നുമുണ്ട്.

 

പക്ഷേ നിങ്ങൾ ഓഹരി വിപണിയിൽ നടത്തുന്ന ഇടപാടുകൾ ഏതു രീതിയിലാണെന്നത് അടിസ്ഥാനമാക്കി വേണം ഇതിൽ ഏതു തരം ബ്രോക്കറെ വേണം എന്നു തീരുമാനിക്കാൻ. 

 

നിങ്ങൾക്ക് ആരാണ് നല്ലത്?

 

∙ ഓഹരി വ്യാപാരത്തെക്കുറിച്ച് കാര്യമായ പിടിപാടില്ലാത്ത, എന്നാൽ വ്യാപാരവും നിക്ഷേപവും നല്ല രീതിയിൽ നടത്തികൊണ്ടുപോകണമെന്ന് താൽപര്യമുള്ളവർക്കും പരമ്പരാഗത ട്രഡീഷനൽ ബ്രോക്കർമാരെ തെരെെഞ്ഞടുക്കാം.

∙ ഓഹരി വിപണിയെക്കുറിച്ച് അറിയുന്നവർക്കും ആരുടെയും സഹായം ഇല്ലാതെ മികച്ച ഓഹരി തെരഞ്ഞെടുക്കാം എന്നു വിശ്വാസമുള്ളവർക്കു ഡിസ്‌കൗണ്ട് ബ്രോക്കർമാരാണ് നല്ലത്.

∙ ഓഫീസുകൾ സന്ദർശിച്ചു നേരിട്ടു സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടണമെന്നുള്ളവർക്ക് ട്രഡീഷനൽ ബ്രോക്കർമാരാകും ഉചിതം. 

∙ ഡിസ്‌കൗണ്ട് ബ്രോക്കർമാർക്ക് പ്രാദേശിക ഓഫീസുകൾ ഉണ്ടാകില്ല. അവർക്ക് പ്രധാനമായും ഓൺലൈൻ സേവനങ്ങൾ മാത്രമാകും 

∙ ഇടയ്ക്കിടയ്ക്ക് സംശയനിവാരണവും ഉപദേശവും വേണമെന്നുള്ളവർക്ക് ട്രഡീഷനൽ ബ്രോക്കറെ തിരഞ്ഞെടുക്കാം. 

∙ ഡിസ്‌കൗണ്ട് ബ്രോക്കർമാർ ഇത്തരം ഉപദേശങ്ങളോ മാർഗ നിർദ്ദേശങ്ങളോ നൽകുകയില്ല. 

∙ ചിലർക്ക് സ്വന്തം പോർട്ടഫോളിയോ പൂർണമായും നടത്തികൊണ്ടുപോകാനുള്ള സേവനം ബ്രോക്കറിൽ നിന്നു ആവശ്യമായി വരാം. അവർക്ക് ട്രഡീഷനൽ ബ്രോക്കർമാരാണ് നല്ലത്.

∙ ഡിസ്‌കൗണ്ട് ബ്രോക്കർമാർ അത്തരം സേവനങ്ങൾ നൽകുകയില്ല. 

∙ ട്രഡീഷനൽ ബ്രോക്കർമാർ വ്യാപാരത്തിനനുസരിച്ച് ശതമാനക്കണക്കിൽ കമ്മീഷൻ ഈടാക്കും. അതിനാൽ ചാർജുകൾ ഉയർന്നതാണ്. 

∙ വ്യാപാരത്തിന്റെ വലുപ്പം കണക്കിലെടുക്കാതെ നിശ്ചിത തുക ഈടാക്കുന്നവരാണ് ഡിസ്‌കൗണ്ട് ബ്രോക്കർമാർ. സ്ഥിരമായി ദിവസവ്യാപാരം (ട്രേഡിങ്) ചെയ്യുന്നവർക്ക് ഡിസ്‌കൗണ്ട് ബ്രോക്കർമാരാകും നല്ലത്. കുറഞ്ഞ ചാർജേ ഇവർ ഓരോ വ്യാപാരത്തിനും ഈടാക്കുകയുള്ളൂ. 

∙ ഗവേഷണ റിപ്പോർട്ടുകൾ വേണമെന്നുള്ളവർക്ക് ട്രഡീഷനൽ ബ്രോക്കർമാരുടെ കൂടെ കൂടാം.ഡിസ്‌കൗണ്ട് ബ്രോക്കർമാർ അത് നൽകുന്നില്ല. 

∙ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രഡീഷനൽ ബ്രോക്കറെ സമീപിക്കുന്നതായിരിക്കും നല്ലത്. 

∙ ഡിസ്‌കൗണ്ട് ബ്രോക്കർമാരുടെ കാൽക്കുലേറ്ററുകൾ ഓൺലൈൻ ആയി ലഭ്യമാണ്. ഇതിലൂടെ ഓരോ ഇടപാടിന്റെയും സുതാര്യത ഉറപ്പു വരുത്താൻ കഴിയും.. സാധാരണഗതിയിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഉണ്ടാകില്ല. 

 

രണ്ടിടത്തും അക്കൗണ്ട് തുറക്കാം നേട്ടം കൂട്ടാം

 

ഒരാൾക്ക് ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നതിനു കുഴപ്പമില്ല. ഓഹരി ട്രേഡിങ് ചെയ്യാനറിയുന്നവർ അതിനായി ഡിസ്‌കൗണ്ട് ബ്രോക്കറുടെ അടുത്തും മറ്റു വിവിധ സേവനങ്ങൾ ലഭിക്കാനായി ഒരു പരമ്പരാഗത ബ്രോക്കറുടെ അടുത്തും അക്കൗണ്ടുകൾ തുറക്കാം.

 

English Summary: Which is better discount broker or full service broker?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com