5,028 കോടി രൂപ ഒന്നാം സമ്മാനമുള്ള ലോട്ടറിയോ? തീർന്നില്ല, നേട്ടം കൂടി കൊണ്ടേയിരിക്കും

HIGHLIGHTS
  • ടിക്കറ്റ് നമ്പർ വാങ്ങുന്നയാൾക്ക് തിരഞ്ഞെടുക്കാം
lottery-foreign1
SHARE

നികുതിക്ക് ശേഷം 5028 കോടി രൂപ അഥവാ 62.85 കോടി ഡോളർ -  2022 നവംബർ 9ലെ പവർബോൾ ലോട്ടറി ഒന്നാം സമ്മാനത്തുകയാണിത്.  കാലിഫോർണിയയിൽ നിന്നും വിറ്റ ഒരു ടിക്കറ്റിനാണ് ലോട്ടറി ചരിത്രത്തിലെതന്നെ ലോകറെക്കോർഡ് ആയ ഈ തുക കിട്ടിയത്. ഒന്നാം സമ്മാനം ഇത്ര വലുതെങ്കിൽ ടിക്കറ്റ് വിലയും വലുതായിരിക്കില്ലേ? നികുതിക്ക് ശേഷം 15.75 കോടി കിട്ടിയ നമ്മുടെ ഓണം ബംബറിനുതന്നെ 500 രൂപ വിലയുണ്ടായിരുന്നു. അഥവാ ടിക്കറ്റ് വിലയുടെ 3.15 ലക്ഷം മടങ്ങാണ് ഒന്നാം സമ്മാനമായ 15.75 കോടി രൂപ. ഇതേ തോതിലാണെങ്കിൽ പവർബോൾ ലോട്ടറിയുടെ വില 159,600 രൂപ അഥവാ 1995 ഡോളർ ആയിരിക്കും.  

പക്ഷേ വില 2 ഡോളർ മാത്രമാണ് അഥവാ 160 രൂപ! 

2 ഡോളർ ടിക്കറ്റ് നിരക്കിൽ നികുതിക്കു ശേഷമുള്ള ഒന്നാം സമ്മാനത്തുകയായ 62.85 കോടി ഡോളർ ലഭിക്കാൻ തന്നെ 31കോടിയിൽ കൂടുതൽ ടിക്കറ്റുകൾ വിൽക്കണം. മറ്റു സമ്മാനങ്ങളും ലോട്ടറി നടത്തിപ്പിനുള്ള ചെലവും കണക്കാക്കിയാൽ 62 കോടി ടിക്കറ്റുകളെങ്കിലും വിൽക്കണ്ടേ? എന്നാൽ 29.2 കോടി വ്യത്യസ്ത നമ്പറുകളിൽ മാത്രമാണ് ടിക്കറ്റ് ലഭിക്കുന്നത്. 2 ഡോളർ നിരക്കിൽ ഇത് 59 കോടി ഡോളർ മാത്രമേ ആകുന്നുള്ളൂ. എന്നാൽ ലാഭം കിട്ടാതെ  ആരെങ്കിലും ലോട്ടറി നടത്തുമോ? മൊത്തത്തിൽ കണക്കുകളൊന്നുംതന്നെ ശരിയാകുന്നില്ല!

kerala-lottery (2)

കേരള ലോട്ടറിയുടെ ഘടനവെച്ച് നോക്കുമ്പോഴാണ് പവർബോൾ കണക്കുകൾ ശരിയാകാത്തത്.  പവർബോൾ ലോട്ടറിക്ക്  രണ്ടു സവിശേഷതകളാണുള്ളത്.  ഒന്നാമത്, ടിക്കറ്റ് നമ്പർ വാങ്ങിക്കുന്നയാൾക്ക് തെരഞ്ഞെടുക്കാം. നമ്പർ പ്രിൻറ് ചെയ്ത ടിക്കറ്റുകളിൽ നിന്ന്  ഒരെണ്ണം തെരഞ്ഞെടുക്കുന്നത് പോലെയല്ല പവർബോൾ ടിക്കറ്റ് നമ്പർ തെരഞ്ഞെടുക്കുന്നത് -  നമ്മൾ ആവശ്യപ്പെടുന്ന നമ്പറോടുകൂടിയ ടിക്കറ്റാണ് പവർബോളിന്റേത്. 1 മുതൽ 69 വരെയുള്ള 5 സംഖ്യകളാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്.  അതിനുശേഷം 1 മുതൽ 26 വരെയുള്ള ഒരു പവർബോൾ സംഖ്യയും. ഉദാഹരണത്തിന് 1, 27, 12, 13, 68  എന്നിങ്ങനെ ആദ്യത്തെ 5 സംഖ്യകൾ;  ആറാമത്തെ പവർബോൾ സംഖ്യയായി 26. ഈ രീതിയിൽ പരമാവധി സംഖ്യകളുടെ എണ്ണം 29.2 കോടിയാണ്. 

അങ്ങനെയെങ്കിൽ ഇതേ നമ്പർ മറ്റൊരാൾ ആവശ്യപ്പെട്ടാലോ? ഒരാളല്ല എത്രപേർ ആവശ്യപ്പെട്ടാലും ഇതേ നമ്പറോടുകൂടിയ ടിക്കറ്റ് അവർക്കെല്ലാം കൊടുക്കും. അതായത് ഒരു നമ്പറിന് ഒരു ടിക്കറ്റ് മാത്രം എന്നത് പവർബോളിൽ ഇല്ല. അങ്ങനെയെങ്കിൽ ആരും ആവശ്യപ്പെടാത്ത ടിക്കറ്റ് നമ്പറുകൾ ഉണ്ടാവില്ലേ? തീർച്ചയായും. അത്തരമൊരു വിൽക്കപ്പെടാത്ത നമ്പറിനാണ് ഒന്നാം സമ്മാനം ലഭിക്കുന്നതെങ്കിലോ?  ഇവിടെയാണ് പവർബോളിന്റെ രണ്ടാമത്തെ സവിശേഷത -  ഇങ്ങനെ ആർക്കും ലഭിക്കാത്ത  ഒന്നാം സമ്മാനത്തുക അടുത്ത പവർബോൾ നറുക്കെടുപ്പ് സമ്മാനത്തുകയിലേക്ക് കൂട്ടിച്ചേർക്കുന്നു. അഥവാ പവർബോൾ ഒരു ലോട്ടറി പരമ്പരയാണ്; വ്യത്യസ്തമായ പല ലോട്ടറികളല്ല. പരമ്പര തുടങ്ങുന്നത് 20 ലക്ഷം ഡോളറിൽനിന്നാണ്. തിങ്കൾ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പ്. ഒരു വിജയിയെ കണ്ടെത്തുന്നതുവരെ ഒരു പരമ്പരയാണ്.  വിജയിയെ ലഭിച്ചുകഴിഞ്ഞാൽ അടുത്ത പരമ്പര 20 ലക്ഷം ഡോളർ സമ്മാനത്തോടുകൂടി വീണ്ടും തുടങ്ങും.  ഇനി ആദ്യത്തെ നറുക്കെടുപ്പിൽ തന്നെ വിജയിയെ കിട്ടിയാൽ അടുത്ത നറുക്കെടുപ്പ് പുതിയ പരമ്പരയുടെതാകും; 20 ലക്ഷം ഡോളർ സമ്മാനത്തോടുകൂടി.

സമ്മാനത്തുക വർധിക്കുന്നു

ഓഗസ്റ്റ് 3ലെ നറുക്കെടുപ്പിലാണ് ഇതിനു മുമ്പത്തെ വിജയി ഉണ്ടായത്. അതിനുശേഷമുള്ള 40 നറുക്കെടുപ്പുകളിൽ ആർക്കും സമ്മാനം ലഭിച്ചില്ല.  ഓഗസ്റ്റ് 5 ലെ 20 ലക്ഷം ഡോളർ സമ്മാനത്തുകയുടെ കൂടെ പിന്നീടുള്ള 40 നറുക്കെടുപ്പുകളിലെ ഒന്നാം സമ്മാനം കൂടി ചേർത്താണ് ഇപ്പോഴത്തെ ലോക റെക്കോർഡ് തുകയായത്. ഓരോ നറുക്കെടുപ്പിലും വർദ്ധിപ്പിക്കുന്ന സമ്മാനത്തുക നിശ്ചിതസംഖ്യയല്ല; അതിനു തൊട്ടുമുമ്പുള്ള ലോട്ടറി വില്പന വരുമാനത്തിൻറെ ഒരു നിശ്ചിത ശതമാനമാണ് വർദ്ധിപ്പിക്കുന്നത്. ഇനി വിജയിച്ച നമ്പറിൽ ഒന്നിൽകൂടുതൽ ടിക്കറ്റുകൾ ഉണ്ടെങ്കിലോ?  ഒന്നാം സമ്മാനം തുല്യമായി വീതിക്കുന്നു

എല്ലാ വിജയ ചേരുവകളും

ലോട്ടറി ആസക്തി സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ട എല്ലാ ചേരുവകളും പവർബോളിലുണ്ട്. നറുക്കെടുപ്പ് പരമ്പരയുടെ തുടക്കത്തിൽ വിജയി ഉണ്ടാകാതിരിക്കുക എന്നതാണ് ലോട്ടറി നടത്തിപ്പുകാരുടെ വിജയം. സമ്മാനത്തുക കുറഞ്ഞിരിക്കുമ്പോൾ ടിക്കറ്റ് വില്പന കുറവായിരിക്കും. പിന്നീട് സമ്മാനത്തുക വർധിച്ച്‌ വൻതുകയിലേക്ക് എത്തുമ്പോൾ വിൽപ്പന  കുതിച്ചുയരുന്നു. കേരള ലോട്ടറിയിൽ ഒരു നമ്പറിന് ഒരു ടിക്കറ്റ് ആണ്; അതിനാൽ വരുമാനവും നിശ്ചിതമാണ് - 67.50  ലക്ഷം ടിക്കറ്റ് പ്രിൻറ് ചെയ്ത് ഇക്കഴിഞ്ഞ ഓണം ബമ്പറിൽ നിന്ന് 500 രൂപ തോതിൽ കിട്ടാവുന്ന പരമാവധി വിറ്റുവരവ് 337.50  കോടിയാണ്.

ടിക്കറ്റുകളുടെ എണ്ണം എത്രയുമാകാം

എന്നാൽ പവർബോളിൽ ടിക്കറ്റ് നമ്പറുകളുടെ പരിധി 29.2 കോടിയാണെങ്കിലും ടിക്കറ്റുകളുടെ എണ്ണം എത്രയുമാകാം - ഒരേ നമ്പറിൽ എത്ര ടിക്കറ്റ് വേണമെങ്കിലും കൊടുക്കാവുന്നതുകൊണ്ട്. അതായത് കേരള ലോട്ടറിയിൽ വരുമാനം കിട്ടുന്നതിനും സമ്മാനം കൊടുക്കുന്നതിനും പരിധിയുണ്ട്;  എന്നാൽ പവർബോളിൽ വരുമാനം എത്ര വേണമെങ്കിൽ ഉയരാം. എന്നാൽ സമ്മാനമായി കൊടുക്കുന്നത് നിശ്ചിതതുകയാണ്. അതിനാൽ സമ്മാനത്തുക  ഭീമമാകുമ്പോൾ വരുമാനം പരിധിയില്ലാതെ വർധിച്ചേക്കാം; എന്നാൽ സമ്മാനത്തുകയിൽ അതേ തോതിലുള്ള വർദ്ധന ഉണ്ടാകുന്നില്ല!

600 രൂപ കൈവശമുള്ളൊരാൾക്ക് 500 രൂപയുടെ ഒരൊറ്റ ഓണം ബംബർ ടിക്കറ്റേ എടുക്കാൻ കഴിയുള്ളൂ. ടിക്കറ്റ് വില 50 രൂപ ആയിരുന്നെങ്കിലോ? 600 രൂപയ്ക്കുമുള്ള 12 ടിക്കറ്റ് വാങ്ങാമായിരുന്നു. അതായത് ടിക്കറ്റ് വില താരതമ്യേന ചെറുതാകുമ്പോൾ ചിന്തിക്കാതെ വാങ്ങാനുള്ള (impulsive buying) സാധ്യത കൂടുന്നു. ഇതുതന്നെയാണ് പവർബോളിന്റെ 2 ഡോളർ ടിക്കറ്റ് നിരക്കിന്റെ ലക്ഷ്യം - ടിക്കറ്റിന് 20 ഡോളർ ആയിരുന്നെങ്കിൽ ഒരു ടിക്കറ്റ് മാത്രം എടുക്കുന്നൊരാൾ 2 ഡോളർ വിലയുള്ള 15 ടിക്കറ്റെടുക്കാൻ സാധ്യതയുണ്ട്!

ഏതൊരു ടിക്കറ്റിനും ഒന്നാം സമ്മാന സാധ്യത

ഗണിതശാസ്ത്ര പ്രകാരം ഏതൊരു ടിക്കറ്റിനും ഒന്നാം സമ്മാനം ലഭിക്കാനുള്ള സാധ്യത തുല്യമാണ്.  എന്നാൽ ലോട്ടറി വാങ്ങുന്നവരിൽ ഭൂരിഭാഗവും ഭാഗ്യനമ്പറിൽ വിശ്വസിക്കുന്നവരാണ് -  ചില പ്രത്യേക നമ്പറുകൾക്ക്  മറ്റുള്ള നമ്പറുകളെക്കാൾ സമ്മാനം അടിക്കാനുള്ള സാധ്യത കൂടുതലുണ്ടെന്ന് വിശ്വസിക്കുന്നവർ.  ഈ തെറ്റിദ്ധാരണയെ പരമാവധി മുതലെടുക്കുന്നതാണ് പവർബോളിന്റെ സ്വയം തെരഞ്ഞെടുക്കാവുന്ന നമ്പറുകൾ!

പവർബോളിന്റെ ഒന്നാം സമ്മാനം ഒറ്റത്തവണയായോ 30 വാർഷിക തവണകളായോ വാങ്ങാം. 30 വാർഷിക തവണകളായി വാങ്ങുമ്പോഴുള്ള സമ്മാനത്തുകയാണ് 2.04  ബില്യൺ ഡോളർ അഥവാ 16320  കോടി രൂപ.  ഇതിന് ഓരോ വർഷവും നികുതിയുമടയ്ക്കണം. ഒറ്റത്തവണയായി വാങ്ങുമ്പോൾ ഇതിന്റെ പകുതിയോളമേ ലഭിക്കൂ - 7981 കോടി രൂപ.  ഇതിൽ നിന്ന് നികുതിയും കുറച്ചാൽ കിട്ടുന്നതാണ് 5028 കോടി രൂപ

വിജയിയുടെ വിവരങ്ങൾ രഹസ്യം

ഇക്കഴിഞ്ഞ ഓണം ബംബർ ലഭിച്ച അനൂപിന് പവർബോൾ ജാക്ക്പോട്ട് ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ നാട്ടുകാരുടെ ശല്യം നേരിടേണ്ടി വരുമായിരുന്നില്ല - അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ലോട്ടറി വിജയിയുടെ വിവരങ്ങൾ സ്വകാര്യമാക്കിവെക്കും!

പവർബോൾ വാങ്ങാവുന്നത് അമേരിക്കക്കാർക്ക് മാത്രമാണോ? ഏതു രാജ്യക്കാർക്കും പവർബോൾ ടിക്കറ്റ് വാങ്ങാം. ഇന്ത്യയിൽ താമസിക്കുന്ന ഒരിന്ത്യൻ പൗരന് വിദേശ ലോട്ടറിയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കാമോ?  ഫെമ നിയമപ്രകാരം വിദേശ ലോട്ടറി വഴിയുള്ള വിദേശനാണയ ഇടപാടുകൾ നിരോധിതമാണ്. എന്നാൽ ഫെമ നിയമം ബാധകമാകുന്നത് വിദേശത്തുനിന്നോ വിദേശ വെബ്സൈറ്റിൽ നിന്നോ വാങ്ങുന്ന ലോട്ടറികൾക്ക് മാത്രമാണെന്നും ഇന്ത്യൻ വെബ്സൈറ്റുകളിൽ നിന്ന് വാങ്ങുന്ന വിദേശ ലോട്ടറിയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും മറ്റൊരു വാദവുമുണ്ട്. ഇത് ശരിയാണെങ്കിൽ അടുത്ത ഏപ്രിലിൽ ഏതായിരിക്കും നിങ്ങൾ വാങ്ങുന്നത് - 500 രൂപയ്ക്ക് 15.75 കോടി ഒന്നാം സമ്മാനം ലഭിക്കുന്ന വിഷു ബംബറോ അതോ 300 രൂപയ്ക്ക് ആയിരക്കണക്കിന് കോടി രൂപ ഒന്നാം സമ്മാനമുള്ള പവർബോളോ?!

English Summary : Know More About Powerball

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS